ന്യൂസ് ഡെസ്ക്

ഇന്ത്യ മുഴുവൻ ആ ധീര ജവാനായി കാത്തിരുന്നു… വീര പോരാളിയുടെ സുരക്ഷിതമായ തിരിച്ചു വരവിനായി 135 കോടി ജനങ്ങളുടെ പ്രാർത്ഥനകൾ… നിരായുധനായി ശത്രുരാജ്യത്തിന്റെ തടവിൽ കഴിയുമ്പോഴും സാഭിമാനം തലയുയർത്തി നിന്ന ഇന്ത്യയുടെ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെയോർത്ത് രാജ്യം അഭിമാനം കൊണ്ടു… ജനീവ കൺവൻഷൻ ധാരണ അനുസരിച്ച് അഭിനന്ദനെ ഉടൻ വിട്ടയയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന് നിരാകരിക്കാൻ ആവുന്നതായിരുന്നില്ല.

ലോക രാഷ്ട്രങ്ങൾ മുഴുവൻ ഇന്ത്യയ്ക്കായി അണിനിരന്ന ദിനങ്ങൾ. ഇന്ത്യൻ സൈന്യത്തിന്റെ ശക്തി അളക്കാനിരുന്ന പാക് ഭരണകൂടത്തിന് കണക്കു കൂട്ടൽ പാതി വഴി അവസാനിപ്പിക്കേണ്ടി വന്ന അവസ്ഥ. നിരായുധനായ സൈനികനെ വച്ച് വിലപേശാനുള്ള പാപ്പരത്തം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഇന്ത്യൻ സൈന്യം പ്രഖ്യാപിക്കും മുൻപ് ജാമ്യമെടുത്തു പാക് ഭരണകൂടം. പാക്കിസ്ഥാന്റെ ഔദാര്യമായി അഭിനന്ദിന്റെ മോചനമാകാമെന്ന് പാക് പ്രധാനമന്ത്രി പാർലമെന്റിൽ പ്രഖ്യാപിക്കുമ്പോള്‍ പാക് അധികൃതർക്ക് അറിയാമായിരുന്നു വൈകി വരുന്ന വിവേകത്തിന്റെ വില കനത്തതായിരിക്കുമെന്ന്.

ഇന്നു ഇന്‍ഡ്യന്‍ സമയം രാത്രി 9.20 ന്  വാഗാ ബോർഡറിൽ പാക്കിസ്ഥാനി റേഞ്ചേഴ്സ് ഇന്ത്യയുടെ ധീരനായ പോരാളിയെ ആർത്തിരമ്പുന്ന ജനതയുടെ കൈകളിലേയ്ക്ക് കൈമാറി. നെഞ്ചുവിരിച്ച് നിർഭയനായി തലയുയർത്തി തീക്ഷ്ണമായ നോട്ടവുമായി മാതൃരാജ്യത്തിന്റെ മണ്ണിലേയ്ക്ക് തിരിച്ചെത്തി അഭിനന്ദൻ. ഓരോ ഇന്ത്യാക്കാരനും വീരനായകനെ അഭിമാനത്തോടെ നെഞ്ചോടു ചേർത്തു. യുദ്ധമുഖത്തെ നായകനായി അഭിനന്ദൻ വർധമാൻ നടന്നു കയറിയത് ഭാരത ജനതയുടെ ഹൃദയത്തിലേയ്ക്കായിരുന്നു.