സ്വന്തം ലേഖകൻ

ബെർമിംഗ്ഹാം : സ്വർഗീയ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് കഴിഞ്ഞ ശനിയാഴ്ച്ച ബെർമിംഗ്ഹാമിലെ കിംഗ് എഡ്വേർഡ് സ്കൂളിൽ ഗർഷോം ടിവിയും , ലണ്ടൻ അസഫിയൻസും ഒന്നിച്ച് ഒരുക്കിയ ജോയ് റ്റു ദി വേൾഡ് കരോൾ ഗാന മത്സരത്തിൽ പങ്കെടുത്തത് യുകെയിലെ ഏറ്റവും കഴിവുറ്റ പതിനഞ്ചോളം ഗായകസംഘങ്ങൾ . കഴിഞ്ഞ വർഷങ്ങളെക്കാൾ മനോഹരമായി ഒരുക്കിയ ഈ സംഗീത വിരുന്നിൽ വൻ ജനപങ്കാളിത്തമാണ് ഇപ്രാവശ്യം ഉണ്ടായിരുന്നത് . ജോയ് റ്റു ദി വേൾഡ് മൂന്നാമത് ഓൾ യുകെ കരോൾ ഗാന മത്സരത്തിൽ മിഡ്ലാൻഡ്സ് ഹെർമോൻ മാർത്തോമാ പള്ളി ഗായക സംഘം അലൈഡ് മോർട് ഗേജ് സർവീസ് സ്പോൺസർ ചെയ്ത ആയിരം പൗണ്ട് കാഷ് അവാർഡിന് അർഹരായി .

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ പള്ളികളെയും , സംഘടനകളെയും പ്രതിനിധീകരിച്ചു പങ്കെടുത്ത പതിനഞ്ചു ഗായകസംഘങ്ങൾ പങ്കെടുത്ത ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ബ്രിസ്റ്റോൾ ക്നാനായ കത്തോലിക്ക അസോസിയേഷൻ ഗായക സംഘം , ഹെവൻലി വോയിസ് സ്റ്റോക്ക് ഓൺ ട്രെൻഡ് , ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച്‌ ഗായകസംഘം, എയിൽസ്‌ഫോർഡ് സെന്റ് പാദ്രെ പിയോ മിഷൻ ഗായകസംഘം എന്നിവർ യഥാക്രമം രണ്ടും , മൂന്നും , നാലും അഞ്ചും സ്ഥാനങ്ങൾ നേടി .

രണ്ടാം സ്ഥാനം നേടിയ ബ്രിസ്റ്റോൾ ടീമിന് ലോ ആൻഡ് ലോയേഴ്സ് സ്പോൺസർ ചെയ്ത അഞ്ഞൂറ് പൗണ്ടും ട്രോഫിയും , മൂന്നാം സമ്മാനം നേടിയ ഹെവൻലി വോയിസ് ടീമിന് പ്രൈം കെയർ സ്പോൺസർ ചെയ്ത  ഇരുനൂറ്റി അമ്പതു പൗണ്ടും ട്രോഫിയും , നാലും അഞ്ചും ടീമുകൾക്കു ട്രോഫിയും സമ്മാനിച്ചു . കഴിഞ്ഞ മൂന്നു വർഷങ്ങളായി തുടർച്ചയായി നടക്കുന്ന ജോയ് റ്റു ദി വേൾഡ് കരോൾ മത്സരവും , സംഗീത നിശയും ഓരോ വർഷം കഴിയുന്തോറും പങ്കെടുക്കുന്ന ടീമുകളുടെ എണ്ണവും , ആളുകളും വർധിച്ചു വരുന്നതായാണ് കാണുന്നത് .

ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക് മേയർ ടോം ആദിത്യ പരിപാടിയിൽ മുഖ്യാഥിതി ആയി പങ്കെടുക്കുകയും സമ്മേളനം ഉത്‌ഘാടനം ചെയ്യുകയും ചെയ്തു . യുകെ ക്രോസ്സ് കൾച്ചർ മിനിസ്ട്രീസ് ഡയറക്ടർ ജോ കുര്യൻ , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മീഡിയ കമ്മീഷൻ ചെയർമാൻ റവ . ഫാ. ടോമി എടാട്ട് , എന്നിവർ ക്രിസ്മസ് സന്ദേശം നൽകി .

മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വികാരി ജനറാൾ വെരി . റെവ . ഫാ. ജോർജ് ചേലക്കൽ , അലൈഡ് മോർട്ട്‌ ഗേജ് മാനേജിങ് പാർട്ണർ ബിജോ ടോം ചൊവ്വേലിക്കുടി , മേയർ ടോം ആദിത്യ , റോജി മോൻ വർഗീസ്, ഗർഷോം ടി വി ഡിറക്ടര്മാരായ ജോമോൻ കുന്നേൽ , ബിനു ജോർജ് ലണ്ടൻ അസാഫിയൻസ് സെക്രട്ടറി സുനീഷ് ജോർജ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ടെക്ക് ബാങ്ക് യുകെയും , പോൾ ജോൺ ആൻറ് കമ്പനിയും , ഗണിത വെൽത്തും , ടോംടൺ ട്രാവൽസും , ഡയറക്ട് ആക്സിഡന്റ് ക്ലൈം അസിസ്റ്റന്റ് ലിമിറ്റഡ് ,  ടൂർ ഡിസൈനേഴ്സും ഈ പരിപാടിയുടെ സ്‌പോൺസർമാർ ആയിരുന്നു .

യുകെ മലയാളികൾക്കിടയിൽ സംഗീത രംഗത്ത് മിന്നുന്ന പ്രകടനങ്ങൾ കാഴ്ച വച്ച് മുന്നേറുന്ന ടെസ്സ സൂസൻ ജോൺ , ടീന ജിജി എന്നിവർക്ക് പ്രത്യേക പുരസ്കാരങ്ങൾ നൽകി ചടങ്ങിൽ ആദരിച്ചു. കരോൾ മത്സരത്തോടനുബന്ധിച്ച് യുകെയിലെ വിവിധ ഗായകരെ അണിനിരത്തി ലണ്ടൻ അസാഫിയൻസ് അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ് ഏറെ ശ്രദ്ധേയമായി.