ഒഇടി പരീക്ഷയിൽ തട്ടിപ്പ് നടത്തിയതായി കണ്ടുപിടിച്ചതിനെ തുടർന്ന് കടുത്ത നടപടികളുമായി യുകെയിലെ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എം എൻ സി ) മുന്നോട്ടുവന്നു. ഇതിന്റെ ഭാഗമായി ആദ്യമായി 148 നേഴ്സുമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായിട്ടാണ് അറിയാൻ സാധിച്ചത്. ഇതിൽ ഭൂരിഭാഗം പേരും മലയാളികളാണ്. ചണ്ഡീഗണ്ഡിലെ ഒരു ഒഇടി പരീക്ഷ കേന്ദ്രത്തിൽ നിന്ന് പരീക്ഷ എഴുതിയവരാണ് ഇപ്പോൾ നടപടി നേരിടുന്നത്.

ഇവർ നൽകുന്ന വിശദീകരണം വിശ്വാസയോഗ്യമല്ലെങ്കിൽ പിൻ നമ്പർ നഷ്ടമാകും എന്നാണ് അറിയാൻ സാധിച്ചത്. പിൻ നമ്പർ നഷ്ടമാകുകയാണെങ്കിൽ എൻഎച്ച്എസിലെ ജോലി നഷ്ടപ്പെടുകയും ഇവരെല്ലാം നാട്ടിലേക്ക് തിരിച്ച് പോകേണ്ടതായും വരും . ഒഇടി ട്രെയിനിങ് കോഴ്സുകളും പരീക്ഷാ നടത്തിപ്പുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് കുറെ നാളുകളായി ഒട്ടേറെ പരാതികൾ ഉയർന്നു വന്നിരുന്നു. ഇതിന്റെ ഫലമായി നടന്ന അന്വേഷണത്തിന്റെ ഫലമായാണ് ചില പരീക്ഷാ കേന്ദ്രങ്ങളിൽ വ്യാപകമായ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത് . തട്ടിപ്പ് നടക്കുന്നതായുള്ള പരാതികളെ തുടർന്ന് ഒഇടി അധികൃതർ അവരുടെ തന്നെ പ്രതിനിധികളെ പരീക്ഷ എഴുതാൻ അയച്ചാണ് തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്.

യുകെ മാത്രമല്ല യുഎസ് ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയ പല നേഴ്സുമാർക്കും സമാനമായ രീതിയിൽ വിശദീകരണം കാണിക്കണമെന്നുള്ള നോട്ടീസ് നൽകിയതായാണ് അറിയാൻ സാധിച്ചത്. നിലവിലെ പരീക്ഷയിലൂടെ ലഭിച്ച യോഗ്യത റദ്ദാക്കുമെന്നും ഒരുതവണകൂടി ഒഇടി പരീക്ഷയ്ക്ക് പങ്കെടുത്ത് യോഗ്യത തെളിയിക്കണമെന്നുമാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദേശം. പരീക്ഷ തട്ടിപ്പ് വിദ്യാർത്ഥികൾ അറിയാതെയായിരിക്കാം നടന്നിരിക്കുക എന്ന സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് പരീക്ഷ എഴുതാൻ ഒരവസരം കൂടി നൽകുന്നത് . മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാർ ദൂരസ്ഥലങ്ങളിലുള്ള ഒഇടി പരീക്ഷാ കേന്ദ്രങ്ങളെ തേടിപ്പിടിച്ച് പരീക്ഷ എഴുതുന്നതിന്റെ പിന്നിൽ ചില കള്ളക്കളികളുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നു വന്നിരുന്നു.