നവി മുംബൈയിൽ ബാങ്കുകളിൽ ഒന്നിൽ സിനിമാക്കഥകളെ വെല്ലുന്ന മോഷണം വെളിപ്പെടുത്തി മുംബൈ പൊലീസ്. 40 അടിയോളം നീളമുള്ള തുരങ്കം നിർമിച്ച് നവിമുംബൈയിലെ ഒരു ബാങ്കിനുള്ളിൽ കടന്ന മോഷ്ടാക്കൾ, മുപ്പതോളം ലോക്കറുകൾ തകർക്കുകയും സ്വർണവും പണവും മോഷ്ടിക്കുകയും ചെയ്തു. ഒന്നരക്കോടിയോളം രൂപ നഷ്ടമുണ്ടായതായാണ് ഏകദേശ കണക്ക്.

ബാങ്ക് സ്ഥിതി ചെയ്യുന്ന ‘ഭക്തി റെസിഡന്‍സ്’ എന്ന കെട്ടിടത്തിൽത്തന്നെ മറ്റൊരു മുറി വാടകയ്ക്കെടുത്താണ് അക്രമികൾ മോഷണം നടത്തിയത്. ഈ കെട്ടിടത്തിലെ ഏഴാം നമ്പർ മുറി എടുത്ത മോഷ്ടാക്കൾ അവിടെ ബാലാജി ജനറൽ സ്റ്റോഴ്സ് എന്ന പേരിൽ കടയും നടത്തിയിരുന്നു. ഈ മുറിയിൽനിന്ന് അഞ്ചടി താഴ്ചയിൽ കുഴിയെടുത്തശേഷം തൊട്ടടുത്തുള്ള രണ്ടു കടമുറികളുടെ അടിയിലൂടെ വീണ്ടും 30 അടി നീളത്തിൽ തുരങ്കം തീർത്തു. ബാങ്കിന്റെ ലോക്കർ റൂമിനു താഴെവച്ച് അഞ്ചടി ഉയരത്തിൽ തുരങ്കം പൂർത്തിയാക്കിയാണ് മോഷ്ടാക്കൾ പദ്ധതി യാഥാർഥ്യമാക്കിയത്. ഇതിന് രണ്ടു മാസത്തോളം എടുത്തത്രേ.

തൊട്ടടുത്തു തന്നെ കടകൾ ഉണ്ടായിരുന്നിട്ടും തുരങ്കനിർമാണം ആരുടെയും ശ്രദ്ധയിൽപ്പെടാതിരുന്നതാണ് പൊലീസിനെ കുഴക്കുന്നത്. അതീവ ശ്രദ്ധയോടെ തുരങ്കം നിർമിച്ച് മണ്ണും അവശിഷ്ടങ്ങളും രാത്രിയിൽ പുറത്തുകൊണ്ടുപോയി കളയുകയായിരുന്നുവെന്ന് കരുതുന്നു. കെട്ടിടത്തിൽ വാടകയ്ക്കെടുത്ത നാലു മുറികളിലാണ് ബാങ്കിന്റെ പ്രവർത്തനം. മോഷ്ടാക്കൾ വാടകയ്ക്കെടുത്ത ബാലാജി ജനറൽ സ്റ്റോഴ്സിനോടു ചേർന്ന്, ഒരു സ്വകാര്യ സുരക്ഷാ ഏജൻസിയുടെയും ഓഫിസുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയോടെ മോഷ്ടാക്കൾ ലോക്കർ റൂമിനു സമീപമെത്തിയിരുന്നെന്നാണ് പൊലീസ് കരുതുന്നത്. ശനി, ഞായർ ദിവസങ്ങളിലായി ഗ്യാസ് കട്ടറുകളും മറ്റും ഉപയോഗിച്ച് ലോക്കറുകൾ തകർത്തുവെന്നും പൊലീസ് കരുതുന്നു.

ജെനാ ബച്ചൻ പ്രസാദ് എന്നയാൾ ആറു മാസം മുൻപാണ് ഈ കടമുറി വാടകയ്ക്കെടുത്തത്. ഏതാനും മാസം കട നടത്തിയ ഇയാൾ, രണ്ടുപേരെ കട ഏൽപ്പിച്ചതായി ഉടമയെ അറിയിച്ച് സെപ്റ്റംബറിൽ നാട്ടിലേക്കു മടങ്ങിയിരുന്നു. വാടകയ്ക്കെടുത്ത അന്നു മുതൽ അക്രമികൾ മോഷണപദ്ധതി തുടങ്ങിയിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

ഈ വർഷമാദ്യം ജാർഖണ്ഡിൽ സമാനമായ ഒരു മോഷണം അരങ്ങേറിയിരുന്നു. ഈ സംഘം തന്നെയാണോ നവി മുംബൈയിലെ കൊള്ളയ്ക്കു പിന്നിലെന്നും പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന് ആറു സംഘങ്ങൾക്കു രൂപം നൽകിക്കഴിഞ്ഞു. ബാങ്കിൽ പലയിടത്തും സിസിടിവി ക്യാമറയുണ്ടെങ്കിലും ലോക്കർ റൂമിൽ ഉണ്ടായിരുന്നില്ല. ഇത് അന്വേഷണത്തിനു വെല്ലുവിളിയാണ്. കെട്ടിടത്തിനു പുറത്തെ ഒരേയൊരു സിസിടിവി ക്യാമറയിലാകട്ടെ, മോഷ്ടാക്കൾ വാടകയ്ക്കെടുത്ത ബാലാജി സ്റ്റോറിന്റെ ദൃശ്യങ്ങൾ വ്യക്തവുമല്ല.