ആമസോണ്‍ മഴക്കാടുകളിലെ കാട്ടുതീ ആഗോളവിഷയമായി കണ്ട് അടിയന്തിരമായി ചര്‍ച്ചചെയ്യാന്‍ ജി-7 രാജ്യങ്ങള്‍ തീരുമാനിച്ചു. വനനശീകരണ നയങ്ങളില്‍ മാറ്റം വരുത്താന്‍ ബ്രസീലിന്മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താനാണ് വന്‍കിട രാജ്യങ്ങള്‍ തയ്യാറെടുക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണാണ് തുടക്കം മുതല്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. പിന്നാലെ ജര്‍മ്മനിയും അയര്‍ലാന്‍ഡും അതിനെ അനുകൂലിച്ചു. ആത്മഹത്യപാതയാണ് ബ്രസീല്‍ ഭരണകൂടം സ്വീകരിക്കുന്നതെന്നും അതില്‍നിന്ന് അവര്‍ പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.
ജയര്‍ ബോള്‍സോനാരോ സര്‍ക്കാര്‍ വനനശീകരണം തടയുന്നില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനും തെക്കേ അമേരിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള മെര്‍ക്കോസൂര്‍ സ്വതന്ത്ര വ്യാപാര കരാര്‍ അവസാനിപ്പിക്കുമെന്ന് ഫ്രാന്‍സും അയര്‍ലന്‍ഡും ഭീഷണിപ്പെടുത്തി. ബ്രസീലിനെതിരെ വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഫിന്‍ലന്‍ഡും ആരംഭിച്ചു. ബ്രസീലിയന്‍ ഗോമാംസം ഇറക്കുമതി നിരോധിക്കാനുള്ള സാധ്യത അടിയന്തിരമായി പരിശോധിക്കണമെന്ന് ഫിന്നിഷ് ധനമന്ത്രി മൈക ലിന്റില പറഞ്ഞു.
അതേസമയം ബോള്‍സോനാരോ സര്‍ക്കാരിനെതിരെ ബ്രസീലില്‍ വ്യാപകമായി സമരങ്ങള്‍ അരങ്ങേറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്പിലെ ബ്രസീലിയന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും മുന്നിലും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. ആമസോണ്‍ മഴക്കാടുകളില്‍ കന്നുകാലിക്കൃഷിക്കാരും മരംവെട്ടുമാഫിയയും മനഃപൂര്‍വം തീയിടുന്നുവെന്നും ഇതിന് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനോരോ പിന്തുണ നല്‍കുന്നുവെന്നുമാണ് പരിസ്ഥിതിസംഘടനകളുടെ ആരോപണം.
കഴിഞ്ഞ വര്‍ഷം ഉണ്ടായതിനേക്കാള്‍ 80 ശതമാനം അധികം ഇടങ്ങളിലേക്ക് ഇത്തവണ തീ വ്യാപിച്ചുവെന്നാണ് ഔദ്യോഗിക വിവരം. അസാധാരണ തീപിടിത്തം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ബ്രസീല്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ദ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച് (ഐഎന്‍പിഇ) പുറത്തുവിട്ടിരുന്നു.
ഈ വര്‍ഷം ഇതുവരെ 72,000 കാട്ടുതീകളാണ് ബ്രസീലില്‍ രേഖപ്പെടുത്തിയത് ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നതിനേക്കാള്‍ 84% വര്‍ധന. ‘നമ്മുടെ വീടാണ് കത്തിക്കൊണ്ടിരിക്കുന്നത്’ എന്ന് ഫ്രഞ്ച് പ്രസിഡന്റ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ മാക്രോണ്‍ ഈ വിഷയം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ പ്രതികരിച്ചത്.
ബ്രസീലിന്റെ പങ്കാളിത്തമില്ലാത്ത ജി 7 ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാനുള്ള ആഹ്വാനം ‘തെറ്റായ കൊളോണിയലിസ്റ്റ് മനോഭാവ’മാണെന്ന് ബോള്‍സോനാരോ നേരത്തെ പറഞ്ഞിരുന്നു. പോപ് ഗായിക മഡോണ. നടന്‍ ലിയനാര്‍ഡോ ഡി കാപ്രിയോ, ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയവര്‍ ഉള്‍പ്പെടെ വിഷയത്തില്‍ ആശങ്ക പങ്കുവച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Leave a Reply