യുകെയിലെ ഒരു മലയാളി കൂട്ടായ്മയ്ക്കും കഴിയാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ : ചെങ്ങന്നൂരിലെ പുലിയൂര്‍ ഗ്രാമത്തില്‍ സജി – പ്രിയ ദമ്പതികള്‍ക്കായി വീടൊരുക്കികൊണ്ട് ജി എം എ ലോക മലയാളി സംഘടനകള്‍ക്ക് വീണ്ടും മാതൃകയാകുന്നു

യുകെയിലെ ഒരു മലയാളി കൂട്ടായ്മയ്ക്കും കഴിയാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ : ചെങ്ങന്നൂരിലെ പുലിയൂര്‍ ഗ്രാമത്തില്‍ സജി – പ്രിയ ദമ്പതികള്‍ക്കായി വീടൊരുക്കികൊണ്ട് ജി എം എ  ലോക മലയാളി സംഘടനകള്‍ക്ക് വീണ്ടും മാതൃകയാകുന്നു
November 07 01:11 2018 Print This Article

ലോറന്‍സ് പെല്ലിശ്ശേരി

ഗ്ലോസ്റ്റര്‍  : സംഘടനാ പ്രവര്‍ത്തനങ്ങളിലെ മികവ് കൊണ്ട് എന്നും വ്യത്യസ്ഥരായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ യുകെയിലെ ഒരു മലയാളി കൂട്ടായ്മയ്ക്കും കഴിയാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ലോക മലയാളികള്‍ക്ക് മാതൃകയാകുന്നു .  ജി എം എയുടെ  കാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായ ഭവന നിര്‍മ്മാണ പദ്ധതിക്ക് ചെങ്ങന്നൂരിലെ പുലിയൂര്‍ ഗ്രാമത്തില്‍ ഐതിഹാസിക തുടക്കം . സഹജീവികളോടുള്ള സഹാനുഭൂതി ഫേസ്ബുക്കിലും വാട്സപ്പിലുമായി ഒതുങ്ങി പോകുന്ന ഇക്കാലത്ത് പ്രളയത്തിൽ എല്ലാം നഷ്ടമായവരെ കൈപ്പിടിച്ചുയർത്തിക്കൊണ്ട് ക്രിയാത്‌മകമായ പ്രവർത്തനങ്ങളിൽ കൂടി ഗ്ലോസ്റ്റർഷെയർ മലയാളികൾ വീണ്ടും യുകെ മലയാളികൾക്ക് അഭിമാനവും മാതൃകയുമായി മാറുന്നു.

അതിന്റെ നേർക്കാഴ്‌ച്ചയായി മാറി ഇന്നലെ ചെങ്ങന്നൂരിലെ പുലിയൂരിൽ ജി എം എയുടെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചുള്ള ആദ്യ ഭവന നിര്‍മ്മാണത്തിന്റെ തറക്കല്ലിടൽ കർമ്മം . വളർത്തി വലുതാക്കിയ സ്വന്തം നാട് , നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ നേരിട്ടപ്പോൾ വെറും കാഴ്ചക്കാരായി മാറിനിൽക്കാതെ നാടിനോടൊപ്പമെന്ന നിലപാടിലെത്താൻ ജി എം എയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നു . ഓണാഘോഷപരിപാടികൾ പോലും നിര്‍ത്തലാക്കികൊണ്ട് , പ്രളയ ദിനങ്ങളിൽ തന്നെ 25000 പൗണ്ട് പിരിച്ചെടുക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് കേരള വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിന് രൂപം നൽകുകയും , ജി എം എയിലെ യുവ തലമുറയടക്കം ഓരോ അംഗങ്ങളും അതിന്റെ ലക്ഷ്യപ്രാപ്തിക്കു വേണ്ടി രംഗത്ത് വരികയും ചെയ്തു.

ജി എം എയിലെ അംഗങ്ങളുടെ സംഭാവനയായും , ജോലിസ്ഥലങ്ങളിൽ ഇന്ത്യൻ  ഭക്ഷണങ്ങള്‍ ഉണ്ടാക്കി വിറ്റഴിച്ചും , മുസ്ലിം – ക്രിസ്ത്യൻ പള്ളികളിലെ സഹായങ്ങള്‍ വഴിയും , തെരുവുകളിലെ ബക്കറ്റ് പിരുവുകളിലൂടെയും , ഫേസ്ബുക്ക് പേജിലെ സഹായ അഭ്യര്‍ത്ഥനകളിലൂടെയുമെല്ലാം  സഹജീവികളോടുള്ള സഹാനുഭൂതി നാണയത്തുട്ടുകളായും പൗണ്ടുകളായും ഒഴുകിയെത്തുകയായിരുന്നു . ചുരുക്കം ചിലർക്കെങ്കിലും അപ്രാപ്യമെന്നു തോന്നിയിരുന്ന 25000 പൗണ്ട് എന്ന ലക്ഷ്യം വെറും മൂന്ന് ആഴ്ചകൾക്കുള്ളിൽ സമാഹരിച്ചുകൊണ്ട് ഇപ്പോൾ 28000 പൗണ്ടിൽ എത്തിനിൽക്കുന്നു എന്നുള്ളത് , വെറും 175 കുടുംബങ്ങൾ അംഗങ്ങളായുള്ള ജി എം എ  ഒരു കമ്മ്യൂണിറ്റി അസോസിയേഷൻ എങ്ങനെ ആയിരിക്കണം എന്നതിന്റെ ചൂണ്ടുപലക ആയി മാറുന്നു .

പ്രളയത്തിൽ കിടപ്പാടം തന്നെ നഷ്ടപെട്ട് , സാമ്പത്തികമായി ഏറ്റവും കഷ്ടത അനുഭവിക്കുന്ന നാല് കുടുംബങ്ങൾക്ക് പൂർണ്ണമായും ജി എം എയുടെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ആറായിരം പൌണ്ടിന് തത്തുല്ല്യമായ പുതിയ വീട് നിർമ്മിച്ച് നൽകുകയാണ് ജി എം എ ചെയ്യുന്നത് . കേരളാ ഗവണ്മെന്റിന്റെ ലൈഫ് മിഷനും , യുക്മയുടെ സ്നേഹക്കൂട് പദ്ധതിയുമായി സഹകരിച്ചാണ് ജി എം എ ഇത് പ്രാവർത്തികമാക്കുന്നത് . ഈ പദ്ധതിയിൽ കൂടി നിർമ്മിക്കുന്ന ആദ്യ ഭവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നലെ ചെങ്ങന്നൂരിലെ പുലിയൂരിൽ കൂലിപ്പണിക്കാരനായ സജി കാരാപ്പള്ളിയിൽ എന്ന വ്യക്തിക്കും കുടുംബത്തിനുമായി തുടക്കം കുറിച്ചിരിക്കുന്നു.

പ്രളയത്തിൽ അവരുടെ കൊച്ചു വീട് പൂർണ്ണമായും ഇല്ലാതായിരുന്നു . കാലങ്ങളായി മാറാ രോഗങ്ങൾ അലട്ടിയിരുന്ന സജിയുടെ ഭാര്യക്കും കുഞ്ഞുങ്ങൾക്കും മുമ്പിൽ വിധി പ്രളയരൂപത്തിൽ വീണ്ടും കോമാളി വേഷം കെട്ടിയപ്പോൾ ജി എം എയുടെ സഹായഹസ്തം അവരെ തേടി ചെല്ലുകയായിരുന്നു . ജി എം എ എക്സിക്യൂട്ടീവ് അംഗം ശ്രീ തോമസ് ചാക്കോയുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായിട്ടായിരുന്നു പുലിയൂരിലെ സജി കാരാപ്പള്ളിയുടെ കുടുംബത്തെ കണ്ടെത്താനും , നിർമ്മാണ തുടങ്ങുന്നതിനാവശ്യമായ ഏകോപനം ഇത്രയും വേഗത്തിൽ സാധ്യമാക്കാനും കഴിഞ്ഞത് .

തറക്കല്ലിടൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സജിക്കും കുടുംബത്തിനുമൊപ്പം പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി . ടി . ഷൈലജ , വാർഡ് മെമ്പർമാരായ മുരളീധരൻ നായര്‍ , ബാബു കല്ലോത്തറ , ജി എം എ പ്രതിനിധി ഷാജി എബ്രഹാം , പൊതു പ്രവർത്തകരായ ബിനു മുട്ടാർ , രാജീവ് പള്ളത്ത് , അജേഷ് പുലിയൂര്‍ തുടങ്ങി പ്രാദേശിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ വിശിഷ്ട അതിഥികൾ സന്നിഹിതരായിരുന്നു . ചെങ്ങന്നൂരിലെ പല സന്നദ്ധ സംഘടനകള്‍ക്കും വേണ്ടി അനേകം വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുള്ള അജേഷ് പുലിയൂരാണ് ജി എം എയുടെ സ്വപ്നക്കൂട് സജി കാരാപ്പള്ളിയ്ക്കായി നിര്‍മ്മിക്കുന്നത് .

യൂകെയിൽ ഇരുന്നു കൊണ്ട് കേരളത്തിൽ ഇങ്ങനെയൊരു നിർമ്മാണ പദ്ധതി ഏറ്റെടുത്തു സാക്ഷാൽക്കരിക്കുക എന്നുള്ളത് വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും , ജി എം എ കമ്മിറ്റിയുടെ നിശ്ചയദാർഢ്യവും മുഴുവൻ അംഗങ്ങളുടെ നിസ്വാർത്ഥ സഹകരണവും ഈയൊരു മിഷന്റെ മുന്നോട്ടുള്ള പ്രയാണം സുഗമമാക്കുന്നു . വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് അങ്ങേയറ്റം സുതാര്യമായും , അഴിമതി രഹിതവുമായി അര്‍ഹരായവരില്‍ മാത്രം എത്തിക്കുന്നതിനായി സുനില്‍ കാസ്സിം , വിനോദ് മാണി , ജില്‍സ് പോള്‍ , വിന്‍സെന്റ് സ്കറിയ , ലോറന്‍സ് പെല്ലിശ്ശേരി , ഡോ : ബിജു പെരിങ്ങത്തറ ,  തോമസ്‌ ചാക്കോ എന്നിവര്‍ അടങ്ങുന്ന ഒരു പ്രത്യേക കമ്മിറ്റിയും രൂപികരിച്ചിട്ടുണ്ട് . ഇതിനൊപ്പം പ്രളയത്തില്‍ വീട്ടിലെ സാധന സാമഗ്രികളെല്ലാം നഷ്ട്ടപ്പെട്ടുപോകുകയോ ഉപയോഗശൂന്യമാകുകയോ ചെയ്ത , സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന 20 കുടുംബങ്ങൾക്ക് ഇരുപതിനായിരം രൂപ വരെ മൂല്യമുള്ള അവശ്യ വസ്തുക്കൾ നൽകി സഹായിക്കുകയും ചെയ്യുന്നു.

ചാരിറ്റി രംഗത്തെ ജി എം എ യുടെ ഓരോ ചുവടുവയ്പ്പും കാലപ്രയാണത്തിൽ സുവർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെടുന്നതിന്റെ ആൽമനിർവൃതിയിലാണ് ഗ്ലോസ്റ്റർഷെയർ മലയാളികൾ . അടുത്ത മൂന്നു വീടുകൾക്കായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ സുഗമമായി പുരോഗമിക്കുമ്പോൾ , ജി എം എ പ്രസിഡന്റ് വിനോദ് മാണിയും , സെക്രട്ടറി ജിൽസ് പോളും , ട്രഷറർ വിൻസെന്റ് സ്കറിയയും ഇതിനെല്ലാം നേതൃത്വം നൽകുന്നതോടൊപ്പം ഇതുമായി സഹകരിക്കുന്ന എല്ലാവരോടുമുള്ള നന്ദിയും ഒത്തിരി സ്നേഹത്തോടെ രേഖപ്പെടുത്തുന്നു

  Article "tagged" as:
gma
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles