ന്യൂസ് ഡെസ്ക് മലയാളം യുകെ

പൊതുവേ യുകെയിൽ ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെതന്നെ ഉത്തമമായ സ്ഥലമാണ് .പക്ഷേ വർദ്ധിച്ചുവരുന്ന മോഷണവും കുറ്റകൃത്യങ്ങളും യുകെയിലെ ക്രമസമാധാനനില തകരാറിലാക്കിയതിൻെറ വാർത്തകൾ ഒട്ടേറെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സ്ത്രീകൾക്ക് എതിരെയുള്ള അക്രമസംഭവങ്ങളും അതിനെതിരെയുള്ള പ്രതിഷേധങ്ങളും മാധ്യമങ്ങളിൽ വൻ തലക്കെട്ടുകൾ സൃഷ്ടിച്ചിരുന്നു . വീട്ടിൽ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന ധാരണയിൽ പല മലയാളികളുടെയും ഭവനങ്ങൾ കവർച്ചയ്ക്ക് ഇരയായ ഒന്നിലധികം സംഭവങ്ങൾ മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു.

യുകെയിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഭയാശങ്കകൾ തരുന്ന വാർത്തയാണ് ഇപ്പോൾ പോലീസ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞവർഷം വെസ്റ്റ്‌മിഡ് ലാൻഡിൽ മാത്രം കാറുകൾ മോഷ്ടിച്ചതിന് 2000 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത് . 2021 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ മോഷ്ടിക്കപ്പെട്ട 1004 വാഹനങ്ങൾ കണ്ടെത്തുന്നതിൽ പോലീസ് വിജയിച്ചു . കാർ കവർച്ചയുടെ ഭാഗമായി പിടിയിലായ മോഷ്ടാക്കളിൽ 5 പേർ കൗമാരപ്രായക്കാരാണ് . പല കാർ മോഷണങ്ങൾക്കും പിന്നിൽ ക്രിമിനൽ സംഘങ്ങളാണെന്ന് വെസ്റ്റ്മിഡ് ലാൻഡ് പോലീസ് കമ്മീഷണറായ സൈമൺ ഫോസ്റ്റർ പറഞ്ഞു.