ബെല്‍ഫാസ്റ്റ്: ജനന സമയത്ത് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ നിമിത്തം മസ്തിഷ്‌കത്തിന് തകരാറ് സംഭവിച്ച 9 വയസുകാരിക്ക് വന്‍ തുക നഷ്ടപരിഹാരമായി നല്‍കാന്‍ വിധി. ജനന സമയത്ത് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ വന്നതോടെ തലച്ചോറിന് തകരാറുണ്ടാകുകയും കുട്ടി സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥയിലാകുകയും ചെയ്യുകയായിരുന്നു. ശരീര പ്രവര്‍ത്തനങ്ങള്‍ ശരിയായി നിയന്ത്രിക്കാന്‍ കഴിയാത്ത ഈ അവസ്ഥയ്ക്ക് കാരണം ചികിത്സാപ്പിഴവാണെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. കേസില്‍ കുട്ടിക്ക് നഷ്ടപരിഹാരമായി 80 ലക്ഷം പൗണ്ട് നല്‍കാനാണ് കോടതി വിധിച്ചത്.
2008ല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന മേറ്റര്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു കുട്ടി ജനിച്ചത്. ചികിത്സാപ്പിഴവ് മൂലമുണ്ടായ വൈകല്യമായതിനാല്‍ കുട്ടിയുടെ ആജീവനാന്ത പരിപാലനത്തിനുള്ള തുകയാണ് നഷ്ടപരിഹാരമായി നല്‍കാന്‍ വിധിയായത്. ഇത്തരമൊരു സംഭവത്തില്‍ രാജ്യത്ത് ലഭിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയാണ് ഇതെന്നാണ് വിവരം. അതേസമയം കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഇതൊരു ലോട്ടറിയല്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കുകയും ചെയ്തു.
തുകയില്‍ ആദ്യ ഗഡുവായി ലഭിക്കുന്ന 1.6 ദശലക്ഷം പൗണ്ട് കുട്ടിയുടെ ചികിത്സക്കും ഉപകരണങ്ങള്‍ക്കുമായി നല്‍കേണ്ടി വരും. പ്രത്യേക ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് ദിവസേന പരിപാലനം ആവശ്യമാണ്. വാര്‍ഷിക ഗഡുക്കളായാണ് മാതാപിതാക്കള്‍ക്ക് ഈ തുക ലഭ്യമാകുക. അതുകൊണ്ട് ലഭിക്കുന്ന മൊത്തം തുക 8 മില്യനില്‍ അധികം വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആന്‍ട്രിം കൗണ്ടി സ്വദേശികളായ കുടുംബത്തിന്റെ വിവരങ്ങള്‍ സ്വകാര്യത മാനിച്ച് പുറത്തു വിട്ടിട്ടില്ല.
Leave a Reply