ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിജയം കൊതിച്ച് വരേണ്ടെന്ന മുന്നറിയിപ്പുമായി മുന്‍ ഓസ്‌ട്രേലിയന്‍ പേസ് താരം ഗ്ലെന്‍ മഗ്രഹാത്ത്. സ്റ്റീവ് സ്മിത്തും, ഡേവിഡ് വാര്‍ണറും ഇല്ലെങ്കിലും പരമ്പരയില്‍ മുന്‍തൂക്കം ആതിഥേയര്‍ക്ക് തന്നെയാണെന്നും ടെസ്റ്റ് പരമ്പര ഇന്ത്യ 4-0ന് തോല്‍ക്കുമെന്നുമാണ് ഇതിഹാസ ബൗളറുടെ പ്രവചനം.
‘സ്റ്റീവ് സ്മിത്തും, ഡേവിഡ് വാര്‍ണറും സൃഷ്ടിച്ച വിടവ് വലിയത് തന്നെയാണ്. പക്ഷെ ചെറുപ്പക്കാരായ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇതൊരു അവസരമാണ്. നല്ല പ്രകടനം കാഴ്ചവെച്ചാല്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള സുവര്‍ണ്ണാവസരം. പരമ്പര രസകരമാകും, പക്ഷെ ഓസ്‌ട്രേലിയ 4-0ന് വിജയിക്കും, മഗ്രഹാത്ത് തറപ്പിച്ച് പറയുന്നു. രണ്ട് പ്രമുഖ താരങ്ങള്‍ വിലക്ക് നേരിടുന്നതിന്റെ ക്ഷീണം ടീമിനുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. പരമ്പര വിജയിക്കാന്‍ ഓസീസ് വളരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കണം.
നവംബര്‍ 21ന് മൂന്ന് ടി20 മത്സരങ്ങളോടെയാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്. ഇതിന് ശേഷം നടക്കുന്ന ടെസ്റ്റ് പരമ്പര അഡ്‌ലെയ്ഡ് ഓവലില്‍ അരങ്ങേറും. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പയോടെയാണ് പര്യടനം അവസാനിക്കുക. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മികവ് പ്രകടിപ്പിച്ച് ബൗളിംഗ് വിഭാഗത്തിന് പിന്തുണ നല്‍കണമെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആഗ്രഹിക്കുന്നത്. 20 വിക്കറ്റും വീഴ്ത്താന്‍ പര്യാപ്തമായ ബൗളിംഗ് നിര ഇന്ത്യക്കുണ്ട്. മറുവശത്ത് ബാറ്റ്‌സ്മാന്‍മാരും ആ ശ്രദ്ധ ചെലുത്തണം, കോലി വ്യക്തമാക്കി.
ഇംഗ്ലണ്ടില്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ബാറ്റിംഗില്‍ തകര്‍ന്നതോടെയാണ് പല വിജയങ്ങളും ഇന്ത്യ നഷ്ടപ്പെടുത്തിയത്.
Leave a Reply