ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സംഗീതലോകത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് പ്രശസ്തിയാർജ്ജിച്ച് വന്ന ഇരുപത്തിനാലുകാരനായ നിംറോയ് കെൻഡ്റിക്സിനെ കൊലപ്പെടുത്തിയ കേസിൽ 15 വയസ്സുകാരി പെൺകുട്ടിക്ക് അഞ്ചുവർഷം ജയിൽശിക്ഷ. വെസ്റ്റ് സസ്സെക്സിലെ ക്രോലിയിൽ വച്ചാണ് പെൺകുട്ടി 2020 ഒക്ടോബറിൽ നിംറോയിയെ കൊലപ്പെടുത്തിയത്. നിയമപരമായ കാരണങ്ങൾ കാരണം പെൺകുട്ടിയുടെ പേര് ഇതുവരെയും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അഞ്ചു വർഷം തടവ് ശിക്ഷയോടൊപ്പം തന്നെ, ലൈസൻസ് നിയമങ്ങൾ പ്രകാരം അധികമായി നാലുവർഷവും പെൺകുട്ടി ശിക്ഷ അനുഭവിക്കേണ്ടതായി വരും.
കഴിഞ്ഞവർഷം ജൂലൈയിലാണ് പെൺകുട്ടിയെ ആദ്യമായി കോടതിക്ക് മുൻപിൽ ഹാജരാക്കിയത്. സറേ & സസ്സെക്സ് മേജർ ക്രൈം ടീമിന്റെ അന്വേഷണത്തിൽ പെൺകുട്ടി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു കോടതിക്കു മുൻപിൽ ഹാജരാക്കിയത്. എന്നാൽ കൊലപ്പെടുത്തിയ സമയത്ത് പെൺകുട്ടി ശക്തമായ മാനസിക സമ്മർദ്ദങ്ങൾ അനുഭവിച്ചിരുന്നതായും, പെൺകുട്ടിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും മെഡിക്കൽ ടീം കണ്ടെത്തിയതിനെ തുടർന്നാണ് മനഃപ്പൂർവമായുള്ള കൊലപാതകമല്ലെന്ന് കോടതി ഇതിനെ വിലയിരുത്തിയത്. ഉത്തരവാദിത്ത കുറവ് മൂലമുള്ള വ്യക്തിഹത്യയായി ഇതിനെ കോടതി പിന്നീട് വിലയിരുത്തുകയാണ് ചെയ്തത്.
2020 ഒക്ടോബർ 27നാണ് ക്രോലിയിലെ റസ്സൽ വേയിൽ ഹെൻഡ്റിക്സിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. നെഞ്ചിലേറ്റ കുത്തിനെ തുടർന്നുണ്ടായ മുറിവു മൂലമാണ് അദ്ദേഹം മരണപ്പെട്ടത്. മരണപ്പെട്ട സംഗീതജ്ഞനും പെൺകുട്ടിയുമായി മുൻപരിചയം ഉണ്ടായിരുന്നു എന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കുന്നത്. തന്റെ സംഗീതംകൊണ്ട് ജനമനസ്സുകളിൽ ഇടം നേടി വന്നിരുന്നു ഹെൻഡ്റിക്സിന്റെ മരണം തീർത്താൽ തീരാത്ത ദുഃഖം ആണെന്ന് കുടുംബം വ്യക്തമാക്കി. ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്നും കുടുംബം പറഞ്ഞു. കുടുംബത്തോടുള്ള ദുഃഖം ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ആൻഡി വോൾസ്റ്റെൻഹോംമും അറിയിച്ചു.
Leave a Reply