ലങ്കേഷ് അഗസ്ത്യക്കോട് 
ഒരേ കാലഘട്ടത്തിൽ മലയാളസിനിമാ ഗാനരംഗത്തേക്ക് വരികയും അതിവേഗം പ്രശസ്തരാവുകയും ചെയ്തവരാണ് എസ്. ജാനകിയും, ജി. ദേവരാജനും…. രണ്ട് പേരുടേയും ക്രെഡിറ്റിൽ നിരവധി നിത്യസുന്ദരഗാനങ്ങൾ ഉണ്ടെങ്കിലും – ഇരുവരും ഒരുമിച്ച പാട്ടുകൾ അപൂർവ്വവും, അവയിൽ അധികവും അപ്രിയഗാനങ്ങളും ആണെന്ന് പറയേണ്ടി വരും… മാത്രമല്ല, “എസ്. ജാനകിക്ക് പാടാൻ അറിയില്ല, അവർ നല്ല പാട്ടുകാരിയല്ല “-എന്ന് തുടക്കത്തിൽ തന്നെ ജി. ദേവരാജൻ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു…! അതുകൊണ്ട് തന്നെ, താൻ സംഗീതസംവിധാനം നിർവ്വഹിച്ച സിനിമകളിൽ നിന്നെല്ലാം ജാനകിയെ ഒഴിവാക്കാനും, ഉൾപ്പെടുത്തിയാൽ തന്നെ ഏറ്റവും മോശപ്പെട്ട പാട്ടുകൾ നല്കാനും അദ്ദേഹം ശ്രമിച്ചിരുന്നു…

1962-ൽ പുറത്ത് വന്ന “ഭാര്യ” എന്ന പടത്തിലെ “കാണാൻ നല്ല കിനാവുകൾ കൊണ്ടൊരു കണ്ണാടി മാളിക തീർത്തു ഞാൻ.. ” എന്ന പാട്ടാണ് ദേവരാജ സംഗീതത്തിൽ എസ്. ജാനകി ആദ്യം പാടിയത്.. ആ പടത്തിലെ നല്ല പാട്ടുകളെല്ലാം പി. സുശീലയ്ക്ക് നൽകിയ അദ്ദേഹം, ചിത്രത്തിലെ ഏറ്റവും മോശപ്പെട്ട പാട്ടിനാണ് ജാനകിയുടെ ശബ്ദം ഉപയോഗിച്ചത്.. തന്റെ ആലാപന മികവ് കൊണ്ട് ജാനകി ആ ഗാനം ശ്രദ്ധേയമാക്കി എന്ന് പറയാം.. തുടർന്ന്, 1963-ൽ “കടലമ്മ” എന്ന പടത്തിൽ ജിക്കിയോടൊപ്പം “മുങ്ങി മുങ്ങി മുത്തുകൾ വാരും മുക്കുവനേ.. ” എന്ന ഗാനം ദേവരാജന് വേണ്ടി അവർ പാടി… ആ ഗാനത്തിലും ജിക്കിയുടെ ശബ്ദം പൊലിപ്പിച്ചു കാട്ടാൻ അദ്ദേഹം ശ്രദ്ധിച്ചു. ഇതേ പടത്തിൽ ജാനകി പാടിയ “തിരുവാതിരയുടെ നാട്ടീന്നോ.. “ശ്രദ്ധിക്കപ്പെട്ടതുമില്ല… തുടർന്ന് 1964-ൽ “അന്ന” എന്ന പടത്തിൽ പി. ലീലയ്ക്കൊപ്പം, “മനോരാജ്യത്തിനതിരില്ല… “എന്ന ഗാനം പാടിയെങ്കിലും അതും ആരും ശ്രദ്ധിച്ചില്ല.. ദേവരാജസംഗീതത്തിൽ യേശുദാസിനൊപ്പം ആദ്യയുഗ്മഗാനം ജാനകി പാടിയതും “അന്ന” യിൽ ആയിരുന്നു.. “അരുവി തേനരുവി അരുവിക്കരയിലെ ഇളവെയിൽ കായും.. “-എന്ന ആ ഗാനം മഹത്തരമായി കരുതാൻ കഴിയില്ല..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1965-ൽ “ഓടയിൽനിന്ന് ” എന്ന സിനിമയിലെ നിത്യഹരിതഗാനമായ “കാറ്റിൽ ഇളംകാറ്റിൽ.. ” പി. സുശീലയെ കൊണ്ട് പാടിച്ച ദേവരാജൻ, ആ പടത്തിലെ അത്രകണ്ട് ശ്രദ്ധിക്കാത്ത “മുറ്റത്തെ മുല്ലയിൽ മുത്തശ്ശി മുല്ലയിൽ.. ” എന്ന പാട്ടാണ് ജാനകിക്ക് നൽകിയത്.. തുടർന്ന് “ശകുന്തള” -യിലെ ഹിറ്റ് ഗാനങ്ങൾ എല്ലാം പി. സുശീലയ്ക്ക് നൽകിയ ശേഷം ആരും കേൾക്കാതെ പോയ “മന്ദാര തളിർ പോലെ മന്മഥശരം പോലെ.. ” എന്ന യേശുദാസിനൊപ്പമുള്ള യുഗ്മഗാനമാണ് അവർക്ക് നൽകിയത്..!!1965-ൽ “കളിയോടം” എന്ന പടത്തിൽ മൂന്ന് ഗാനങ്ങൾ ജാനകി പാടി(കളിയോടം കുഞ്ഞോളങ്ങളിൽ…, കാമുകി ഞാൻ…, ഓർമ്മകൾ തൻ ഇതളിലുറങ്ങും… ).. മൂന്നും മോശപ്പെട്ട പാട്ടുകൾ.. 1966-ൽ ”ജയിൽ”എന്ന പടത്തിൽ “കിള്ളിയാറ്റിനക്കരെയുള്ളൊരു വെള്ളിലഞ്ഞി കാട്.. ” എന്ന പാട്ട് പാടി.. ഇതേ വർഷം “കൺമണികൾ” എന്ന പടത്തിൽ എ. എം. രാജയ്ക്കൊപ്പം “ആറ്റിൻ മണപ്പുറത്തെ.. ” എന്ന പാട്ട് പാടിയെങ്കിലും – ആ ഗാനത്തിന്റെ യേശുദാസ് പാടിയ വേർഷൻ മാത്രമേ നമ്മൾ കേട്ടുള്ളൂ എന്നത് മറ്റൊരു ദുഃഖസത്യം.. 1966-ൽ “കളിത്തോഴൻ” എന്ന പടത്തിൽ പി. സുശീലയ്ക്ക് വേണ്ടി മാറ്റി വച്ചിരുന്ന പാട്ടുകൾക്ക് പകരക്കാരിയാകാനുള്ള നിമിത്തം ജാനകിക്കായിരുന്നു.. അതുകൊണ്ട് തന്നെ ദേവരാജൻ ചിട്ടപ്പെടുത്തിയ പാട്ടുകളിൽ എസ്. ജാനകി പാടിയ ഏറ്റവും മനോഹരമായ പാട്ട് ഇതിലെ : “മാനത്ത് വെണ്ണിലാവ് മയങ്ങിയല്ലോ.. “- ആണെന്ന് പറയാം.. ഈ പടത്തിലെ : ‘നന്ദന വനിയിൽ.., പ്രേമനാടകം.., മാളികമേലൊരു മണ്ണാത്തിക്കിളി.. ” തുടങ്ങിയ മൂന്ന് പാട്ടുകൾ കൂടി അവർ പാടി… !! അതേ വർഷം “കരുണ”, “തിലോത്തമ” -എന്നീ പടങ്ങളിലെയും ആരും ശ്രദ്ധിക്കാതെ പോയ പാട്ടുകൾ ജാനകിക്ക് കിട്ടി.. (ശ്രദ്ധിക്കപ്പെട്ട പാട്ടുകൾ പി. സുശീലയ്ക്കും കിട്ടി ) പി. ജയചന്ദ്രനുമൊത്ത് ദേവരാജസംഗീതത്തിൽ ജാനകി പാടിയ ആദ്യ യുഗ്മഗാനം “കല്യാണരാത്രിയിൽ” എന്ന പടത്തിലായിരുന്നു… (ഗാനം :അല്ലിയാമ്പൽ പൂവുകളെ.. ) – തുടർന്ന് പക്ഷിശാസ്ത്രക്കാരാ കുറവാ.. (റൗഡി ), ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ്.. (നാടൻപെണ്ണ് ), മാനസസാരസ മലർമഞ്ജരിയിൽ.. (പൂജ ), സുരഭീമാസം വന്നല്ലോ.. (ശീലാവതി ), ചീകി മിനുക്കിയ പീലിച്ചുരുൾ മുടി.. (കാവാലം ചുണ്ടൻ ), ഇന്നല്ലോ കാമദേവന് പൊന്നിൻ തിരുനാൾ.. (അവൾ ), തൂക്കണാം കുരുവിക്കൂട്.. (വിപ്ലവകാരികൾ), മണിവീണയാണ്‌ ഞാൻ… (നിശാഗന്ധി ), പ്രഭാതഗോപുര വാതിൽ തുറന്നു… (തുലാഭാരം )- തുടങ്ങിയ പാട്ടുകൾ ദേവരാജന്റെ ഈണത്തിൽ ജാനകി പാടി… ഭൂരിപക്ഷവും നമ്മൾ ഓർക്കുക പോലും ചെയ്യാത്ത പാട്ടുകൾ.. കൂട്ടത്തിൽ “ചിത്രമേള”യിൽ യേശുദാസിനൊപ്പം പാടിയ “മദം പൊട്ടി ചിരിക്കുന്ന മാനം.. ” പലരും ഓർക്കുന്നുണ്ട്.. എങ്കിലും, 1969-ൽ പി. മാധുരി കൂടി പിന്നണി ഗാനരംഗത്ത് വന്നതോടെ ദേവരാജൻ, എസ്.ജാനകിയെ പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു..ഈ അവഗണന എസ്.ജാനകിയും തിരിച്ചറിഞ്ഞതോടെ അവരും ദേവരാജനെതിരേ ചില പരസ്യപ്രസ്താവനകൾ നടത്തുകയുണ്ടായി.. അങ്ങനെ 1970-ൽ “മിണ്ടാപ്പെണ്ണിലെ” ഗാനത്തിനു ശേഷം ജി.ദേവരാജന് വേണ്ടി എസ്.ജാനകി പാടിയതേ ഇല്ല….!!!! “മിണ്ടാപ്പെണ്ണിന് ശേഷം മാഷിന്റെ പാട്ടുകൾ എസ്. ജാനകി പാടാഞ്ഞത് എന്തേ – എന്ന് ചോദിച്ച ആരാധകനോട്, പെണ്ണ് മിണ്ടാത്തതാ നല്ലത്, പാടാനറിയാത്ത പെണ്ണ് മിണ്ടിയിട്ട് എന്താ കാര്യം.. ” -എന്ന് ദേവരാജൻ പ്രതികരിച്ചതായും ഓർക്കുന്നു….1970 – ൽ ഉഷാഖന്നയുടെ ഈണത്തിൽ “മൂടൽമഞ്ഞിലെ”-മൂന്ന് സൂപ്പർ ഹിറ്റ് പാട്ടുകൾ പാടിയത് ജാനകിയായിരുന്നു.. (ഉണരൂ വേഗം നീ…, മാനസ മണിവേണുവിൽ.., മുകിലേ വിണ്ണിലായാലും.. )- ഈ പാട്ടുകളുടെ ജനസമ്മതി ജി.ദേവരാജനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു… 1970 ന് ശേഷം ഇരുവരും ഒന്നിച്ചില്ലെങ്കിലും രണ്ട് പേരും (സ്വയം) ഒരുപാട് ഹിറ്റുകൾ സൃഷ്ടിച്ചു.. ദേവരാജന്റെ പാട്ടുകൾ മധുരിയും, പി. സുശീലയും നിറയെ പാടി.. എം.എസ്. ബാബുരാജ്, കെ.രാഘവൻ, ശ്യാം, എം.ബി. ശ്രീനിവാസൻ, വി.ദക്ഷിണാമൂർത്തി എന്നിവരുടെ ഈണത്തിൽ ജാനകി അതിലേറെ പാടി… 1980 -കളുടെ ആരംഭത്തിൽ ദേവരാജപ്രഭ മങ്ങിയെങ്കിലും കെ.എസ്. ചിത്ര സജീവമായ 1986 വരെ എസ്. ജാനകി തരംഗങ്ങൾ സൃഷ്‌ടിച്ചുകൊണ്ടേ ഇരുന്നു….എങ്കിലും, ഇരുവരേയും ഓർക്കുമ്പോൾ ഒരു നഷ്ടബോധം : 1970-ന് ശേഷം അവർ ഒന്നിക്കാതിരുന്നതെന്തേ????
ദേവരാജസംഗീതത്തിൽ എസ്. ജാനകി പാടിയ അവസാനഗാനം ആ വിടപറച്ചിലിന് വേണ്ടി ഒരുക്കിയതാണെന്ന് തോന്നും :
“…പൂമണിമാരന്റെ കോവിലിൽ പൂജയ്ക്കെടുക്കാത്ത പൂവ് ഞാൻ.. അനുരാഗമോഹന വീണയിൽ
താളം പിഴച്ചൊരു ഗാനം ഞാൻ.. “(ചിത്രം :മിണ്ടാപ്പെണ്ണ് )