നടിയെ ആക്രമിച്ച കേസില്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ്കുമാർ എം.എൽ.എയുടെ പത്തനാപുരത്തെ വസതിയില്‍ പൊലീസ് സൈബര്‍ വിഭാഗം പരിശോധന നടത്തി.
വൈകീട്ട് 4.30 ഓടെയായിരുന്നു പരിശോധന. കൊട്ടാരക്കര കോട്ടത്തലയിലെ പ്രദീപിെൻറ വസതിയിലും ഇതോടൊപ്പം പരിശോധന നടന്നു. പ്രദീപ് ഉപയോഗിച്ചിരുന്ന ഫോണ്‍, ലാപ്ടോപ്, ഓഫീസ് കമ്പ്യൂട്ടര്‍, മറ്റ് രേഖകള്‍ എന്നിവ കണ്ടെത്താനും പരിശോധിക്കാനുമായിരുന്നു റെയ്ഡ്.
പത്തനാപുരം സി.ഐ. എന്‍. സുരേഷ്കുമാറിൻെറ നേതൃത്വത്തിൽ രണ്ടര മണിക്കൂര്‍ നീണ്ട് നിന്ന പരിശോധന ഏഴ് മണിയോടെ അവസാനിച്ചു. സിം കാര്‍ഡുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും അടക്കം പരിശോധിച്ചെന്നും സംശയിക്കുന്ന രീതിയിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സി. ഐ പറഞ്ഞു.
എസ്.ഐമാരായ സുബിന്‍ തങ്കച്ചന്‍, ഷിബു, അംബിക, റൂറല്‍ സൈബര്‍ വിഭാഗം ഉദ്യോഗസ്ഥനായ ജഗദ്ദീപ് എന്നിവര്‍ നേതൃത്വം നല്‍കി. ബേക്കല്‍ പൊലീസിൻെറ നേതൃത്വത്തിലായിരുന്നു കൊട്ടാരക്കയിലെ വീട്ടിലെ പരിശോധന.
റെയ്ഡ് നടക്കുമ്പോള്‍ ഗണേഷേ് കുമാര്‍ വീട്ടില്‍ ഇല്ലായിരുന്നു. റെയ്ഡിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാറിന്‍റെ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാറിനെ കാസർകോട് ബേക്കൽ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ബേക്കൽ സ്വദേശി വിപിൻ ലാലിനെ ബന്ധുവഴിയും ഫോൺ വിളിച്ചും സ്വാധീനിക്കാൻ ശ്രമിച്ചെന്നും കത്തുകളയച്ചു ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലായിരുന്നു അറസ്റ്റ്.
Leave a Reply