കേരളത്തിലെ ഗജവീരന്മാരില്‍ പ്രമുഖനും തലയെടുപ്പിലും അഴകിലും മറ്റേതൊരാനക്കും ഒപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ള ആനയാണ് ചിറക്കല്‍ കാളിദാസന്‍ എന്ന കാളി. തൃശൂര്‍ സ്വദേശി ചിറക്കല്‍ മധുവിന്റെ ആനയായ കാളിദാസന്‍ ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയുടെ
ഭാഗമായതോടെ ലോക പ്രശസ്തനും ആയി. ആനകള്‍ക്ക് വേണ്ടി മുന്‍പും ആല്‍ബം സോങ്സ് വന്നിട്ടുണ്ട് എങ്കിലും കാളിക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്ന ഈ ആല്‍ബം അതിന്റെ ദൃശ്യ സൗന്ദര്യം കൊണ്ടും പാട്ടിന്റെ മേളക്കൊഴുപ്പ് കൊണ്ടും മികച്ചു നില്‍ക്കുന്നു.
‘ഗജം’ എന്ന ടൈറ്റില്‍ തന്നെ അര്‍ഥവത്താക്കും വിധമാണിതിന്റെ അവതരണം. സോഷ്യല്‍ മീഡിയയിലും പ്രമുഖ ദൃശ്യ-പത്ര മാധ്യമങ്ങളിലും ഒരുപാട് ചര്‍ച്ച വിഷയമായ ഈ ആല്‍ബം ആനപ്രേമികളില്‍ പ്രമുഖനായ നടന്‍ പത്മശ്രീ ജയറാം തന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തിരുന്നു, ജയറാം നേരിട്ട് തന്നെ ഇതിന്റെ പ്രകാശനവും ചെയ്തിരുന്നു. നേരെത്തെ തന്നെ ഗജത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രമുഖ സംവിധായകന്‍ അരുണ്‍ ഗോപിയും (രാമലീലയുടെ സംവിധായകന്‍) റിലീസ് ചെയ്തിരുന്നു, തുടര്‍ന്ന് മേജര്‍ രവി, രഞ്ജിത് ശങ്കര്‍, യുവ
സംവിധായകന്‍ ഡിജോ ജോസ് (ക്വീനിന്റെ സംവിധായകന്‍) യുവ നടി അഥിതി രവി (ആദി, അലമാര, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങിയ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ അവതിരിപ്പിച്ചിട്ടുണ്ട്) എന്നിവരും ഗജം തങ്ങളുടെ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത് സപ്പോര്‍ട്ട് അറിയിച്ചു.
PGK ക്രിയേഷന്‍സിന്റെ ബാനറില്‍ ജിനോദ്കുമാറും വിപിന്‍ വിനയനും, കാളി ക്രിയേഷന് വേണ്ടി കാളി കണ്ണനും പിടിഡബ്യൂ മ്യൂസിക് സ്റ്റുഡിയോസും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. UK, CROYDON നിവാസിയും കടുത്ത ആനപ്രേമിയും ആണ് ജിനോദ് കുമാര്‍. ആന എന്ന് കേള്‍ക്കുമ്പോ അതിന്റെ തലയെടുപ്പാണ് ആദ്യം മനസ്സില്‍ വരുന്നത്, UK, CROYDON നിവാസിയും നിരവധി ആല്‍ബം സോങ്ങുകളിലൂടെ ശ്രദ്ധേയനുമായ സംഗീത സംവിധായകന്‍ പ്രശാന്ത് മോഹനന്‍ ആണ് ആനയോളം തലയെടുപ്പുള്ള ഈ ഗാനം സംഗീതം ചെയ്തിരിക്കുന്നത്, ഇന്ദ്രപാല.. എന്ന് തുടങ്ങുന്ന ഗാനത്തിലെ വരികള്‍ ഡെന്നിസ് ജോസഫ് എഴുതിയിരിക്കുന്നു, ഡെന്നീസും ഒരു യുകെ നിവാസി ആയിരുന്നു, ഇപ്പോള്‍ കോട്ടയത്തെ തന്റെ കുടുംബത്തോടൊപ്പം കഴിയുന്നു. ഈ ആല്‍ബത്തിന്റെ മറ്റൊരു പ്രത്യേകത ഇതിലെ ഗായകരാണ്, പ്രമുഖ പിന്നണി ഗായകരായ വിജയ് യേശുദാസും വിധു പ്രതാപും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
യുവ സംവിധായകന്‍ ശിവപ്രസാദ് കാശിമാങ്കുളം ആണ് ഇതിന്റെ ചിത്രീകരണം ചെയ്തിരിക്കുന്നത്, നിരവധി ഷോര്‍ട്ഫിലിമുകള്‍ മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ ഒക്കെ ചെയ്തു കഴിവ് തെളിയിച്ച ശിവപ്രസാദ് കാളിദാസനെ നായകനാക്കി ഗജം എന്ന ഈ ആല്‍ബം മനോഹരമായി സംവിധാനം ചെയ്തിരിക്കുന്നു. ന്യൂജനറേഷന്‍ സിനിമകളും ഷോര്‍ട്ഫിലിമുകളും മ്യൂസിക്കല്‍ ആല്‍ബങ്ങളും ഒക്കെ കൈകാര്യം ചെയ്തിട്ടുള്ള വളരെ പരിചയ സമ്പന്നന്‍ ആയ ശ്രീകാന്ത് ഈശ്വര്‍ ആണ് ഇതിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സുബിത് ബാബു, ബദ്രി കൃഷ്ണ, വിമല്‍, ആല്‍ബിന്‍, പ്രിയങ്ക തുടങ്ങി നിരവധി പേര്‍ ഇതില്‍ അഭിനയിച്ചിരിക്കുന്നു. തിരുവനന്തപുരം ലിവേര മ്യൂസിക്സിലെ റിജോ – ജോര്‍ജ് ആണ് സോങ് പ്രോഗ്രാമേഴ്സ്, സൗണ്ട് മിക്‌സിങ് ജോര്‍ജും, മാസ്റ്ററിങ് ഹരിശങ്കറും നിര്‍വഹിച്ചിരിക്കുന്നു. നേരത്തെ തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ഗജത്തിലെ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് സനില്‍ സത്യദേവ് ആണ്. എഡിറ്റിംഗ് സാജന്‍ പീറ്റര്‍, കളറിംഗ് ശ്രീകുമാര്‍ വാര്യര്‍.
Leave a Reply