ഫാ. ബിജു കുന്നയ്ക്കാട്ട്
വെയില്‍സ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഒരു വര്‍ഷം പിന്നിട്ടശേഷം നടന്ന ആദ്യ രൂപതാ സമ്മേളനം ചരിത്രമായി. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ വികാരി ജനറല്‍മാരുടെയും വൈദികരുടെയും സമര്‍പ്പിതരുടെയും അല്‍മായ പ്രതിനിധികളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ത്രിദിന സമ്മേളനത്തില്‍ രൂപതയുടെ അടുത്ത അഞ്ച് വര്‍ഷങ്ങളിലേയ്ക്കുള്ള പ്രധാന അജപാലന പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. വിവിധ വിഷയങ്ങളില്‍ പണ്ഡിതരായ റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ചെറിയാന്‍ വാരികാട്ട്, റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, റവ. ഡോ. മാത്യൂ കൊക്കരവാലായില്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച ക്ലാസുകള്‍ പുത്തന്‍ അറിവുകള്‍ പകര്‍ന്നു.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ദൈവത്തിന്റെ പദ്ധതിയില്‍ ഉണ്ടായിരുന്ന കാര്യമാണെന്നും അതിനാല്‍ ഈ രൂപതയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ അത്ഭുതകരമായ വളര്‍ച്ചയും വരും വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുമെല്ലാം ഇനിയും ദൈവത്തിന്റെ തന്നെ പ്രവര്‍ത്തനങ്ങളായിരിക്കുമെന്നും സമാപന സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. വികാരി ജനറാള്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍, റവ. ഫാ. അരുണ്‍ കലമറ്റത്തില്‍, റവ. ഡോ. മാത്യൂ പിണക്കാട്ട്, റവ. ഫാ. ജോയി വയലില്‍, റവ. ഫാ. ടോണി പഴയകളം, റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, റവ. ഫാ. ഫാന്‍സ്വാപത്തില്‍, റവ. സി. ഡോ. മേരി ആന്‍ തുടങ്ങിയവര്‍ ഈ ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
രൂപതയുടെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുള്ള അല്‍മായ പ്രതിനിധികളടക്കം ഇരുന്നൂറ്റി അന്‍പതോളം അംഗങ്ങളാണ് മിഡ് വെയില്‍സിലെ കെഫെന്‍ലി പാര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ സംബന്ധിച്ചത്.
Leave a Reply