ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് കെ.ബി. ഗണേഷ്കുമാർ എം.എൽ.എ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. റിമി ടോമി, വിജയ് യേശുദാസ്, ലാൽ എന്നിവരാണ് ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്ന മാന്യന്മാർ എന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ പരസ്യങ്ങളിൽ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യമാണ്. ഷാരൂഖ് ഖാൻ ഇന്ത്യയിലെ വലിയ നടനാണ്. പൈസയില്ലാത്ത ആളൊന്നുമല്ല. വിരാട് കോഹ്ലി അഞ്ചുപൈസയില്ലാത്ത ഭിക്ഷക്കാരനല്ല. വിജയ് യേശുദാസിനേയും റിമി ടോമിയേയുമൊക്കെ സ്ഥിരം ഇത്തരം പരസ്യങ്ങളിൽ കാണാം. ഇത്തരം നാണംകെട്ട പരസ്യങ്ങളിൽ നിന്നും ജനദ്രോഹ, രാജ്യദ്രോഹ പരസ്യങ്ങളിൽ നിന്ന് മാന്യന്മാർ പിന്മാറണം. താരസംഘടനയും ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നവരെ നിയമംകൊണ്ട് നിയന്ത്രിക്കാനാവില്ലെന്ന് മന്ത്രി വി.എൻ. വാസവൻ മറുപടി പറഞ്ഞു. അഭിനയിക്കുന്നവരുടെ മനസിലാണ് സാംസ്കാരിക വിപ്ലവം വരേണ്ടത്. അങ്ങനെ ഉണ്ടായെങ്കിലേ ഇതിനൊരു മാറ്റമുണ്ടാവൂ. താരങ്ങളോട് ഇക്കാര്യം നമുക്കെല്ലാവരും ചേർന്ന് അഭ്യർത്ഥിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Leave a Reply