ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ജിസിഎസ്ഇ ഫലങ്ങൾ പ്രഖ്യാപിച്ചു. കോവിഡിന് മുമ്പുള്ളതിനു സമാനമായ ജിസിഎസി ഇ റിസൾട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . എന്നാൽ യുകെയിൽ ഉടനീളമുള്ള ഫലങ്ങളിൽ പ്രാദേശിക തലത്തിൽ ഒട്ടേറെ വ്യത്യാസങ്ങൾ ദൃശ്യമാണെന്നാണ് അറിയാൻ സാധിച്ചത്. ലണ്ടനിലെ വിദ്യാർത്ഥികൾ പ്രീപാൻഡമിക് നിലവാരത്തിനും കൂടിയ ഗ്രേഡുകൾ ലഭിച്ചപ്പോൾ വെയിൽസിലും അയർലണ്ടിലും മുൻ വർഷത്തെ അപേക്ഷിച്ച് ഉയർന്ന ഗ്രേഡുകളുടെ എണ്ണം കുറഞ്ഞു .


കോവിഡ് സമയത്ത് ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളും മൂലം പൊതുപരീക്ഷകൾ ഒഴിവാക്കിയിരുന്നു. അധ്യാപകർ നടത്തിയ ഇൻ്റേർണൽ ഇവാലുവേഷൻ ആണ് കുട്ടികളുടെ ഗ്രേഡ് നിശ്ചയിക്കാൻ ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ആ കാലയളവിൽ കുട്ടികൾക്ക് നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ കൂടിയ ഗ്രേഡുകൾ ലഭിച്ചിരുന്നു. എന്നാൽ ഇംഗ്ലണ്ടിലെ പരീക്ഷ റെഗുലേറ്റർ ആയ ഇയാൻ ബക്കാം കുറച്ചുകൂടി സ്ഥിരതയാർന്ന പരീക്ഷാ ഫലങ്ങളാണ് ഈ വർഷം പുറത്തു വന്നിരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു.

മലയാളി വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ജിസിഎസ്ഇ പരീക്ഷയിൽ മികച്ച നേട്ടം കരസ്ഥമാക്കിയതായാണ് ആദ്യ ഫലസൂചനകൾ കാണിക്കുന്നത് . കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്കും സ്ഥലങ്ങൾക്കും അനുസരിച്ച് ഫലത്തിൽ വൻ വ്യത്യാസങ്ങൾ ഉണ്ടായതായുള്ള ആക്ഷേപങ്ങൾ ശക്തമാണ്. ജിസിഎസ് ഇ ഫലങ്ങൾ സന്തോഷത്തിന് വക നൽകുന്നതായും നിങ്ങൾ എവിടെയാണ് താമസിക്കുന്നത് ഏതുതരത്തിലുള്ള സ്കൂളിലാണ് പഠിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഫലത്തെ സ്വാധീനിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അസമത്വങ്ങളെ കുറിച്ച് കാര്യമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതായും ഇംഗ്ലണ്ടിലെ സ്കൂൾ മിനിസ്റ്റർ കാതറിൻ മക്കിന്നൽ പറഞ്ഞു