ന്യൂസ് ഡെസ്ക്, മലയാളം യുകെ
സന്തോഷവും പൊട്ടിച്ചിരിയും നിറഞ്ഞുനിന്ന വീട് ശോകമൂകമായി. എവിടെയും കണ്ണീരിന്റെ വിതുമ്പലുകൾ മാത്രം. ഏതാനും ദിവസം മുൻപ് മാത്രം പാലുകാച്ചല്‍ നടന്ന സ്വന്തം വീടിൻറെ സ്വിമ്മിങ് പൂളിൽ വീണ് അയർലൻഡ് മലയാളിയുടെ മകൻ മരണമടഞ്ഞു. അയർലൻഡിലെ കിൽഡെയർ അറ്റായിൽ താമസിക്കുന്ന പത്തനംതിട്ട ചന്ദനപ്പള്ളി ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ കെ. ജോയിയുടെയും ലീന ഉമ്മന്റെയും ഇളയ മകൻ ജോർജ് സ്ഖറിയ (2) ആണ് മരിച്ചത്. ജോർജിന്റെ മാമ്മോദീസായ്ക്കും പാലുകാച്ചലിനും വേണ്ടിയാണ് കുടുംബം അയർലൻഡിൽ നിന്ന് എത്തിയത്. മെയ് 19-ാം തീയതി തിരിച്ചു പോകാനിരിക്കെയാണ് ദാരുണാന്ത്യം വന്നെത്തിയത് .
വീടിൻറെ മുറ്റത്തെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി വീടിനോട് ചേർന്നുള്ള നീന്തൽ കുളത്തിൽ അപ്രതീക്ഷിതമായി വീഴുകയായിരുന്നു. ഉടനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോർജിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മൂന്നിന് ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടത്തി.
മെയ് രണ്ടിനായിരുന്നു കുഞ്ഞിൻറെ മാമ്മോദീസ . തുടർന്ന് മെയ് 6 – ന് ആണ് ഗൃഹപ്രവേശനം നടത്തിയത്. ആ സന്തോഷത്തിനിടയിലാണ് ദുരന്തം വന്നു ഭവിച്ചത്. ജോണും ഡേവിഡും ആണ് മരിച്ച ജോർജിന്റെ സഹോദരർ.
ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply