ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്ത്രീകളോടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അതിക്രമങ്ങൾക്കെതിരെയുള്ള പരാതികളിൽ നടപടികൾ എടുക്കുന്നവയുടെ എണ്ണം വളരെ കുറവാണെന്ന് സൂചിപ്പിക്കുന്ന ഡേറ്റകൾ പുറത്ത്. ആറ് മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട പത്ത് കേസുകളിൽ ഒമ്പതും പാതി വഴിയിൽ ഉപേക്ഷിക്കപെടുകയാണെന്ന് നാഷണൽ പോലീസ് ചീഫ്സ് കൗൺസിൽ പറഞ്ഞു. ഗാർഹിക പീഡനം സംബന്ധിച്ച തന്റെ ആരോപണങ്ങൾ പൂർണ്ണമായി അന്വേഷിക്കുന്നതിൽ പോലീസ് സേന പരാജയപ്പെട്ടുവെന്ന വെസ്റ്റ് യോർക്ക്ഷെയറിലേ പോലീസ് ഉദ്യോഗസ്ഥൻെറ മുൻ ഭാര്യയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് കണക്കുകൾ പുറത്ത് വന്നത്. അതേസമയം സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതായി വെസ്റ്റ് യോർക്ക്ഷെയർ പോലീസ് അറിയിച്ചു. ഈ അനുഭവം പോലീസിലുള്ള തന്റെ വിശ്വാസം നശിപ്പിച്ചുവെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചു.

2022 മാർച്ച് മുതൽ ആറ് മാസത്തെ കണക്കുകൾ നീരിക്ഷിക്കുമ്പോൾ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളിൽ കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും എതിരെ തുടർ നടപടികളൊന്നും എടുത്തിട്ടില്ല എന്ന് കണ്ടെത്താനാവും. സാധാരണക്കാരിൽ നിന്ന് ലഭിച്ച 10 കേസുകളിൽ 9 എണ്ണവും സഹപ്രവർത്തകർക്കെതിരെ പോലീസിൽ നിന്നുള്ള പരാതികളിൽ 10ൽ 7 എണ്ണവും നടപടികൾ എടുക്കാതെ പാതി വഴിയിൽ ഉപേക്ഷിക്കപ്പെടുകയാണ്.

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ നടത്തിയ അതിക്രമങ്ങളിൽ 1,539 എണ്ണത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടെന്ന് നാഷണൽ പോലീസ് ചീഫ്സ് കൗൺസിൽ (എൻപിസിസി) കണ്ടെത്തി. യഥാർത്ഥ കണക്കുകൾ വളരെ കൂടുതലാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.