ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ അക്രമിയുടെ കുത്തേറ്റ 11 വയസ്സുകാരിയും അമ്മയും ഓസ്ട്രേലിയയിൽ നിന്ന് വന്ന ടൂറിസ്റ്റുകളാണെന്ന് പോലീസ് വെളിപ്പെടുത്തി. ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അവളുടെ പൗരത്വം വെളിപ്പെടുത്തുകയും ആക്രമണനിരയായ പെൺകുട്ടിക്കും അമ്മയ്ക്കും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. എട്ടുതവണയാണ് അക്രമി പെൺകുട്ടിയെ കത്തികൊണ്ട് കുത്തിയത്. കൊലപാതക ശ്രമത്തിനും മാരകായുധം കൈയ്യിൽ വെച്ചതിനും 32 വയസ്സുകാരനായ ഇയോൻ പിന്താരുവിനെതിരെ പോലീസ് കേസെടുത്തു.
തിങ്കളാഴ്ച ലണ്ടനിലെ ലെസ്റ്റർ സ്ക്വയറിൽ 11 വയസ്സുകാരിയായ പെൺകുട്ടിയും 34 കാരിയായ അവളുടെ അമ്മയും കത്തിയാക്രമണത്തിനിരയായ സംഭവം ബ്രിട്ടനിൽ ആകെ കടുത്ത ഞെട്ടലാണ് ഉളവാക്കിയത്. നീചമായ പ്രവർത്തി ചെയ്ത പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് കഴിഞ്ഞ ദിവസം ആണ് പുറത്തുവിട്ടത് . റൊമാനിയൻ വംശജനായ പ്രതിയെ കോടതിയിൽ ഹാജരാക്കി. വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേഷൻ കോടതി പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇയാളുടെ വിചാരണ സെപ്റ്റംബറിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ .
സൗത്ത് പോർട്ടിൽ ഉണ്ടായ കത്തിയാക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ ദാരുണമായി കൊല്ലപ്പെടാൻ ഇടയാക്കിയ സംഭവം കടുത്ത പ്രശ്നങ്ങൾ ആണ് ബ്രിട്ടനിൽ അങ്ങോളം ഇങ്ങോളം സൃഷ്ടിച്ചത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് മാത്രം നടന്ന സംഭവത്തെ തുടർന്ന് കടുത്ത കുടിയേറ്റ വിരുദ്ധ വികാരമാണ് വലതുപക്ഷ തീവ്രവാദികൾ ഉയർത്തുന്നത്. തിങ്കളാഴ്ച റൊമാനിയൻ വംശജനായ വ്യക്തിയുടെ കത്തിയാക്രമണത്തിൽ 11 വയസ്സുകാരി പെൺകുട്ടിക്കും അമ്മയ്ക്കും കുത്തേറ്റ സംഭവം ബ്രിട്ടനിൽ ഉടനീളം നടക്കുന്ന കലാപാഗ്നിയിലേയ്ക്ക് എണ്ണ പകരുമോ എന്നാണ് മലയാളികൾ ഉൾപ്പെടെയുള്ള യുകെയിലെ അന്യദേശക്കാർ ഭയപ്പെടുന്നത്.
Leave a Reply