ലോറന്‍സ് പെല്ലിശേരി
ഓണം മലയാളിക്ക് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയുമെല്ലാം പ്രതീകമാണ്. പ്രവാസിക്ക്, അതിനുമപ്പുറത്തു അവന്റെ ഹൃദയത്തില്‍ എഴുതിച്ചേര്‍ത്ത, നിറമുള്ള ഓര്‍മ്മകളുടെ ഹരം പിടിപ്പിക്കുന്ന സമ്മേളനം കൂടിയാണ് ഓണം. ഓര്‍മ്മയുടെ പുസ്തകത്താളുകളില്‍ നിന്നും കാഴ്ചയുടെ വര്‍ണ്ണങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്, പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ജി.എം.എ യുടെ നേതൃത്വത്തില്‍, ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍. ഈ വരുന്ന സെപ്റ്റംബര്‍ 30ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശ്രാവണോത്സവം 2017ന് വേദിയാകുന്നത് ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂളാണ്.
പരമ്പരാഗത രീതിയില്‍ താലപ്പൊലിയിലും ചെണ്ടമേളത്തിലും തുടങ്ങി പൂക്കളത്താലും മുത്തുക്കുടകളാലും അലംകൃതമാകുന്ന വേദിയില്‍ പൊതു സമ്മേളനത്തോടെയാണ് ആഘോഷ പരിപാടികള്‍ക്ക് ആരംഭം കുറിക്കുന്നത്. വാശിയേറിയ വടംവലിക്കും വിഭവസമൃദ്ധമായ ഓണസദ്യക്കുമുള്ള ചുറ്റുവട്ടങ്ങള്‍ തയ്യാറായി കഴിഞ്ഞിരിക്കുന്നു. ഗ്ലോസ്റ്ററിലെയും ചെല്‍റ്റന്‍ഹാമിലെയും മേയര്‍, ഡെപ്യൂട്ടി മേയര്‍, ഗ്ലോസ്റ്റര്‍ എം.പി തുടങ്ങിയവരോടൊപ്പം ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ ആത്മീയ ഗുരു ഫാദര്‍ ജോസ് പൂവണിക്കുന്നേലും ഔദ്യോഗിക അതിഥികളായെത്തുന്നു.
യുക്മ തുടങ്ങിയ വേദികളെ തങ്ങളുടെ ചടുല താളത്താല്‍ പ്രകമ്പനം കൊള്ളിച്ചിട്ടുള്ള ജി.എം.എ യുടെ ഒരു പറ്റം മിടുക്കികളും മിടുക്കന്മാരും, തങ്ങളുടെ നൃത്തനൃത്യങ്ങളാല്‍ പതിനഞ്ചാം വര്‍ഷത്തെ ഓണാഘോഷം ചരിത്രത്താളുകളില്‍ ആലേഖനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അവര്‍ക്കൊപ്പം ക്രിസ്റ്റല്‍ ഇയര്‍ ആഘോഷങ്ങള്‍ക്ക് മികവ് പകരാന്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സുദര്‍ശനും കലാഭവന്‍ സതീഷും ഗ്ലോസ്റ്ററിലേക്കെത്തുന്നു.
600ല്‍ പരം പേര്‍ പങ്കെടുക്കുന്ന ശ്രാവണോത്സവ വേദിയില്‍ ഈ വര്‍ഷത്തെ ജി.സി.എസ്.ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്കുന്നതായിരിക്കും. ഒപ്പം ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ബ്യൂട്ടി പേജന്റില്‍ മിസ് ചാരിറ്റി ഹാര്‍ട്ട് (യു.കെ) പട്ടം നേടി, മിസ് ഇന്റര്‍നാഷണല്‍ മത്സരത്തിനായി തയ്യാറെടുക്കുന്ന ജി.എം.എ യുടെ അഭിമാനമായ കൊച്ചു മിടുക്കി സിയെന്‍ ജേക്കബിനെ ആദരിക്കുന്നു.
ആര്‍പ്പുവിളികളുടെ ഓണപ്പുലരിക്കായി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ കാതോര്‍ക്കുമ്പോള്‍, തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം വഹിച്ചുകൊണ്ട് പ്രസിഡന്റ് ടോം ശങ്കൂരിക്കലും (07865 075048), സെക്രട്ടറി മനോജ് വേണുഗോപാലും (07575 370404), ട്രഷറര്‍ അനില്‍ തോമസും (07723 339381) അടങ്ങുന്ന ജി.എം.എ കമ്മിറ്റി ഏവര്‍ക്കും സ്വാഗതമോതുന്നതോടൊപ്പം തികഞ്ഞ ആവേശത്തിലുമാണ്.
Venue: The Crypt School, Podsmead Road, Gloucester, GL2 5AE.
On: Saturday 30 September 2017 at 10am.
Leave a Reply