ചിയ്യാരത്ത് എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായിരുന്ന നീതു (21) എന്ന പെൺകുട്ടിയെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കുത്തി പരിക്കേൽപ്പിച്ചും പെട്രോളൊഴിച്ച് തീകൊളുത്തിയും കൊലപ്പെടുത്തിയ കേസിൽ പ്രതി നിധീഷിന് ജീവപര്യന്തം തടവ് ശിക്ഷ. തടവിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം. തൃശ്ശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്.

ചിയ്യാരം വത്സലാലയത്തിൽ കൃഷ്ണരാജിന്റെ മകൾ നീതുവിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി വടക്കേക്കാട് കല്ലൂർകോട്ടയിൽ നിധീഷിനെ(27) കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് മുമ്പ് ഹൈക്കോടതി ഉൾപ്പടെ 17 തവണയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ഏപ്രിൽ നാലിന് കൊലപാതകത്തിന് തൊട്ടുപിന്നാലെ അറസ്റ്റിലായ പ്രതി നാളിതുവരെ പുറംലോകം കണ്ടിട്ടില്ല. തടവ് ശിക്ഷ വിധിച്ചതോടെ ശിക്ഷാ കാലയളവ് കഴിയും വരെ ഒരു പക്ഷെ പ്രതിക്ക് പുറത്തിറങ്ങാനാകില്ല.

2019 ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥിനിയായിരുന്ന നീതുവിനെ നിധീഷ് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. രാവിലെ 6.45ഓടെയായിരുന്നു സംഭവം.

കാക്കനാടുള്ള ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന നിധീഷ് നീതുവിനെ കൊലപ്പെടുത്താനായി ലക്ഷ്യം വെച്ച് കത്തിയും വിഷവും കൈവശം വെച്ചാണ് സംഭവസ്ഥലത്തെത്തിയത്. കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യാനായി വിഷവും ഇയാൾ കൈയ്യിൽ കരുതിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവദിവസം പുലർച്ചെ ബൈക്കിൽ നീതുവിന്റെ വീടിന്റെ പിൻവശത്തെത്തിയ പ്രതി പിൻവാതിലിലൂടെ വീട്ടിൽ പ്രവേശിച്ച് കുളിമുറിയിലായിരുന്ന നീതുവിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തിപ്പരിക്കേൽപ്പിച്ച് പെട്രോളൊഴിച്ച് കത്തിച്ചു. നീതു തൽക്ഷണം മരിച്ചു. വിഷം കഴിച്ച് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ നിധീഷിനെ നാട്ടുകാർ ചേർന്ന് പിടികൂടുകയും ചെയ്തു.

സിറ്റി ക്രൈംബ്രാഞ്ച് അസി. പോലീസ് കമ്മിഷണറായ സിഡി ശ്രീനിവാസനാണ് അതിവേഗത്തിൽ കേസ് അന്വേഷണം പൂർത്തിയാക്കിയത്. 90 ദിവസത്തിനുള്ളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചതോടെ പ്രതിക്ക് ജാമ്യത്തിനുള്ള സാവകാശവും ലഭിച്ചില്ല. സംഭവം നടന്ന് ഒന്നര വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയായതും അപൂർവമാണ്.

2020 ഓഗസ്റ്റ് 20 മുതൽ സാക്ഷിവിസ്താരം ആരംഭിച്ച കേസിൽ മൂന്നു മാസത്തിനു മുമ്പു തന്നെ വിചാരണ പൂർത്തിയാക്കി. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിട്ടും കാലതാമസം ഒഴിവാക്കാൻ കഴിഞ്ഞിരുന്നു. കേസിൽ പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെഡി ബാബു ഹാജരായി.