ഡെങ്കിപ്പനി ബാധിച്ച് മരിച്ച് ഏഴു വയസ്സുകാരിയുടെ മാതാപിതാക്കളില്‍ നിന്ന് ആശുപത്രി അധികൃതര്‍ ഈടാക്കിയത് 18 ലക്ഷം രൂപ. 15 ദിവസം കുട്ടി ഐസിയുവില്‍ കിടന്നതിനാണ് ഇത്രയും ഭീമമായ തുക നല്‍കേണ്ടി വന്നത്. എന്നാല്‍ വിലകൂടിയ മരുന്നുകള്‍ നല്‍കിയെന്നും മികച്ച ചിക്ത്‌സ നല്‍കിയെന്നും അവകാശപ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.

ആഗസ്റ്റ് 27 നാണ് കടുത്ത പനിയെത്തുടര്‍ന്ന് ആദ്യ സിങ് എന്ന് ഏഴു വയസ്സുകാരിയെ റോക്ക്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിനു ശേഷവും പനിക്ക് മാറ്റമില്ലാതെ വന്നതോടെ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ആഗസ്റ്റ് 31ന് വിദഗ്ധ ചികിത്സയ്ക്കായി ആദ്യയെ ഗുഡ്ഗാവിലെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ദിവസം കഴിയുംതോറും കുട്ടിയുടെ നില കൂടുതല്‍ വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

പിന്നീടുള്ള പത്ത് ദിവസങ്ങള്‍ വെന്റിലേറ്റര്‍ വഴിയാണ് കുട്ടിയുടെ ജീവന്‍ പിടിച്ചു നിര്‍ത്തിയത്. ആദ്യ ഐസിയുവിലുള്ള ദിവസങ്ങളില്‍ ഉയര്‍ന്ന തുകയാണ് ഈടാക്കിയിരുന്നതെന്നും ഇതിനു പുറമേ 1600 ഗ്ലൗസും 660 സിറിഞ്ചുകളും വിലകൂടിയ മരുന്നുകളും വാങ്ങിപ്പിച്ചുവെന്നും ആദ്യയുടെ പിതാവ് ജയന്ത് സിങ് പറഞ്ഞു. എന്നാല്‍ ഇതൊക്കെ തങ്ങളുടെ മകള്‍ക്ക് വേണ്ടി ഉപയോഗിച്ചോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ജയന്ത് സിങ്ങ് ആരോപിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെപ്റ്റംബര്‍ 14ന് നടത്തിയ എംആര്‍ഐ സ്‌കാനിംഗില്‍ കുട്ടിയുടെ ബ്രെയിന്‍ പൂര്‍ണ്ണമായും തകരാറിലായി കണ്ടെത്തിയതോടെ ഡോക്ടര്‍മാര്‍ ഇനി പ്രതീക്ഷയില്ലെന്ന് മാതാപിതാക്കളെ അറിയിച്ചു. മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മകളെ കൊണ്ടുപൊയ്‌ക്കോളാം എന്ന് ജയന്ത്‌സിങ് പറഞ്ഞെങ്കിലും കുട്ടിയെ ആംബുലന്‍സിലേക്ക് മാറ്റാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 14ന് അര്‍ധരാത്രിയോടെ കുട്ടി മരിക്കുകയും ചെയ്തു.

പിന്നീട് കുട്ടിയുടെ ഇതുവരെയുള്ള ചികിത്സാച്ചെലവെന്ന് കാണിച്ച് 16 ലക്ഷം രൂപയുടെ ബില്ലാണ് മാതാപിതാക്കള്‍ക്ക് ലഭിച്ചത്. ബില്ലടയ്ക്കാനായി സ്വരുക്കൂട്ടിയ തുക തികയാതെ വന്നതോടെ അഞ്ച് ലക്ഷം രൂപ ലോണെടുക്കേണ്ടി വന്നുവെന്ന് ജയന്ത് പറഞ്ഞു. വിവരം പുറത്തറിഞ്ഞതോടെ ഭീമമായ തുട ഈടാക്കിയ ആശുപത്രിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം ശക്തമാകുകയാണ്. ജയന്ത് സിങ്ങിന്റെ സുഹൃത്തിന്റെ ട്വീറ്റിലൂടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ആയിരക്കണക്കിന് ആളുകളാണ് ട്വീറ്റ് ഷെയര്‍ ചെയ്യുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തത്.

സോഷ്യല്‍ മീഡിയയിലൂടെ വിവരം ശ്രദ്ധയില്‍പ്പെട്ടതോടെ കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ വിഷയത്തില്‍ ഇടപെടുകയും അന്വേഷണം നടത്തി ഉടന്‍ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. വിഷയത്തില്‍ കേന്ദ്രമന്ത്രി ആശുപത്രി അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം തങ്ങളുടെ ഭാഗത്ത് യാതൊരു പിഴവുമുണ്ടായിട്ടില്ലെന്ന് ആശുപത്രി പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി. ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നും ഓരോ ദിവസവും കുട്ടിയുടെ നില വഷളാകുന്നത് സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് കൃത്യമായ വിവരം നല്‍കിയിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. ഈയൊരവസ്ഥയില്‍ മെഡിക്കല്‍ നിയമത്തിനെതിരായി കുട്ടിയെ മറ്റൊരാശുപത്രിയിലേക്ക് മാറ്റാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നുവെന്നും എന്നാല്‍ അന്ന് രാത്രി തന്നെ കുട്ടി മരണപ്പെട്ടുവെന്നും അധികൃതര്‍ വ്യക്തമാക്കി. പീഡിയാട്രിക് ഐസിയുവില്‍ 15 ദിവസം കുട്ടിയെ കിടത്തിയിരുന്നുവെന്നും ഹൈ ഫ്രീക്വന്‍സി വെന്റിലേറ്ററാണ് ഉപയോഗിച്ചതെന്നും ദിവസവും ഡയാലിസിസ് നടത്തേണ്ടി വന്നുവെന്നും ഇതിനൊക്കെ ചെലവായ തുക മാത്രമേ ഈടാക്കിയിട്ടുള്ളുവെന്നും ആശുപത്രിയുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു