ജര്‍മ്മനിയിലെ ബവേരിയില്‍ ട്രെയിനുകള്‍ തമ്മില്‍ മുഖാമുഖം കൂട്ടിയിടിച്ച് നിരവധി പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കുകള്‍ പറ്റിയതായും എട്ട് പേര്‍ മരിച്ചതായും സ്ഥിരീകരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കും എന്നാണ് സ്ഥലത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മ്യൂണിക്കില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ബാദ് ഐബ്ലിംഗ് എന്ന സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിനുകളില്‍ ഒന്ന്‍ പാളത്തില്‍ നിന്നും തെറിച്ച് തല കീഴായി മറിഞ്ഞു.
അപകടത്തില്‍ പെട്ട നിരവധി പേര്‍ ഇപ്പോഴും ട്രെയിനുകളില്‍ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ച് വരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള വനപ്രദേശത്താണ് അപകടം നടന്നത് എന്നത് കാര്യങ്ങള്‍ ദുഷ്കരമാക്കിയെന്ന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജര്‍മ്മനിയില്‍ സമീപ കാലത്തുണ്ടായതില്‍ വച്ച് ഏറ്റവും വലിയ തീവണ്ടി അപകടമാണ് ഇത് എന്ന്‍ അധികൃതര്‍ പറഞ്ഞു. മെറിഡിയന്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ ഉള്ള ട്രെയിനുകള്‍ ആണ് കൂട്ടിയിടിച്ചത്. എന്ത് കൊണ്ടാണിത് സംഭവിച്ചത് എന്ന്‍ തങ്ങള്‍ പരിശോധിച്ച് വരികയാണെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും കമ്പനി വക്താവ് അറിയിച്ചു.

train2

സ്കൂള്‍ അവധിക്കാലം ആയതിനാല്‍ ട്രെയിനുകളില്‍ സാധാരണ ഉണ്ടാകാറുള്ള തിരക്ക് ഉണ്ടായിരുന്നില്ല എന്ന്‍ റെയില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അന്‍പതോളം ഹെലികോപ്റ്ററുകളും അത്രയും തന്നെ ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സ്ഥലത്തുണ്ട്. അപകടം നടന്ന സ്ഥലത്തേയ്ക്ക് റോഡ്‌ സൗകര്യം ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററുകളില്‍ എത്തി തൂങ്ങിയിറങ്ങി ആണ് പരിക്കേറ്റവരെ എടുത്ത് ആംബുലന്‍സുകളില്‍ എത്തിക്കുന്നത്.

train3

2011ല്‍ ജര്‍മ്മനിയില്‍ ചരക്ക് ട്രെയിന്‍ യാത്രാ തീവണ്ടിയുമായി കൂടിയിടിച്ച് പത്ത് പേര്‍ മരിച്ചിരുന്നു.  2009ല്‍ നടന്ന അപകടത്തില്‍ ഒന്‍പത് പേരും, 1998ല്‍ 1൦1 പേരും സമാനമായ അപകടങ്ങളില്‍ ജര്‍മനിയില്‍ കൊല്ലപ്പെട്ടിരുന്നു.