സ്വന്തം ലേഖകൻ
വോൾവർ ഹാംപ്റ്റണിൽ ഫ്ലാറ്റ് സമുച്ചയത്തിൽ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. മറ്റൊരു സ്ത്രീയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പോലീസിനും പരിക്കേറ്റിട്ടുണ്ട്. പെൻ ഏരിയയിലുള്ള മെറി ഹിൽ ഫ്ളാറ്റിലാണ് രാവിലെ 10 മണിയോടെ സംഭവം നടന്നത്. അക്രമം നടത്തിയ മുപ്പതുകാരൻ സ്വയം ജീവനൊടുക്കി. ഇയാൾ കത്തിയുമായി സ്ത്രീകളെ ആക്രമിക്കുകയായിരുന്നു. പരിഭ്രാന്തിയിലായ താമസക്കാരെ പോലീസ് ഫ്ളാറ്റ് സമുച്ചയത്തിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. സ്കൂളുകൾ ലോക്ക് ഡൗൺ ചെയ്തു.

Screenshot_20170308-131856 നിരവധി എയർ ആംബുലൻസുകൾ അടിയന്തിര സ്ഥിതി വിശേഷം നേരിടാനായി വിന്യസിച്ചിരുന്നു. പ്രത്യേകം പരിശീലനം നേടിയ ആർമഡ് പോലീസ് സ്ഥലത്ത് കുതിച്ചെത്തി. തുടർന്ന് പോലീസ് ഫ്ളാറ്റ് സമുച്ചയത്തിലേയ്ക്ക് ഇരച്ചു കയറി. അക്രമിയുടെ ശ്രദ്ധ തിരിക്കാൻ പോലീസ് ഗ്രനേഡ് പ്രയോഗിച്ചെങ്കിലും അയാൾ സ്വയം മുറിവേൽപ്പിച്ചു. ഇയാളെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് പോലീസ് ഓഫീസർക്ക് കൈയിൽ മുറിവേറ്റത്. ഗാർഹിക വിഷയവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പോലീസ് സ്ഥലം സീൽ ചെയ്ത് അന്വേഷണം തുടരുകയാണ്.