ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ എച്ച്.ഐ.വി വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ആദ്യ കുത്തിവയ്പിന് അംഗീകാരം ലഭിച്ചു. ഇപ്പോൾ സ്കോട്ട് ലാൻഡിൽ മാത്രമായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നത്. കബോടഗ്രാവിർ എന്ന മരുന്ന് രണ്ട് മാസത്തിലൊരിക്കൽ അഥവാ വർഷത്തിൽ ആറ് പ്രാവശ്യം നൽകേണ്ടതാണ്. ദിനംപ്രതി ഗുളികകൾ കഴിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഈ കുത്തിവയ്പ് അനുഗ്രഹപ്രദമാണ് എന്നാണ് ആരോഗ്യവിദഗ്തർ വിലയിരുത്തുന്നത്.
2030ഓടെ പുതിയ എച്ച്.ഐ.വി കേസുകൾ ബ്രിട്ടനിൽ അവസാനിപ്പിക്കാനുള്ള ലക്ഷ്യത്തോടെ മുന്നോട്ടുപോകുമ്പോൾ ഈ കുത്തിവയ്പ് വലിയ പ്രതീക്ഷയാകുമെന്നാണ് വിദഗ്ധർ പറയുന്നത്. , “ജീവൻ രക്ഷിക്കുന്ന ഈ നവീന ചികിത്സാ മാർഗം നടപ്പിലാക്കുക എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ഗുളികകൾ എടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നവർക്കായി, പ്രത്യേകിച്ച് അഭയകേന്ദ്രങ്ങളിലോ ദുരിതാവസ്ഥകളിലോ ഉള്ളവർക്ക്, ഇത് വലിയ ആശ്വാസമായിരിക്കുമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.
എൻഎച്ച്എസിന്റെ കണക്കുകൾ പ്രകാരം ഏകദേശം ആയിരത്തോളം ആളുകൾക്ക് ഈ കുത്തിവയ്പ് ലഭ്യമാക്കാനാണ് ആദ്യഘട്ടത്തിൽ പദ്ധതി തയ്യാറാക്കുന്നത്. ഓരോരുത്തർക്കും വർഷംതോറും ഏകദേശം £7,000 ചെലവാകുന്ന ഈ ചികിത്സയ്ക്ക് ഉല്പാദിപ്പിക്കുന്ന കമ്പനിയിൽ നിന്ന് പ്രത്യേക ഇളവാണ് എൻ എച്ച് എസ് നേടിയത്. പ്രഥമ ഘട്ടത്തിൽ എൻ എച്ച് എസ് നിയന്ത്രിക്കുന്ന ലൈംഗികാരോഗ്യകേന്ദ്രങ്ങളിലൂടെ ഈ കുത്തിവയ്പ് ലഭ്യമാക്കാനാണ് തീരുമാനം. രോഗ നിർണ്ണയത്തിനും ചികിത്സയ്ക്കും നീണ്ട കാത്തിരിപ്പുകൾ നേരിടുന്നവർക്ക് വേഗത്തിലുള്ള ചികിത്സ നടപ്പാക്കലാണ് ലക്ഷ്യം വയ്ക്കുന്നത് എന്ന് ട്രസ്റ്റ് പ്രതിനിധികൾ അറിയിച്ചു.
Leave a Reply