വന്ദനത്തിലെ ഗാഥയെ അങ്ങനെയൊന്നും മലയാളികള്‍ മറക്കില്ല. 1969 ജൂലൈ 20ന് ഇംഗ്ലണ്ടിലെ ഓര്‍സെറ്റില്‍ കന്നട-ബ്രീട്ടിഷ് ദമ്പതികളുടെ മകളായി ജനിച്ച ഗിരിജ നൃത്തത്തിൽ അതീവ തല്‍പ്പരയായിരുന്നു. 1989ല്‍ മണിരത്‌നത്തിന്റെ ഗീതാഞ്ജലി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഗിരിജ ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വന്ദനത്തില്‍ മോഹന്‍ലാലിനൊപ്പം ഗിരിജ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

വന്ദനത്തിനുശേഷവും സിനിമയില്‍ മികച്ച അവസരങ്ങള്‍ തേടിയെത്തിയെങ്കിലും ഗിരിജ അതെല്ലാം വേണ്ടെന്ന് വച്ച് എഴുത്തിന്റെ ലോകത്തേക്ക് കടന്നു. പിന്നീട് ഗിരിജയെക്കുറിച്ച് അധികമൊന്നും പ്രേക്ഷകര്‍ കേട്ടില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ദേശീയ മാധ്യമത്തിന് പിടികൊടുത്തിരിക്കുകയാണ് ഗിരിജ. ഗീതാഞ്ജലിയുടെ തുടര്‍ച്ചയായി ഒരു സിനിമ തന്റെ സ്വപ്നങ്ങളിലേക്ക് കടന്ന് വരാറുണ്ടെന്ന് അഭിമുഖത്തിൽ ഗിരിജ പറഞ്ഞു. ഒപ്പം തന്റെ ആദ്യകാല നായകന്‍മാരിലൊരാളായ മോഹന്‍ലാലിനെക്കുറിച്ചും.

‘ഗീതാഞ്ജലിയുടെ തുടര്‍ച്ച എന്റെ സ്വപ്‌നങ്ങളില്‍ കടന്നുവരാറുണ്ട്. മണിരത്‌നം എന്ന സംവിധായകന് പകരക്കാരില്ല. അദ്ദേഹത്തിനെപ്പോലെ ആരുമില്ല. അദ്ദേഹം വാക്കുകളിലൂടെയല്ല നമ്മെ സിനിമ പഠിപ്പിക്കുന്നത്. ഗീതാഞ്ജലി എനിക്ക് വേറിട്ട ഒരനുഭവമായിരുന്നു.

‘വന്ദനത്തിലെ ഗാഥ എന്ന കഥാപാത്രം എനിക്ക് ലഭിച്ച ഒരു വലിയ ഭാഗ്യമായി കരുതുന്നു. മോഹന്‍ലാലിന്റെ വ്യക്തിത്വമാണ് എന്നെ ആകര്‍ഷിച്ചത്. അഭിനയമികവു മാത്രമല്ല ക്ഷമ, സത്യസന്ധത, അര്‍പ്പണബോധം ഇതെല്ലാം ലാലിന്റെ പ്രത്യേകതകളായിരുന്നു. ബുദ്ധിമാനായ നടനാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് എളുപ്പമായിരുന്നു’ എന്നും ഗിരിജ പറയുന്നു.