ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നമ്പർ പ്ലേറ്റുകളിൽ നിന്ന് ജിബി സ്റ്റിക്കർ അപ്രത്യക്ഷമാകുന്നു. ‘ജിബി’ യ്ക്ക് പകരം ‘യുകെ’ സ്റ്റിക്കർ ആവും ഇനി ഉണ്ടാകുക. ബ്രിട്ടനിൽ നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്ക് വാഹനമോടിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിനാൽ ബ്രിട്ടീഷ് നമ്പർ പ്ലേറ്റുകളിൽ നിന്ന് ജിബി സ്റ്റിക്കർ നീക്കം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. നിലവിൽ മറ്റൊരു രാജ്യത്തേക്ക് പോകുന്നതിന് മുമ്പ് വാഹനത്തിൽ ഒരു “ജിബി” സ്റ്റിക്കർ പതിപ്പിക്കേണ്ടതുണ്ട്. ഇനി അത് ‘യുകെ’ യായി മാറും. സെപ്റ്റംബർ 28 നാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. പുതിയ ബ്രിട്ടീഷ് നമ്പർ പ്ലേറ്റ് ഉണ്ടാകുമെന്ന് സർക്കാർ പറഞ്ഞു മാസങ്ങൾക്ക് ശേഷമാണ് ഇത് യാഥാർഥ്യമാവുന്നത്.

ജനുവരി 31 ന് ബ്രെക്സിറ്റിന്റെ ഒന്നാം വാർഷികത്തിൽ ഗ്രാന്റ് ഷാപ്സ് പുതിയ മാതൃക അവതരിപ്പിച്ചിരുന്നു. യൂണിയൻ ജാക്ക് ഫ്ലാഗിന് കീഴിൽ ‘ജിബി’ ഉള്ള മാതൃക ആയിരുന്നു അത്. യൂറോപ്യൻ യൂണിയൻ വിടുന്നതിനുമുമ്പ്, ബ്രിട്ടീഷ് നമ്പർ പ്ലേറ്റുകളിൽ യൂറോപ്യൻ യൂണിയന്റെ മഞ്ഞ നക്ഷത്രങ്ങളുടെ കീഴിൽ ‘ജിബി’ ചേർത്തിരുന്നു. സെപ്റ്റംബർ 28 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം അർത്ഥമാക്കുന്നത് ജിബി സ്റ്റിക്കറിന് ഇനി സാധുതയുണ്ടാകില്ല എന്നാണ്.

നമ്പർ പ്ലേറ്റുകൾ പുതുക്കുന്നതിന് നാല് മുതൽ ആറ് മാസം വരെ എടുത്തേക്കാമെന്ന് വിതരണക്കാർ പറയുന്നു. സെപ്റ്റംബർ അവസാനത്തിനുശേഷം വിദേശത്തുള്ള ബ്രിട്ടീഷുകാർ അവരുടെ വാഹനത്തിൽ യുകെ അക്ഷരങ്ങൾ പ്രദർശിപ്പിച്ചില്ലെങ്കിൽ അവർ താമസിക്കുന്ന രാജ്യത്തെ നിയമമനുസരിച്ച് പിഴ ചുമത്തപ്പെടും. സർക്കാരിന്റെ വെബ്സൈറ്റിൽ പുതിയ യുകെ നമ്പർ പ്ലേറ്റുകളോ സ്റ്റിക്കറുകളോ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല.