ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ഡിസംബർ മാസം നടക്കുന്ന ജനറൽ ഇലക്ഷനിലേക്കുള്ള പ്രചാരണപരിപാടികൾ ബ്രിട്ടനിൽ ആരംഭിച്ചു. എൻ എച്ച് എസിന്റെ ഭാവി എന്താകുമെന്ന ആശങ്കകളാണ് ആദ്യഘട്ട പ്രചാരണത്തിൽ വിവാദത്തിന് വഴി തെളിയിച്ചിരിക്കുന്നത്. കൺസർവേറ്റീവ് പാർട്ടിയുടെ ഭരണം എൻ എച്ച് എസിന്റെ സ്വകാര്യവൽക്കരണത്തിന് കാരണമാകുമെന്ന് ലേബർ പാർട്ടി ആരോപിച്ചിരുന്നു. ബ്രെക്സിറ്റിനുശേഷം എൻ എച്ച് എസിന്റെ ഭാവി അമേരിക്കൻ കുത്തകകളുടെ കൈയിൽ ആകുമെന്ന് അവർ ആരോപിച്ചു. എന്നാൽ എൻഎച്ച് എസിനെ ഒരിക്കലും വിൽപ്പനച്ചരക്കാക്കുകയില്ലെന്ന് കൺസർവേറ്റീവ് പാർട്ടി വൃത്തങ്ങൾ വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി.


ബ്രെക്സിറ്റിനുശേഷം യു എസുമായുള്ള കരാറിൽ എൻ എച്ച് എസ് അമേരിക്കയിൽ നിന്നുള്ള മരുന്നുകൾക്ക് ഇരട്ടി വില നൽകേണ്ടി വരുമെന്ന വിവാദവും പുറത്തുവന്നിട്ടുണ്ട്. ചാനൽ ഫോർ പുറത്തിറക്കിയ ഒരു ഡോക്യുമെന്ററിയിലാണ് ഈ ആരോപണം ഉന്നയിക്കുന്നത്. ബ്രിട്ടീഷ് അധികൃതരും യുഎസിലെ മരുന്ന് കമ്പനികളും തമ്മിൽ രഹസ്യ സംഭാഷണങ്ങൾ നടക്കുന്നുണ്ടെന്നും അവർ പുറത്തിറക്കിയ ഡോക്യൂമെന്ററിയിൽ രേഖപ്പെടുത്തുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

എന്നാൽ ബ്രിട്ടീഷ് ഗവൺമെന്റ് ഒരിക്കലും എൻഎച്ച് എസിന്റെ ഭാവിയെ തകർക്കുക ഇല്ലെന്നും, മരുന്നുകൾക്ക് വില വർദ്ധിക്കും എന്നത് തെറ്റായ പ്രചാരണം ആണെന്ന് ഗവൺമെന്റ് അധികൃതർ അറിയിച്ചു. എന്നാൽ ഗവൺമെന്റ് നൽകുന്നത് തെറ്റായ വാഗ്ദാനങ്ങൾ ആണെന്ന് ലേബർ പാർട്ടി വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജൂണിൽ ബ്രിട്ടനിൽ നടത്തിയ സന്ദർശനത്തിൽ എൻ എച്ച് എസ് ഭാവി കരാറുകളിൽ കേന്ദ്ര വിഷയമാകും എന്ന് പറഞ്ഞിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ അദ്ദേഹം ആ പ്രസ്താവന പിൻവലിച്ചിരുന്നു. ഇലക്ഷൻ പ്രചരണത്തിലേക്ക് ഏറ്റവും ചൂടേറിയ വിഷയമായി എൻ എച്ച് എസ് മാറിക്കൊണ്ടിരിക്കുകയാണ്.