ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ ജിസിഎസ്ഇ, എ-ലെവൽ പരീക്ഷകൾ പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് പരീക്ഷകൾ നടക്കുന്നത്. കോവിഡ് പഠനത്തിനേല്പിച്ച തടസ്സം കണക്കിലെടുത്ത് പരീക്ഷകൾ കൂടുതൽ ഉദാരമാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗ്രേഡ് പരിധി കുറവാകാതിരിക്കാൻ സാധ്യതയുണ്ടെന്ന് ഇംഗ്ലണ്ടിന്റെ പരീക്ഷാ റെഗുലേറ്റർ ഓഫ്ക്വൽ പറയുന്നു. എന്നാൽ മുൻ വർഷങ്ങളിലെപോലെ മാർക്ക്‌ ദാനം ഉണ്ടാവില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിദ്യാര്‍ത്ഥികളുടെ പഠനനഷ്ടം പരിഹരിക്കുന്നതിനായി പരീക്ഷകളെപറ്റിയുള്ള മുൻ‌കൂർ വിവരങ്ങൾ പരീക്ഷ ബോർഡ് ഇന്ന് പ്രസിദ്ധീകരിച്ചു. കണക്ക്, ജീവശാസ്ത്രം, രസതന്ത്രം, ഭാഷ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളുടെ പരീക്ഷകളിൽ എന്തെല്ലാം വരുമെന്നതിന്റെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ കോഴ്‌സ് വർക്കിലൂടെ മാത്രം വിലയിരുത്തുന്ന വിഷയങ്ങൾക്ക് മുൻകൂർ വിവരങ്ങൾ നൽകില്ല. ഇംഗ്ലീഷ് സാഹിത്യം, ഭൂമിശാസ്ത്രം, ചരിത്രം എന്നിവയുടെ ചോദ്യ പേപ്പറുകളിൽ കൂടുതൽ ചോയ്സ് ഉണ്ടാവും. ജിസിഎസ്ഇ ഗണിതത്തിലെ ഫോര്‍മുല ഷീറ്റ്, ജിസിഎസ്ഇ ഭൗതികശാസ്ത്രത്തില്‍ പരിഷ്കരിച്ച സമവാക്യ ഷീറ്റ് എന്നിവ പോലുള്ള പരീക്ഷാ സഹായങ്ങളും നൽകും.

കോവിഡ് മഹാമാരി മൂലം തുടരെ രണ്ടു വര്‍ഷവും ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ അധ്യാപക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മാർക്ക്‌ നൽകിയത്. അധ്യാപക മൂല്യനിർണ്ണയത്തിന് കീഴിൽ കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ വിജയിക്കുകയും ഉയർന്ന മാർക്ക് നേടുകയും ചെയ്തു. ഇതോടെ യൂണിവേഴ്സിറ്റി പ്രവേശനത്തിനും വലിയ തിരക്ക് അനുഭവപ്പെട്ടു. ഈ മാർക്ക്‌ ദാനം അവസാനിപ്പിക്കാൻ മന്ത്രിമാർ രംഗത്തെത്തി. തുടർന്ന് കഴിഞ്ഞ വർഷം തന്നെ വിദ്യാഭ്യാസ വകുപ്പും (ഡി‌എഫ്‌ഇ) റെഗുലേറ്റര്‍ ഓഫ്‌ക്വാലും 2022 ലെ സമ്മര്‍ പരീക്ഷയ്ക്കുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇത് പ്രകാരമാണ് ഇന്ന് പരീക്ഷയെയും ടോപ്പിക്കുകളെയും സംബന്ധിച്ചുള്ള വിശദവിവരങ്ങൾ പുറത്തുവിട്ടത്. വിദ്യാർത്ഥികൾ കൂടുതൽ ആത്മവിശ്വാസത്തോടെ പരീക്ഷകൾ എഴുതുന്നതിനായാണ് വിവരങ്ങൾ മുൻകൂറായി പ്രസിദ്ധീകരിച്ചതെന്ന് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി പറഞ്ഞു.