ന്യൂസ് ഡെസ്ക്, മലയാളം യുകെ
രാജ്യ വ്യാപകമായി പെൺവാണിഭ സംഘങ്ങൾ സ്ത്രീകളെ യുകെയിൽ എത്തിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഷെഫീൽഡ് കോടതിയിൽ നടന്ന ഒരു വിചാരണയ്ക്കിടെയാണ് ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. സൗത്ത് യോർക്ക് ഷെയർ, ലണ്ടൻ, നോർഫോക്ക് എന്നിവിടങ്ങളിൽ 20-നും 30-നും ഇടയിൽ പ്രായമുള്ള 14 സ്ത്രീകളെ ലൈംഗികത്തൊഴിലാളികളായി കൊണ്ടുവന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
ഓൺലൈൻ മാധ്യമങ്ങളിൽ കൂടിയാണ് ഇവർ കുറ്റകൃത്യങ്ങൾ നടത്തിയത്. പെൺവാണിഭത്തിന് കൊണ്ടുവന്ന സ്ത്രീകളെ കുറിച്ചുള്ള പരസ്യങ്ങൾ ഓൺലൈൻ മുഖേന ഇവർ നടത്തിയിരുന്നു. താത്പര്യമുള്ളവരെ കണ്ടെത്തി വിവിധ സ്ഥലങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതിന് വിപുലമായ ഒരു നെറ്റ്‌വർക്ക് ശൃംഖല ഇവർക്ക് ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
നിലവിൽ അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളും ആണ് പോലീസ് പിടിയിലായത്. ഇവർ എല്ലാവരും റൊമാനിയൻ പൗരന്മാരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തിക നേട്ടത്തിനായി വേശ്യാവൃത്തി ചെയ്തെന്ന് ഇവർ കുറ്റം സമ്മതിച്ചിരുന്നു. വാലൻ്റൈൻ ബാഡിക്ക (39), ക്രിസ്റ്റ്യൻ ഡമാസ്‌ചിൻ (35), അയോണിക്ക ബാഡിക്ക (34), മിഹേല മറ്റെയ് (28), ഇയോനട്ട് ലിയോനാർഡ് ബഹിക്ക (38), അഡ്രിയാൻ സിയോറോബ (33), യൂലിയാന മാവ്‌റോയൻ (41) എന്നിവരാണ് കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയത്. ഗൂഢാലോചനയുടെ തലവനായ ഒരാൾ കൊല്ലപ്പെട്ടുവെന്ന് കോടതി പറഞ്ഞു. ഏഴ് പ്രതികൾക്കും സംഘത്തിൽ വ്യത്യസ്ത റോളുകൾ ഉണ്ടായിരുന്നു. അന്യ രാജ്യങ്ങളിൽ നിന്ന് ലൈംഗിക തൊഴിലാളികളായി സ്ത്രീകളെ കൊണ്ടുവരുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Leave a Reply