ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മഞ്ഞു പുതച്ചുകിടക്കുന്ന വീടുകളും പാതകളും കണ്ടുകൊണ്ടാവും ക്രിസ്മസ് നാളിൽ ബ്രിട്ടൻ ഉണരുക. ക്രിസ്മസ് ദിനത്തിൽ താപനില താഴ്ന്നു തന്നെ നിൽക്കുമെന്നും മഞ്ഞുവീഴ്ചയും മൂടൽമഞ്ഞും ഉണ്ടാകുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. വർഷത്തിലെ അവസാന ആഴ്ച തണുപ്പ് കൂടും. ക്രിസ്മസ് രാവിൽ, ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും തെക്കൻ പ്രദേശങ്ങളിൽ തണുപ്പ് ഉയരുമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും അവധിക്കാലം ആഘോഷിക്കുന്ന വേളയിലാണ് പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് മഞ്ഞുവീഴ്ചയും മൂടൽമഞ്ഞും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

തണുത്തുറയുന്ന ക്രിസ്മസിന് മുമ്പ് രാജ്യത്ത് താപനില ഉയരുകയും. താപനില 14° സെൽഷ്യസിലേക്ക് വരെ ഉയരുമെന്നാണ് പ്രവചനം. ഡിസംബറിലെ ശരാശരിയായ 10° സെൽഷ്യസിനേക്കാൾ താപനില ഉയരുന്നതോടെ പ്രസന്നമായ കാലാവസ്ഥ ലഭിക്കും. സ്‌പെയിനിൽ നിന്നും ബിസ്‌കേ ഉൾക്കടലിൽ നിന്നും വീശുന്ന ഉഷ്ണമേഖലാ വായുവാണ് താപനില ഉയരാനുള്ള പ്രധാന കാരണം. എന്നാൽ സ് കോട്ട്ലൻഡിലെ വടക്കൻ ദ്വീപുകളിൽ 90 മൈൽ വേഗത്തിൽ കാറ്റ് വീശും.

സ് കോട്ട്ലൻഡിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ നാളെ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഫെറി സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബ്രിട്ടന്റെ പല പ്രദേശങ്ങളിലും ദുരിതം വിതച്ചാണ് ബാറാ ചുഴലിക്കാറ്റ് കടന്നുപോയത്. ഒട്ടേറെ വീടുകളിൽ ഇതുവരെയും വൈദ്യുതി പുനസ്ഥാപിച്ചിട്ടില്ല.