ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ കൊച്ചു കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സഫോക്ക് സർവകലാശാല നടത്തിയ ഒരു സർവേയിൽ പ്രതികരിച്ചവരിൽ 3.7% പേർ അഞ്ച് വയസ്സിന് മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും 13.1% പേർ ആറ് മുതൽ പത്ത് വയസ്സ് വരെ പ്രായമുള്ളവരാണെന്നും വെളിപ്പെടുത്തിയത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. ഇത്തരം ചൂഷണത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിനായി അവർക്ക് ചുറ്റും ഉചിതമായ രക്ഷാകവചം ഉണ്ടായിരിക്കേണ്ടതിൻ്റെയും ഉചിതമായ ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതിന്റെയും ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്ന സംഭവങ്ങൾ കൂടി കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യയുടെ വളർച്ച കുട്ടികളെ ചൂഷണം ചെയ്യുന്നതിനുള്ള പുതിയ വഴികൾ അവതരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. യുകെ പോലീസ് സേനയ്ക്ക് ഓരോ മാസവും 110-ലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമങ്ങളുടെ റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്ന് നാഷണൽ ക്രൈം ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഒൻപത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രായത്തിനനുസരിച്ചുള്ള ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നത്. സ്കൂളുകളിലെ കുട്ടികൾ തങ്ങൾ അഭിമുഖീകരിച്ച ലൈംഗിക പീഡനത്തെ കുറിച്ചുള്ള പേര് വെളിപ്പെടുത്താതെ നടത്തിയ തുറന്നു പറച്ചിലുകൾ ഒരു വെബ്സൈറ്റ് വഴി പുറത്തുവിട്ടത് ആണ് ഈ വിഷയം വീണ്ടും ചർച്ചയാകാൻ കാരണമായത് . വെബ്‌സൈറ്റിൽ പറയുന്ന കാര്യങ്ങൾ കുട്ടികളെ എത്രമാത്രം ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്നതിൻറെ ദൃഷ്ടാന്തമാണ് വരച്ചു കാണിക്കുന്നത്. ലൈംഗിക പീഡനത്തിന്റെയും അനുചിതമായ സ്പർശനത്തിന്റെയും മറ്റ് ചൂഷണങ്ങളുടെയും അനുഭവങ്ങൾ everyonesinvited.uk എന്ന സൈറ്റിൽ ആണ് നിരവധി കുട്ടികൾ പേര് പറയാതെ വെളിപ്പെടുത്തിയത്. തനിക്ക് 10 വയസ്സായിരുന്നപ്പോൾ സ്കൂളുകളിലേക്ക് ഉള്ള യാത്രയിൽ മൂന്നു കൗമാരക്കാരായ ആൺകുട്ടികൾ തന്നെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയെന്നും രണ്ടുപേർ തന്നെ ബലാത്സംഗം ചെയ്തുവെന്നും ഒരാൾ ദൃശ്യങ്ങൾ പകർത്തിയതും ഒരു പെൺകുട്ടി വെബ്സൈറ്റിൽ രേഖപ്പെടുത്തിയത് കടുത്ത ഞെട്ടലോടെയാണ് ഏതൊരാൾക്കും വായിക്കാൻ സാധിക്കുകയുള്ളൂ.


പ്രൈമറി സ്കൂൾ അധ്യാപകർ അവരുടെ സ്കൂളുകളിൽ ലൈംഗികാതിക്രമം നടക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നത് ഏറി വരികയാണെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ (NEU) ജനറൽ സെക്രട്ടറി ഡാനിയേൽ കെബെഡെ പറഞ്ഞു. പിഞ്ചുകുട്ടികളെ ചൂഷണം ചെയ്യുന്നവരിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്ത കൗമാരക്കാരാണ്. 2023 ലെ കണക്കുകൾ പ്രകാരം 52% കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് 10 നും 17 നും ഇടയിൽ പ്രായമുള്ള വ്യക്തികളാണ് . ഇത്തരം പ്രവർത്തികളെ കുറിച്ച് വ്യക്തമായ ധാരണകൾ പകരുന്ന ലൈംഗിക വിദ്യാഭ്യാസം, എന്താണ് ആരോഗ്യകരമായ ബന്ധങ്ങൾ എന്നീ കാര്യങ്ങളെ കുറിച്ച് കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുന്നതിൻ്റെ ആവശ്യകതയെ കുറിച്ചാണ് പുറത്തുവരുന്ന കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്.