ഭാരതമേ, നിന്‍ രക്ഷ നിന്‍ മക്കളില്‍… ഫാ. മാത്യൂ മുളയോലില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ചെറുപുഷ്പ മിഷന്‍ ലീഗിനെ നയിക്കും. മലയാളം യുകെയ്ക്ക് നല്‍കിയ അഭിമുഖം.

ഭാരതമേ, നിന്‍ രക്ഷ നിന്‍ മക്കളില്‍… ഫാ. മാത്യൂ മുളയോലില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ചെറുപുഷ്പ മിഷന്‍ ലീഗിനെ നയിക്കും. മലയാളം യുകെയ്ക്ക് നല്‍കിയ അഭിമുഖം.
May 27 08:44 2017 Print This Article

ചെറുപുഷ്പ മിഷന്‍ ലീഗിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ തുടക്കമാകുകയാണ്. മെയ് ഇരുപത്തിയെട്ട് ഞായര്‍ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയിലുള്ള സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. രൂപതയുടെ നിയുക്ത മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാനും ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിനുമായ റവ. ഫാ. മാത്യൂ മുളയോലില്‍ ചെറുപുഷ്പ മിഷന്‍ ലീഗിനെ നയിക്കും. ചാപ്ലിന്‍സിയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും ഇതിനോടനുബന്ധിച്ച് നടക്കും. ലീഡ്‌സിലെ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ 9.30ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഔദ്യോഗീക ഉദ്ഘാടനം നടക്കാനിരിക്കെ, മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. മാത്യൂ മുളയോലിലുമായി മലയാളം യുകെ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യൂ നടത്തിയ അഭിമുഖം.

”ഭാരതമേ നിന്റെ രക്ഷ നിന്റെ മക്കളില്‍ തന്നെ’. ലിയോപതിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് ഫാ. മുളയോലില്‍ മലയാളം യുകെയോട് സംസാരിച്ചു തുടങ്ങിയത്. പിതാവ് ഉദ്ദേശിച്ചത് ആത്മീയരക്ഷയാണ്. അത് നീ തന്നെ കണ്ടെത്തണം. പിതാവിന്റെ ഈ വാക്കുകളില്‍ നിന്ന് ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നീരുറവ പൊട്ടിപ്പുറപ്പെട്ടു. വ്യക്തിത്വ വികസനവും പ്രേഷിത പ്രവര്‍ത്തനവും മുഖമുദ്രയായി. ഇത് രണ്ടും സഭയുടെ വളര്‍ച്ചയുടെ ഭാഗമാണ്. യൂറോപ്പില്‍ പുതുതായി രൂപം കൊണ്ട ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഇതിന് വലിയ സ്ഥാനമുണ്ട് .

ഇതിനിടയില്‍ ഞങ്ങള്‍ ചോദിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗ് ഏതു തരത്തിലുള്ള പ്രകടമായ മാറ്റമാണ് യൂറോപ്പിലെ കുടിയേറ്റത്തിന്റെ രണ്ടാം തലമുറയില്‍ സൃഷ്ടിക്കാന്‍ പോകുന്നത്?

ഫാ. മുളയോലില്‍ സംസാരിച്ചു തുടങ്ങിയതിങ്ങനെ….
ഒരു വലിയ പ്രതീക്ഷ ഇതുവരെയും എനിക്കായിട്ടില്ല. മാതാപിതാക്കളുടെ താല്പര്യമാണ് വലുത്. നമ്മുടെ കുട്ടികള്‍ ഇപ്പോള്‍ ദേവാലയത്തില്‍ വരുന്നതിന്റെ കാരണം മാതാപിതാക്കളാണ്. അവര്‍ക്ക് തന്നെ അത് ബോധ്യം വന്നു. മക്കള്‍ തങ്ങളുടെ വിശ്വാസത്തില്‍ വളരണം എന്ന ചിന്തയിലേയ്ക്ക് അവര്‍ മാറി. പക്ഷേ, പ്രകടമായ എന്ത് മാറ്റം വരുത്താന്‍ പറ്റും എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. കാരണം നാട്ടില്‍ നിന്ന് വരുന്ന വൈദീകര്‍ അവിടുത്തെ സംസ്‌ക്കാരത്തില്‍ വളര്‍ന്ന് അവിടെ പ്രവര്‍ത്തിച്ചു പരിചയമുള്ളവരാണ്. അവര്‍ ഇവിടെ വരുന്നത് രണ്ടു മൂന്ന് വര്‍ഷത്തെ സേവനത്തിനാണ്. പക്ഷേ, കുറച്ചു പേര്‍ തിരിച്ചു പോകുന്നു. കുറച്ചു പേര്‍ നില്ക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ തലമുറയുടെ രീതികളുമായിട്ട് ഇതുവരെയും പൂര്‍ണ്ണമായി ഇടപഴകാന്‍ സാധിച്ചിട്ടില്ല. പലകുറവുകള്‍ നമുക്കുണ്ട്. അതു കൊണ്ട് എത്രത്തോളം ഇവരെ സ്വാധീനിക്കാന്‍ പറ്റും എന്നത് ഇപ്പോള്‍ പറയാന്‍ സാധിക്കത്തില്ല.

ചോ. പാശ്ചാത്യ സംസ്‌ക്കാരത്തില്‍ വളരുന്ന കുട്ടികള്‍. അവര്‍ വളരുന്ന മേഘലയില്‍ അവര്‍ക്ക് ആസ്വദിക്കാന്‍ തക്കവണ്ണം കാര്യക്ഷമതയുള്ള ധാരാളം പ്രവര്‍ത്തനങ്ങളുമുണ്ട്. സീറോ മലബാര്‍ സഭാചട്ടക്കൂടിനുള്ളിലേയ്ക്ക് മാതാപിതാക്കളുടെ പ്രേരണയില്‍ മാത്രമെത്തുന്ന ഈ കുട്ടികളില്‍, അവര്‍ ഇന്നേ വരെ അറിയാത്ത മിഷന്‍ലീഗിന് എന്ത് സ്ഥാനമാണുള്ളത്??

ഉ. ഇവിടുത്തെ ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് സണ്‍ഡെ സ്‌ക്കൂളും അദ്ധ്യാപകരും കുട്ടികളും വല്ലപ്പോഴും കിട്ടുന്ന ഒന്നാണ്. വിശ്വാസ പരിശീലന രംഗത്ത് മാതാപിതാക്കളാണ് യഥാര്‍ത്ഥ അദ്ധ്യാപകര്‍. അവരാണ് വിശ്വാസം കൂടുതല്‍ പകര്‍ന്ന് കൊടുക്കേണ്ടവരും. അവര്‍ മുന്‍കൈ എടുത്തെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. എന്റെ മനസ്സിലുള്ളത് ഇതാണ്. എല്ലായിടത്തും മിഷന്‍ ലീഗിന്റെ ശാഖകള്‍ ആരംഭിക്കുക. മിഷന്‍ ലീഗിന്റെ ലക്ഷ്യങ്ങളേക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുക. നിലവിലുള്ള സാഹചര്യമനുസരിച്ച് എല്ലായിടത്തും പോയി അത് ചെയ്യുക എന്നത് എളുപ്പും അല്ല. പക്ഷേ, ആദ്യം ഇവരെ മിഷന്‍ ലീഗിന്റെ അംഗങ്ങളാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അംഗത്വം സ്വീകരിച്ചു കഴിഞ്ഞാല്‍ അതില്‍ കുറേപ്പേര്‍ക്ക് നേതൃത്വനിരയിലേയ്‌ക്കെത്താന്‍ സാധിക്കും. അങ്ങനെയെത്തുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുവാന്‍ ആഗ്രഹിക്കുന്നണ്ട്. അതില്‍ക്കൂടി കുട്ടികള്‍ക്ക് വളരാന്‍ സാധിക്കും.

ചോ. ഒരു ഇടവകയുടെ എല്ലാ വിധ സംവിധാനവും ഫാ. മുളയോലില്‍ ചാപ്ലിന്‍ ആയിരിക്കുന്ന ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തിലുണ്ട്, 168 മണിക്കൂര്‍ ഉള്ള ഒരാഴ്ച്ചയില്‍ വെറും രണ്ടു മണിക്കൂര്‍ മാത്രമാണ് സീറോ മലബാര്‍ വിശ്വാസ പരിശീലനത്തിന് കുട്ടികളെ കിട്ടുന്നത്. രൂപതയുടെ കീഴിലുള്ള മറ്റ് സ്ഥലങ്ങളില്‍ ഇത്രപോലും കിട്ടാറില്ല. ഈ സാഹചര്യത്തില്‍, 166 മണിക്കൂറും പാശ്ചാത്യ സംസ്‌ക്കാരം പഠിക്കുന്ന കുട്ടികളില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് എങ്ങനെ നടപ്പിലാക്കും?

ഉ. സമയം. അതാണ് ഏറ്റവും വലിയ പ്രതിസന്ധി. നിലവിലുള്ള സമയത്തില്‍ പരമാവധി ചെയ്യുക. ഇപ്പോള്‍ അതേ സാധ്യമാവുകയുള്ളൂ. മിഷന്‍ ലീഗിന്റെ പ്രത്യേകമായിട്ടുള്ള പ്രാര്‍ത്ഥനയുണ്ട്.  അത് കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ഉദ്ഘാടനം കഴിഞ്ഞാല്‍ ആദ്യമേ ചെയ്യാനൊരുങ്ങുന്നത്. സണ്‍േഡേ സ്‌കൂള്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ മുടങ്ങാതെ ആ പ്രാര്‍ത്ഥന കുട്ടികളെ കൊണ്ട് ചൊല്ലിപ്പിക്കും. നിരന്തരം അവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ആത്മീയത കുട്ടികളില്‍ വളരാന്‍ കാരണമാകും.അതുപോലെ മിഷന്‍ ലീഗിന്റെ പ്രത്യേകമായിട്ടുള്ള ക്ലാസുകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. അതിനായി പ്രത്യേക സമയവും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത് തുടക്കം എന്ന രീതിയില്‍ പൊതുവായിട്ടുള്ള കാര്യം മാത്രമാണ്. മറ്റുള്ള കുര്‍ബാന സെന്ററിലെ വൈദീകരുമായി കൂടിയാലോചിച്ചെങ്കില്‍ മാത്രമേ ഇതിന് ഒരു പൂര്‍ണ്ണരൂപമാവുകയുള്ളൂ. കൂടുതല്‍ സമയം കണ്ടെത്തുക എന്നതാണ് പ്രധാന വിഷയം. പലയിടത്തും സൗകര്യങ്ങള്‍ പരിമിതമാണല്ലോ..!

ചോ. ബ്രിട്ടണ്‍ രൂപതയില്‍ ചുരുക്കം ചില ഇടവകകള്‍ ഒഴിച്ചാല്‍ മാസത്തില്‍ കഷ്ടിച്ച് ഒരു മലയാളം കുര്‍ബാന മാത്രം കിട്ടുന്ന പ്രാര്‍ത്ഥനാ കൂട്ടായ്മകളാണ് അധികവും. പലപ്പോഴും അല്‍മായരുടെ ആദ്ധ്യാത്മീക ആവശ്യങ്ങള്‍ പൊലും നിര്‍വ്വഹിക്കാന്‍ സാധിക്കുന്നുമില്ല. ഇടവക രൂപീകരണമായിരുന്നില്ലേ ചെറുപുഷ്പ മിഷന്‍ ലീഗ് ആരംഭിക്കുന്നതിന് മുമ്പ് നടത്തേണ്ടിയിരുന്നത് ?

ഉ. രൂപതയുടെ അടുത്ത പടി ഇടവക രൂപീകരണം തന്നെയാണ്. എന്നാല്‍ ഇതുപോലൊരു സ്ഥലത്ത് അത് അത്ര എളുപ്പമല്ല. പക്ഷേ ഇതുപോലുള്ള സംവിധാനങ്ങളില്‍ നിന്ന് കൊണ്ട് സംഘടനകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റും. പിതാവ് നിര്‍ദ്ദേശിച്ചിരിക്കുന്ന എല്ലാ കമ്മീഷനും ഇത് സാധ്യമാകും എന്നതാണ് എന്റെ വിശ്വാസം. അമേരിക്കയിലും മറ്റും ആദ്യം രൂപത പ്രഖ്യാപിക്കുകയാണ് സഭ ചെയ്തത്. പിന്നീടാണ് ഇരിപ്പിടങ്ങളും ഇടവകകളും ഒക്കെയുണ്ടായത്. ബ്രിട്ടണ്‍ രൂപതയെ സംബന്ധിച്ചിടത്തോളം അല്‍മായ നേതൃത്വം ശക്തമാണ്. അതു കൊണ്ട് തന്നെ ഇടവകയായില്ലെങ്കിലും ഇതൊക്കെ സാധിക്കും. ഉണ്ടെങ്കില്‍ കൂടുതല്‍ നല്ലത് എന്നു മാത്രം.

ചോ. മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ അച്ചന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങളെ തിരിച്ചു വിടുന്നതിന് രൂപതയുടെ ഭാഗത്ത് നിന്ന് എന്തൊക്കെ കാര്യങ്ങളാണ് ചെയ്തിരിക്കുന്നത്?

ഉ. രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സുഗമമായി നടക്കണം എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന വ്യക്തി പിതാവാണ്. മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനം ഭംഗിയായി നടക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തു തരണം എന്ന് ആവശ്യപ്പെടാനുള്ള സമയവുമല്ല ഇത്. എല്ലാം കൃത്യമായ ഒരു സംവിധാനത്തിലേയ്ക്കാക്കണമെങ്കില്‍ പിതാവ് ഒരു പാട് കഠിനാധ്വാനം ചെയ്യേണ്ടി വരും. അതിന് വര്‍ഷങ്ങളുമെടുക്കും. ഓരോ ചാപ്ലിന്‍സിയിലുമുള്ള വൈദീകര്‍ മുന്‍ നിരയിലേയ്ക്ക് വന്ന് മിഷന്‍ ലീഗിന്റെ ശാഖകള്‍ തുടങ്ങുമ്പോഴാണ് മിഷന്‍ ലീഗ് പ്രവര്‍ത്തനക്ഷമതയുള്ളതാകുന്നത്. അതാണ് രൂപതയുടെ ഭാഗത്തു നിന്നുള്ള ഏറ്റവും വലിയ സപ്പോര്‍ട്ട്. വൈദീക ഗണം പൂര്‍ണ്ണ പിന്‍തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത്രയും വേഗം ചെറുപുഷ്പ മിഷന്‍ ലീഗ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ സാധ്യമായത് പിതാവിന്റെ ദീര്‍ഘവീക്ഷണം തന്നെയാണ്.

ചോ. ചെറുപുഷ്പ മിഷന്‍ ലീഗിലെ മുന്‍ കാല പ്രവര്‍ത്തന പരിചയം പുതിയ മേഘലയില്‍ പ്രവര്‍ത്തിക്കാന്‍ എളുപ്പമാകും എന്നതില്‍ സംശയമില്ല. പക്ഷേ, പാശ്ചാത്യ സംസ്‌ക്കാരത്തില്‍ അത് എത്രമാത്രം ഗുണം ചെയ്യും?

ഉ. ഇക്കാര്യത്തില്‍ ഒരു പാട് ആശങ്ക എനിക്കുണ്ട്. നാട്ടിലെ കുട്ടികള്‍ ഒന്നാം ക്ലാസു മുതല്‍ മിഷന്‍ലീഗ്… മിഷന്‍ ലീഗ്.. എന്നൊക്കെ ആരെങ്കിലും പറഞ്ഞ് കേട്ടാണ് വളരുന്നത്. കൂടാതെ, മിഷന്‍ ലീഗിന്റെ റാലികള്‍, ക്രിസ്തുരാജന്റെ തിരുന്നാള്‍ ഇവിടെയൊക്കെ മിഷന്‍ ലീഗിന്റെ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് പോകുന്നത്. ഇത് ചെറുപ്പം മുതല്‍ക്കേ കണ്ടു വളരുന്ന കുട്ടികളാണ് നമുക്കുള്ളത്. എന്നാല്‍ ഈ രാജ്യത്ത് അങ്ങനെ യാതൊരു സാധ്യതകളുമില്ല. മിഷന്‍ ലീഗിന്റെ മുദ്രാവാക്യം പോലും മലയാളത്തിന്റെ മധുരിമയില്‍ മുഴക്കാന്‍ ഈ രാജ്യത്തില്‍ പറ്റില്ല. കേരളത്തിലെ മിഷന്‍ ലീഗിനെ ഇവിടേയ്ക്ക് പറിച്ച് നടാന്‍ പറ്റില്ല. കുറെയൊക്കെ മാറ്റം വരുത്തേണ്ടി വരും. പക്ഷേ, എനിക്ക് ചില ആശയങ്ങളുണ്ട്. സമയത്തിന്റെ ഒരു വലിയ പ്രശ്‌നം പലതിനും മാര്‍ഗ്ഗതടസ്സമായി നില്‍ക്കുന്നു.

ചോ. കുടിയേറ്റത്തിന്റെ രണ്ടാം തല മുറക്കാരെ ലക്ഷ്യം വെച്ചു കൊണ്ടാരംഭിക്കുന്ന മിഷന്‍ ലീഗിന് ഒന്നാം തലമുറക്കാരില്‍ നിന്ന് എന്ത് സഹകരണമാണ് ലഭിക്കുന്നത്?

ഉ. കുട്ടികളെ പള്ളികളില്‍ എത്തിക്കുക എന്നത് മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്വമാണ്. അതിലുപരി, പള്ളികളില്‍ വരികയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മാതാപിതാക്കളുള്ള വീട്ടില്‍ നിന്നേ കുട്ടികളും പള്ളിയില്‍ വരത്തുള്ളൂ. അതുകൊണ്ട് മാതാപിതാക്കള്‍ വിശ്വാസ ജീവിതം നയിക്കുക എന്നത് പരമപ്രധാനമാണ്. അത് മാത്രമാണ് ഇനി രക്ഷ. അതു തന്നെയാണ് ഏറ്റവും വലിയ സപ്പോര്‍ട്ടും.

ചോ. ഒരു ഇടവകയുടെ എല്ലാ വിധ സംവിധാനങ്ങള്‍ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് അച്ചന്‍ ചാപ്ലിനായിരിക്കുന്ന സീറോ മലബാര്‍ ചാപ്ലിന്‍സിയെ ഒരു ഇടവകയായി ഉയര്‍ത്താത്തത്? രൂപത വരുന്നതിനു മുമ്പുതന്നെ ഒരിടവകയുടെ സ്വഭാവം കാണിച്ചു തുടങ്ങിയതല്ലേ സീറോ മലബാര്‍ ലീഡ്‌സ് ചാപ്ലിന്‍സി ! എന്നിട്ടും…

ഉ. അടിസ്ഥാനപരമായി നമുക്കൊരു പള്ളിയില്ല. ഇത്, ഉപയോഗിക്കാന്‍ വേണ്ടി മാത്രം തന്നിരിക്കുന്ന ഒരു പള്ളിയാണ്. അതു കൊണ്ട് പരിമിതികള്‍ ധാരാളം ഉണ്ട്. ഞാന്‍ അറിഞ്ഞിടത്തോളം സ്വന്തമായി നമുക്ക് പള്ളിയുണ്ടായതിനു ശേഷം ഇടവക രൂപീകരണം മതി എന്നാണ് പിതാവിന്റെ തീരുമാനം.
ചോ. മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ഫാ. മുളയോലില്‍ ചാപ്ലിനായ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സി ഒരിടവകയായി ഉയര്‍ത്തപ്പെട്ടാല്‍ നിലവില്‍ കിട്ടുന്ന ആദ്ധ്യാത്മിക ഗുണങ്ങളേക്കാള്‍ കൂടുതലായി അല്‍മായര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ?

ഉ. ഇടവക എന്നു പറഞ്ഞാല്‍ കുടുംബങ്ങളുടെ വളരുന്ന കൂട്ടായ്മയാണ്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെടുത്തേണ്ട കാര്യവുമില്ല. പക്ഷേ, ഇടവകയായി രൂപപ്പെട്ടാല്‍ മറ്റുള്ള ക്രൈസ്തവ കൂട്ടായ്മകളില്‍ നിന്നു കിട്ടുന്ന ആദ്ധ്യാത്മിക ഗുണങ്ങളേക്കാള്‍ കൂടുതല്‍ ആദ്ധ്യാത്മീകത സീറോ മലബാര്‍ വിശ്വാസികള്‍ക്ക് അനുഭവിക്കാം എന്നതില്‍ സംശയമില്ല.

ചോ. അഭിവന്ദ്യ പിതാവിന്റെ പ്രവര്‍ത്തന ശൈലിയില്‍ സന്തുഷ്ടനാണോ?

ഉ.  ചെയ്യുന്നതൊക്കെ രൂപതയുടെ നന്മയ്ക്ക് വേണ്ടിയാണ്.  പിതാവിന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സന്തോഷവാനാണ്. വളര്‍ച്ചയെത്താത്ത ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്ക് ധാരാളം പരിമിതികള്‍ ഉണ്ട്. കൂട്ടിച്ചേര്‍ക്കപ്പെടേണ്ടതില്‍ പലതും ഇപ്പോഴും സഭയ്ക്ക് പുറത്താണ്.

ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ ഔദ്യോഗീക ഉദ്ഘാടനം നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ലീഡ്‌സ് ചാപ്ലിന്‍സിയൊരുങ്ങി. ഈശോയെ ആദ്യമായി സ്വീകരിക്കാന്‍ കുറെ കുരുന്നു ഹൃദയങ്ങളും…

‘ഭാരതമേ നിന്‍ രക്ഷ നിന്‍ മക്കളില്‍’

 വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles