ലണ്ടന്‍: മൂന്നാം തവണയും ബ്രെക്‌സിറ്റില്‍ പ്രധാനമന്ത്രി തെരേസ മെയ് പരാജയപ്പെട്ടതോടെ യു.കെയില്‍ ഭരണഘടനാ പ്രതിസന്ധിക്ക് വഴിയൊരുങ്ങുന്നു. യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കിയ കരാര്‍ അംഗീകരിക്കണമെന്നും മെയ് 22 വരെ ബ്രെക്‌സിറ്റ് നീട്ടി വയ്ക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന കഴിഞ്ഞ ദിവസം പാര്‍ലമെന്റ് തള്ളിയിരുന്നു. 286 എംപിമാര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 344 എംപിമാര്‍ എതിര്‍ത്തു. നിലവിലെ സാഹചര്യം അനുസരിച്ച് യു.കെയില്‍ ജനറല്‍ ഇലക്ഷന് കളമൊരുങ്ങുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. യു.കെയുടെ ചരിത്രത്തില്‍ തന്നെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തെരേസ മേയ് എന്ത് തീരുമാനമെടുക്കുന്നുവെന്നതിനെ അനുസരിച്ചാവും കാര്യങ്ങള്‍ നീങ്ങുക. ഒന്നുകില്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് പാര്‍ട്ടിയിലെ പ്രമുഖനെ സ്ഥാനമേല്‍പ്പിക്കുക. അല്ലെങ്കില്‍ നോ ഡീല്‍ ബ്രെക്‌സിറ്റിലേക്ക് കാര്യങ്ങള്‍ നീളുമെന്നാണ് സൂചന.

നോ ഡീല്‍ ബ്രെക്‌സിറ്റ് നിലവില്‍ വന്നാല്‍ യു.കെയെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ പ്രതികൂലമാവും. വ്യവസായിക, സാമ്പത്തിക മേഖലകളില്‍ ഇത് വലിയ തിരിച്ചടിയുണ്ടാക്കും. ജനറല്‍ ഇലക്ഷനാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്ന മറ്റൊരു വസ്തുത. തെരെഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നാല്‍ തെരേസ മേയ് സര്‍ക്കാരിനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും വലിയ തിരിച്ചടി നേരിടുമെന്നാണ് നിലവിലെ വിലയിരുത്തല്‍. എന്നാല്‍ മൂന്നാമതും മേയ് സമര്‍പ്പിച്ച കരട് രേഖ പാര്‍ലമെന്റ് തള്ളിയതോടെ ജനറല്‍ ഇലക്ഷന്‍ അല്ലാതെ മറ്റൊരു സാധ്യത മേയ്ക്ക് മുന്നിലില്ല. ജനപിന്തുണ ഉറപ്പുവരുത്തേണ്ടതും മേയ്ക്ക് ഈ ഘട്ടത്തില്‍ അത്യാവശ്യമാണ്. നേരത്തെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഡീല്‍ പാസാവുകയാണെങ്കില്‍ പ്രധാനമന്ത്രി പദം രാജിവെക്കുമെന്ന് മേയ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ രാജി സന്നദ്ധതയും മേയ് രക്ഷപ്പെടുത്തിയില്ലെന്നതാണ് വാസ്തവം. ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ മേയ് രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. മറ്റൊരു നേതാവിന് മെച്ചപ്പെട്ടൊരു കരാര്‍ അവതരിപ്പിക്കാനുള്ള അവസരം നല്‍കാന്‍ മേയ് സ്ഥാനമൊഴിയണമെന്ന് യൂറോപ്യന്‍ ബ്രെക്സിറ്റ് ഗവേഷണ സംഘത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്റ്റീവ് ബേക്കറും ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് വോട്ടടുപ്പ് നടക്കുമ്പോള്‍ പാര്‍ലമെന്റിന് പുറത്ത് ഒത്തുകൂടിയത്.