പെണ്‍കുട്ടികള്‍ വസ്ത്രം മാറുമ്പോള്‍ കതക് അടയ്ക്കരുതെന്ന വിചിത്ര നിയമവുമായി നേഴ്‌സിംഗ് കോളജ്
6 March, 2017, 4:43 pm by News Desk 1

കൊല്ലം: പെണ്‍കുട്ടികള്‍ക്ക് വിചിത്രനിയമങ്ങളുമായി കൊല്ലത്തെ സ്വകാര്യ നേഴ്‌സിംഗ് കോളജ്. വിചിത്രമായ നിയമങ്ങള്‍ കൊണ്ടും അനാവശ്യ പിഴകള്‍ ചുമത്തിയും കോളജ് മാനേജ്‌മെന്റ് തങ്ങളെ അടിച്ചമര്‍ത്തുന്നതായി വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടു. കൊല്ലം ഉപാസന നേഴ്‌സിംഗ് കോളജിനെതിരെയാണ് പരാതി. കുട്ടികള്‍ക്കെതിരെ ജാതി വിവേചനം ഉള്‍പ്പെടെ ശക്തമായിരുന്നെങ്കിലും അടുത്ത കാലത്ത് കൊണ്ടു വന്ന ഒരു നിയമത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ സമരം തുടങ്ങിയിരിക്കുകയാണ്.

പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ വസ്ത്രം മാറുമ്പോള്‍ കതക് അടയ്ക്കരുതെന്നാണ് ഈ നിയമം. കതക് അടച്ചാല്‍ പെണ്‍കുട്ടികള്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് ആരോപിച്ചാണ് നിയമം കൊണ്ടുവന്നത്. കതക് അടച്ചാല്‍ പെണ്‍കുട്ടികള്‍ രഹസ്യമായി ഫോണ്‍ നോക്കുകയോ സ്വവര്‍ഗ ലൈംഗികതയില്‍ ഏര്‍പ്പെടുകയോ ചെയ്യുമെന്നാണ് കോളജ് അധികൃതരുടെ വാദം. വസ്ത്രം മാറുമ്പോള്‍ കസേര വച്ച് കതക് ചാരിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിയമം നടപ്പിലാക്കിയ പ്രിന്‍സിപ്പാള്‍ ജെസിക്കുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാല് ദിവസം മുമ്പാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതും സ്വകാര്യതയിലേക്ക് കടന്നു കയറുന്നതും പതിവാണെന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു.

ക്യാംപസില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം നിരോധിച്ചിരിക്കുകയാണ്. ആഴ്ചയില്‍ ഒരു തവണ പൊതുഫോണ്‍ ഉപയോഗിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഡയറികള്‍ എടുത്തു കൊണ്ട് പോകുന്നതും ഡയറിക്കുറിപ്പുകള്‍ ക്ലാസിന് മുന്നില്‍ വായിച്ച് കേള്‍പ്പിക്കുന്നതും പതിവാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പോണ്‍ കാണുന്നുവെന്ന് ആരോപിച്ച് ലൈബ്രറിയില്‍ ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്.

വിദ്യാര്‍ത്ഥി സംഘടനകളില്‍ ചേരാന്‍ അനുവദിക്കില്ല. നേഴ്‌സിംഗ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്ന സംഘടനയില്‍ ചേരാന്‍ മാത്രമേ അനുമതിയുള്ളൂ. ഈ സംഘടനയ്ക്ക് വേണ്ടി കോളജ് അധികൃതര്‍ നിര്‍ബന്ധിതമായി പണം പിരിക്കാറുണ്ട്. എന്നാല്‍ ഈ പണം എങ്ങോട്ട് പോകുന്നുവെന്ന് അറിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Comments are closed.

RELATED NEWS

RECENT POSTS
Copyright © . All rights reserved