ന്യൂസ് ഡെസ്ക് മലയാളം യുകെ

മെൽബൺ : സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയൻ സ്‌റ്റേറ്റ്‌ വിക്‌ടോറിയ പിന്മാറിയതോടെ 2026 -ലെ കോമൺവെൽത്ത്‌ ഗെയിംസ്‌ പ്രതിസന്ധിയിലായി. പുതിയ വേദി കണ്ടുപിടിക്കാനായില്ലെങ്കിൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായി കോമൺവെൽത്ത്‌ ഗെയിംസ്‌ നടക്കാതെ വരും. കഴിഞ്ഞ വർഷം ഏപ്രിലിലാണ്‌ വിക്‌ടോറിയയെ ആതിഥേയ നഗരമായി പ്രഖ്യാപിച്ചത്‌. നാലുവർഷത്തിലൊരിക്കൽ നടക്കുന്ന മേളയുടെ അവസാന പതിപ്പ്‌ കഴിഞ്ഞവർഷം ഇംഗ്ലണ്ടിലെ ബെർമിങ്‌ഹാമിലായിരുന്നു. കോമൺവെൽത്തിൽ 54 രാജ്യങ്ങളാണ്‌.

കോമണ്‍വെല്‍ത്ത് ഗെയിംസി‍നിന്റെ നടത്തിപ്പിന് ആദ്യം തീരുമാനിച്ചിരുന്ന തുക 2 ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ ആയിരുന്നു. എന്നാലിത് പിന്നീട് ഏകദേശം 7 ബില്യൺ ഓസ്‌ട്രേലിയൻ ഡോളറായാണ് ഉയർത്തിയത്. ”ഞാൻ ഈ സ്ഥാനത്തിരുന്ന് ബുദ്ധിമുട്ടുള്ള ഒരുപാട് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഇത് അത്തരമൊരു തീരുമാനം അല്ല. സത്യം പറഞ്ഞാൽ, ഒരു കായിക മത്സരത്തിന് ഏഴ് ബില്യൺ ഡോളർ ചെലവാക്കുക എന്നത് റിസ്കുള്ള കാര്യമാണ്. ഞങ്ങൾ അത് ചെയ്യുന്നില്ല”, ഡാനിയേൽ ആൻഡ്രൂസ് മെൽബണിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം കണക്കാക്കിയതിനേക്കാൾ മൂന്നിരട്ടിയാണ് ഇപ്പോഴത്തെ എസ്റ്റിമേറ്റ് എന്നും അത് സംഘടിപ്പിക്കാൻ ഞാൻ ആശുപത്രികളിൽ നിന്നും സ്കൂളുകളിൽ നിന്നുമൊന്നും പണം പിരിക്കില്ലെന്നും കരാറിൽ നിന്നും പിൻമാറാനുള്ള തീരുമാനം കോമൺവെൽത്ത് ഗെയിംസ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

26 വിഭാ​ഗങ്ങളിലായി 20 കായിക ഇനങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ​ഗെയിംസ് വിക്ടോറിയയിലെ ഗീലോംഗ്, ബല്ലാരത്ത്, ബെൻഡിഗോ, ഗിപ്പ്‌സ്‌ലാൻഡ്, ഷെപ്പാർട്ടൺ തുടങ്ങിയ സ്ഥലങ്ങളിൽ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. വേദികളുടെ എണ്ണം കുറയ്‌ക്കാനും വിക്ടോറിയൻ തലസ്ഥാനമായ മെൽബണിലേക്ക്‌ മാറ്റാനും ശ്രമം നടത്തിയിരുന്നു. എന്നാൽ, അതൊന്നും ഫലംകണ്ടില്ല. ഫെഡറേഷനുമായുള്ള കരാർ റദ്ദാക്കിയതോടെ വിക്‌ടോറിയ വൻതുക നഷ്ടപരിഹാരം നൽകേണ്ടിവരും. എന്നാൽ, ഇതിനെക്കുറിച്ച്‌ ആൻഡ്രൂസ്‌ പ്രതികരിച്ചില്ല. തീർത്തും നിരാശപ്പെടുത്തുന്ന തീരുമാനമെന്നായിരുന്നു ഫെഡറേഷന്റെ പ്രതികരണം