പ്രൊഫ . ഫിലിപ്പ് എൻ തോമസ് , മഹാത്മാ ഗാന്ധി സന്ദർശന സ്മാരക ട്രസ്റ്റ് പ്രസിഡന്റ്
ചരിത്രകാരനും സാമൂഹിക ശാസ്ത്രജ്ഞനുമായ യുവൽ നോവ ഹരാരി രചിച്ച “21 Lessons for the 21 century” എന്ന ഗ്രന്ഥത്തിൽ ഇന്നത്തെ സമൂഹം നേരിടുന്ന പ്രതിസന്ധി വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇരുപതാംനൂറ്റാണ്ട് മൂന്ന് വലിയ പ്രത്യയ ശാസ്ത്രങ്ങൾക്ക് വേദിയായിരുന്നു. ഫാസിസം, കമ്മ്യൂണിസം, ലിബറലിസം. ഫാസിസം ആദ്യം തന്നെ ചരിത്രത്തിന്റെ ഭാഗമായി, കമ്മ്യൂണിസം 1990-കളുടെ ആരംഭത്തിൽ തിരോധാനം ചെയ്തു. ലിബറലിസം ആഗോളവൽക്കരണത്തിലൂടെ അതിന്റെ ഉച്ചകോടിയിൽ എത്തി 21 ആം നൂറ്റാണ്ടിലേക്ക് കടന്നു. പക്ഷേ ഇന്ന് ലിബറലിസം ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. ലിബറലിസത്തിന്റെ തന്നെ ഉൽപ്പന്നങ്ങളായ ഇൻഫർമേഷൻ ടെക്നോളജിയും ബയോടെക്നോളജി യും ചേർന്ന് രൂപപ്പെടുത്തിയ വിപ്ലവാത്മക മുന്നേറ്റത്തിൽ ആഗോളവത്കരിക്കപ്പെട്ട ലിബറലിസം ഏറ്റവും വലിയ വൈതരണിയിൽ എത്തിപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ചിന്തകളെ നിരാകരിച്ച് അനേകായിരങ്ങളെ തൊഴിൽരഹിതരാക്കി പൂർണ്ണ അധികാരം കൈയാളുന്ന ഡിജിറ്റൽ ഡിക്റ്റേറ്റർഷിപ്പിന് വഴി മാറുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. ബഹുഭൂരിപക്ഷം ചൂഷണത്തിന് വിധേയരാകുന്നതല്ല മറിച്ച് സംഗതരല്ലാതെ (irrelavent) ആകുമെന്ന് അദ്ദേഹം വിഭാവനം ചെയ്യുന്നു. സമ്പദ് വ്യവസ്ഥയിലെ ഇപ്പോഴത്തെ മാന്ദ്യം തൊഴിൽരംഗത്തെ അതിഭീമമായ കുറവ്, കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭങ്ങൾ സാംസ്കാരിക സംഘടനകൾ, തീവ്രവാദം സൂക്ഷ്മതലത്തിൽ ബന്ധങ്ങളുടെ തകർച്ച, യാന്ത്രികത, വ്യക്തികളുടെ ആത്മഹത്യ തുടങ്ങിയവയെല്ലാം മുകളിൽ വിവരിച്ച ഭയാശങ്കകൾ സാധൂകരിക്കുന്നതാണ്.
ചുരുക്കത്തിൽ ചരിത്രത്തിന്റെ പ്രയാണം പ്രകാശമില്ലാത്ത വിദൂര കാഴ്ചയില്ലാത്ത അകത്തളങ്ങളിൽ എത്തിപ്പെട്ടിരിക്കുന്നു. ഇവിടെയാണ് ഗാന്ധി ദർശനത്തിന്റെ കാലിക പ്രസക്തി നമ്മുടെ മുൻപിൽ ചർച്ചയാകുന്നത്
ഗാന്ധിജി എന്ന പ്രകാശഗോപുരം.
ഹറാരിയുടെ വിശകലനത്തിൽ മുൻപിൽ മന്ദസ്മിതനായി കടന്നുവരുന്നത് ഗാന്ധിജി എന്ന പ്രകാശഗോപുരമാണ് അഥവാ ഗാന്ധിദർശനം ആണ്. ചരിത്രത്തിലെ അപൂർവ്വ പ്രതിഭാസമാണ് ആളത്തവും ദർശനവും വേർതിരിക്കാനാവാത്ത വിധം സംഭവിക്കുന്ന ലയം. ഗാന്ധിജിയിൽ ഈ ലയം പൂർണമാണ്. അർദ്ധനഗ്നനായി സഹപ്രവർത്തകരുടെ തോളിൽ കൈകളിട്ട് ചിരിച്ചുകൊണ്ട് മുമ്പോട്ട് നടക്കുന്ന ഗാന്ധിജിയുടെ രൂപം, ഹരാരിയുടെ മുന്നറിയിപ്പുകൾക്കിടയിലൂടെ വെളിച്ചവും ദൂരകാഴ്ചയും നൽകുന്നു. ഗാന്ധി ദർശനം ആണ്, അല്ല ഗാന്ധിജി തന്നെയാണ് നമ്മുടെ പ്രതീക്ഷ.
ചർക്ക എന്ന പ്രതീകം.
ലിബറലിസത്തിന്റെ ഉൽപാദന വിതരണ അധീശത്വത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധിജിയുടെ ചർക്കയുടെ പ്രസക്തി ഏറെയാണ്. ഉത്പാദനവും ,വിപണനവും ,ഉപയോഗവും എല്ലാം പങ്കാളിത്തത്തിന്റെ മണ്ണിൽ മാത്രമേ സ്ഥായിഭാവമുള്ളതാകു എന്ന് ഗാന്ധിജി വിശ്വസിച്ചു. അതിന്റെ പ്രതീകമായിരുന്നു ചർക്ക. പരുത്തി കൃഷി ചെയ്യുന്നവർ, പഞ്ഞി ശേഖരിക്കുന്നവർ, തിരി ആക്കുന്നവർ നൂൽ നൂൽക്കുന്നവർ , വസ്ത്രത്തിന് നിറം നൽകുന്നവർ, വിപണനം ചെയ്യുന്നവർ, ഉപഭോക്താക്കൾ എല്ലാവരും ചേർന്ന ശൃംഖല വലുതാണ്. അതിലെ ഓരോ കണ്ണിയും തുല്യ പ്രാധാന്യമുള്ളതാണ് . ഒരിടത്തും അമിതലാഭം ഇല്ല. എല്ലാവർക്കും എല്ലാതലങ്ങളിലും ബഹുമാനവും, അംഗീകാരവും പങ്കാളിത്ത സംവിധാനത്തിൽ അന്തർലീനമാണ്. പങ്കാളിത്തം നിഷേധിച്ചുള്ള സംവിധാനം വിഭവങ്ങളുടെയും ,അധികാരത്തിന്റെയും കേന്ദ്രീകരണത്തിലേക്ക് നയിക്കും. ഫലമോ ചൂഷണവും അന്തരവും. ചുരുക്കത്തിൽ ഹരാരിയുടെ തൊഴിൽ രാഹിത്യവും ഡിജിറ്റൽ ഡിക്ടേറ്റർ ഷിപ്പിനും പരിഹാരം പങ്കാളിത്തത്തിന്റെ ഗാന്ധിദർശനം തന്നെ. ചർക്ക എന്ന പ്രതീകത്തിന്റെ പുനരാവിഷ്കരണം ഇന്ന് എങ്ങനെ സാധിക്കും എന്നുള്ളത് തീർച്ചയായും ഗൗരവമായി പരിചിന്തനം ചെയ്ത് രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.
ചാക്രിക പ്രക്രിയ
പ്രകൃതിവിഭവങ്ങളുടെ രേഖീയ ചൂഷണം (leniar exploitation) ഗാന്ധിദർശനത്തിലില്ല, ഇത് ചാക്രിക പ്രക്രിയയാണ്. പ്രകൃതിയിൽ നിന്നും സ്വീകരിക്കുന്ന വിഭവങ്ങളുടെ ഒരു പങ്ക് എങ്കിലും പ്രകൃതിക്ക് തിരിച്ചു കൊടുക്കുവാൻ ഉപഭോക്താവ് ബാധ്യസ്ഥനാണ്. ചാക്രിക പ്രക്രിയയുടെ ഏറ്റവും വലിയ പ്രതീകം ഗോബർ ഗ്യാസ് പ്ലാൻഡ് ആണ്. പ്രകൃതിയിൽ നിന്ന് പുല്ല് , വൈക്കോൽ , സസ്യ അവശിഷ്ടങ്ങൾ , വെള്ളം തുടങ്ങിയവ ആഹാരമായി സ്വീകരിക്കുന്ന കന്നുകാലികൾ പാൽ , തൈര് തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾകൊപ്പം വളമായി ചാണകവും നൽകുന്നു. ചാണകം ഉപയോഗിച്ചുള്ള ഗോബർ ഗ്യാസ് പ്ലാന്റ് പാചകത്തിന് ഗ്യാസ് ലഭ്യമാക്കുന്നു. അതോടൊപ്പം പുറംതള്ളുന്ന അവശിഷ്ടം പ്രകൃതിയിലേക്ക് സസ്യജാലങ്ങളുടെ വളർച്ചയ്ക്ക് വളമായി മാറ്റപ്പെടുന്നു. പ്രകൃതിയെ സമ്പുഷ്ടമാക്കുന്നു. പ്രകൃതിയുടെ മേലുള്ള ചൂഷണം വിഭവങ്ങൾ കുറയ്ക്കുകയും അന്തിമമായി ഇല്ലാതാക്കുകയും ചെയ്യും. മാത്രവുമല്ല അവശിഷ്ടങ്ങൾ മലിനീകരണത്തിന് ഉറവിടം ആകുന്നു. വിഭവശോഷണം മലിനീകരണവും മുഖമുദ്രകൾ ആയുള്ള രേഖീയ വികാസന പ്രക്രിയ തിരുത്തേണ്ടത് നിലനിൽപ്പിനു കൂടിയേതീരൂ. ഗാന്ധി ദർശനം അതാണ്. വ്യവസായങ്ങളുടെ പങ്കാളിത്ത ചാക്രിക സ്വഭാവം വീണ്ടെടുക്കണം എന്ന് ഗാന്ധിമാർഗ്ഗം അനുശാസിക്കുന്നു.
സൗഹൃദ വിപണി
വിപണിയിലെ മത്സരമാണ് ലിബറലിസത്തിന്റെ അടിസ്ഥാനതത്വം. മത്സരത്തിലൂടെ ലാഭം, ലാഭം വീണ്ടും വിപണിയിലെത്തുന്നു. ചുരുക്കത്തിൽ ലാഭം കൊയ്യുന്നവരുടെ പിടിയിൽ വിപണി അമരും. സ്വതന്ത്ര കമ്പോളം എന്നത് മിഥ്യ സങ്കല്പം ആയി മാറുന്നു . വിപണി കയ്യടക്കുന്ന വൻകിടക്കാർ വിഭവങ്ങളുടെയും അധികാരത്തിന്റെയും കടിഞ്ഞാൺ പിടിക്കും. വിപണിയിൽ ഇടപെടുന്നതിന് ഉപഭോക്താവിന് ശേഷി ഇല്ലാതെ വരുമ്പോൾ വിപണി തകർച്ചയിലേക്ക് മാറും. ഇപ്പോഴത്തെ മാന്ദ്യം അതാണ്. ഗാന്ധിദർശനത്തിൽ ലാഭം അടിസ്ഥാനപ്രമാണം അല്ല. മത്സരം ലാഭത്തിനല്ല ഗുണമേന്മക്ക് വേണ്ടിയുള്ള സൗഹൃദ ഇടപെടൽ മാത്രമാണ്. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും വേദികളാണ്.
ഗ്രാമസ്വരാജ് / ആഗോളഗ്രാമം.
ഗാന്ധിദർശനം ആണല്ലോ സ്വാശ്രയ ഗ്രാമങ്ങൾ. നീതിയുടെയും, സുസ്ഥിരത യുടെയും ചെറിയ സാമൂഹ്യ ഇടങ്ങൾ ആകണം ഓരോ ഗ്രാമവും എന്ന് ഗാന്ധിജി വിഭാവനം ചെയ്തു. വിഭവങ്ങളുടെ സ്വഭാവവും ലഭ്യതയും അനുസരിച്ചാവണം ഓരോ ഗ്രാമവും ഗ്രാമസ്വരാജ് ആയി രൂപപ്പെടേണ്ടത്. ഉല്പാദക രെയും ഉൽപ്പന്നങ്ങൾ ആയും അടിസ്ഥാനപ്പെടുത്തിയുള്ള വേർതിരിവോ മേധാവിത്വമോ ഗാന്ധിദർശനത്തിലില്ല.
വാർത്താ വിനിമയത്തിലൂടെയും വിവിധ യാത്രാമാർഗങ്ങളിൽ കൂടിയും ലോകം ഒരു ഗ്രാമമായി മാറിയിട്ടുണ്ട് (ഗ്ലോബൽ വില്ലേജ് ). ഗാന്ധി ദർശനം ആഗോള ഗ്രാമത്തെ ഒരു ഗ്രാമസ്വരാജായി മാറ്റുന്നതിന് കെൽപുള്ളതാണ്. അത് സാധിക്കുമോ? എന്തായാലും ഹരാരിയുടെ പ്രതീക്ഷ യറ്റ ഇടം ഗാന്ധിജിയുടെ പ്രസക്തി വലുതാക്കുന്നു.
പ്രൊഫ . ഫിലിപ്പ് എൻ തോമസ്
ലേഖകൻ മഹാത്മാ ഗാന്ധി സന്ദർശന സ്മാരക ട്രസ്റ്റ് ന്റെ പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. തിരുവല്ല മാർത്തോമാ കോളേജിൽ പ്രൊഫസറായും കേരള കൗൺസിൽ ഓഫ് ചർചിന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
Leave a Reply