താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിന് തുറന്ന കത്തെഴുതി ഗണേഷ് കുമാർ എംഎൽഎ. ഇടവേള ബാബുവിന്റെ പരാമർശത്തിലും വിജയ് ബാബുവിനെതിരെ നടപടി ഇല്ലാത്തതിലും മറുപടി ആവശ്യപ്പെട്ട് ഒമ്പത് ചോദ്യങ്ങളുമായാണ് ഗണേഷ് കുമാറിന്റെ കത്ത്. കുറ്റാരോപിതനായ ദിലീപിനോട് നേരത്തെ സ്വീകരിച്ച സമീപനം വ്യക്തമായി മുന്നിലുണ്ടായിട്ടും സമാനമായ കുറ്റം ആരോപിക്കപ്പെട്ട വിജയ് ബാബുവിനെതിരെ തത്തുല്യമായ നടപടി എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്ന് കത്തിൽ ചോദിക്കുന്നു.
അപകടത്തിൽ പരുക്കേറ്റ് ഏറെക്കാലമായി ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ പേര് അനവസരത്തിൽ വലിച്ചിട്ട് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ച ഇടവേള ബാബുവിന്റെ പ്രവൃത്തിയെ ‘അമ്മ’യും മോഹൻലാലും അപലപിക്കുമോ? ക്ലബ് പരാമർശം നടത്തിയ ഇടവേള ബാബു സംഘടനയുടെ സ്‌ക്രട്ടറിയായി തുടരാൻ യോഗ്യനാണോയെന്ന് പരിശോധിക്കണമെന്നും കത്തിൽ പറയുന്നു.
‘അമ്മ’ അംഗങ്ങളുടെ അംഗത്വഫീസ് രണ്ടുലക്ഷത്തി അയ്യായിരമായി വർധിപ്പിച്ച നടപടിയെയും വിമർശിച്ചു കൊണ്ടാണ് കത്ത്. ‘അമ്മ’ ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമാണോ അംഗത്വഫീസ് വർധനയെന്ന് സംശയമുണ്ടെന്നും ഗണേഷ് കുമാർ പറയുന്നു. മുൻപ് അയച്ച കത്തുകൾക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും ഈ ചോദ്യങ്ങൾക്ക് പ്രസിഡന്റിന്റെ മറുപടി പ്രതീക്ഷിക്കുന്നതായും പറഞ്ഞാണ് കത്ത്.
നേരത്തെ, ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. ‘അമ്മ’ സംഘടന ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്താണെന്ന് ധരിക്കരുതെന്നും വാശിയോടെ ക്ലബ് ആണെന്ന പ്രസ്‌താവനയിൽ ഉറച്ചു നിൽക്കുന്നത് എന്തിനാണെന്നും ആർക്ക് വേണ്ടിയാണെന്ന് ഇടവേള ബാബു വ്യക്തമാക്കണമെന്നും ഗണേഷ് പറഞ്ഞിരുന്നു. വിജയ് ബാബു സംഘടനയിൽ നിന്ന് സ്വയം രാജിവെയ്ക്കണം, അല്ലെങ്കിൽ പ്രസിഡന്റ് മോഹൻലാൽ രാജി ആവശ്യപ്പെടണം എന്നാണ് തന്റെ ആവശ്യമെന്നും ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു.
Leave a Reply