ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ടിക്ടോക്കിന്റെ അലഗോരിതം കുട്ടികളുടെ അക്കൗണ്ടുകളിലേയ്ക്ക് അശ്ലീലവും ലൈംഗികവുമായ ഉള്ളടക്കങ്ങൾ ഉള്ള കാര്യങ്ങൾ ശുപാർശ ചെയ്യുന്നതായി മനുഷ്യാവകാശ സംഘടനയായ ‘ഗ്ലോബൽ വിറ്റ്നസ്’ നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടു. 13 വയസ്സുകാരെന്ന് നടിച്ച് സൃഷ്ടിച്ച വ്യാജ അക്കൗണ്ടുകളിലും സുരക്ഷാ ക്രമീകരണങ്ങൾ പ്രവർത്തിപ്പിച്ചിട്ടും, ഗവേഷകർക്ക് ലൈംഗികമായ വീഡിയോ ശുപാർശകൾ ലഭിച്ചു. ചിലപ്പോൾ അത് നേരിട്ട് അശ്ലീല ചിത്രങ്ങളിലേക്കും സ്ത്രീകളുടെ നഗ്നദൃശ്യങ്ങളിലേക്കും വഴിതെളിച്ചു.
“റെസ്ട്രിക്ടഡ് മോഡ്” പ്രവർത്തനസജ്ജമാക്കിയിട്ടും അക്കൗണ്ട് തുടങ്ങുന്ന ഘട്ടത്തിൽ തന്നെ കുട്ടികൾക്ക് അനുചിതമായ തിരച്ചിൽ വാക്കുകൾ ശുപാർശ ചെയ്യപ്പെടുന്നതായാണ് സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നത് . അവയിൽ ചിലത് സ്ത്രീകളുടെ സ്വയംഭോഗം അനുകരിക്കുന്ന ദൃശ്യങ്ങളും, പൊതുസ്ഥലങ്ങളിൽ അടി വസ്ത്രം പ്രദർശിപ്പിക്കുന്ന രംഗങ്ങളും, ഏറ്റവും മോശം സാഹചര്യങ്ങളിൽ തുറന്ന അശ്ലീല ചിത്രങ്ങളും ഉൾപ്പെടുന്നതായിരുന്നു. ഈ വീഡിയോകൾ നിരീക്ഷണ സംവിധാനങ്ങളെ വഞ്ചിക്കാൻ സാധാരണ ഉള്ളടക്കങ്ങളോടൊപ്പം ചേർത്തു പ്രസിദ്ധീകരിച്ചിരുന്നതായി കണ്ടെത്തി.
റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ടിക്ടോക്ക് ചില വീഡിയോകൾ നീക്കം ചെയ്തെങ്കിലും പിന്നീട് നടത്തിയ പരിശോധനകളിലും പ്രശ്നം തുടരുന്നുണ്ടെന്ന് ഗ്ലോബൽ വിറ്റ്നസ് വ്യക്തമാക്കി. 2025 ജൂലൈയിൽ പ്രാബല്യത്തിൽ വന്ന ഓൺലൈൻ സേഫ്റ്റി ആക്ട് പ്രകാരം, കുട്ടികളെ അശ്ലീല ഉള്ളടക്കത്തിൽ നിന്ന് സംരക്ഷിക്കാനുള്ള നിയമ ബാധ്യത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കുണ്ട്. “കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്, ഇനി റെഗുലേറ്റർമാർ തന്നെ ഇടപെടേണ്ട സമയമാണിത്,” എന്ന് ഗ്ലോബൽ വിറ്റ്നസ് പ്രതിനിധി ആവാ ലീ അഭിപ്രായപ്പെട്ടു.
Leave a Reply