റോബി മേക്കര

ഗ്ലോസ്റ്റെര്‍ : ഇംഗ്ലണ്ടിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് കോട്‌സ് വേള്‍ഡ് മല നിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഗ്ലോസ്റ്റെര്‍ഷെയര്‍ എന്ന സ്ഥലത്ത് ഇരുന്നൂറില്‍ പരം മലയാളി കുടുംബങ്ങള്‍ അടങ്ങുന്ന ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ (GMA ) ശ്രാവണം 2019 എന്ന പേരില്‍ വളരെ വിപുലമായ രീതിയില്‍ ഓണാഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് . മാവേലിയും , മുത്തുക്കുടയും , താലപ്പൊലിയും , ചെണ്ടമേളവും എല്ലാമായി എല്ലാ വര്‍ഷവും വളരെ ഗംഭീരമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ഈ വർഷം വളരെ വ്യത്യസ്തവും മികവാര്‍ന്നതും ആക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.

പതിവിനു വിപരീതമായി ഈ വർഷം ഓണ സദ്യയോടു കൂടിയാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത് . മുന്നൂറു പേര്‍ക്ക് ഒരേ സമയം ഇരുന്നു കഴിക്കുവാനുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. അലങ്കാരങ്ങളും പൂക്കളവുമെല്ലാം 11 .0 മണിയോട് തന്നെ സജ്ജമാവുകയും, പ്രശസ്ത ഫോട്ടോ ഗ്രാഫര്‍ സ്റ്റാന്‍ ക്ലിക്ക് സ്റ്റുഡിയോയില്‍ നിന്നും മനോഹരമായ ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

എല്ലാ അംഗങ്ങളും കൃത്യം 11 . 00 മണിക്ക് തന്നെ എത്തി ചേരേണ്ടതാണ് . തുടര്‍ന്ന് കൃത്യം 12 . 0 മണിക്ക് ഓണ സദ്യ ആരംഭിക്കുന്നതാണ്.  101 വനിതകള്‍ അണി നിരക്കുന്ന മെഗാ തിരുവാതിരയോടെ കൃത്യം 2 . 30 ന് ആഘോഷ പരിപാടികള്‍ ആരംഭിക്കുന്നതാണ് . ഗ്ലോസ്റ്റെര്‍ഷെയറില്‍ താമസിക്കുന്ന 101 വനിതകള്‍ മെഗാ തിരുവാതിരക്കുള്ള പരിശീലനം മാസങ്ങള്‍ക്കു മുമ്പേ ആരംഭിക്കുകയും അതിന്റെ അവസാന വട്ട പരിശീലനം നടത്തികൊണ്ടിരിക്കുകയുമാണ്. തിരുവാതിരക്ക് ശേഷം ചെല്‍റ്റന്‍ഹാമും ഗ്ലോസ്റ്ററും തമ്മില്‍ കൊമ്പു കോര്‍ക്കുന്ന വാശിയേറിയ വടം വലി മത്സരം മറ്റു വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തവും വാശിയേറിയതും ആകുവാന്‍ ഇരു ടീമുകളും പരിശീലനം ആരംഭിച്ചു കഴിഞ്ഞു.


എല്ലാ വര്‍ഷവും പുരുഷന്‍മാരുടെ ചെണ്ടമേളം ആണ് അരങ്ങേറുന്നത് എങ്കില്‍ ഈ വർഷം 15 വനിതകള്‍ അണി നിരക്കുന്ന വനിതാ ചെണ്ട മേളത്തിനാണ് ഗ്ലോസ്റ്റെര്‍ ഷെയര്‍ സാക്ഷി ആകാന്‍ പോകുന്നത്. നാട്ടില്‍ നിന്നും ചെണ്ട ആശാനെ വിസിറ്റ് വിസയില്‍ കൊണ്ട് വന്ന് കഴിഞ്ഞ ആറ് മാസമായി പരിശീലനം നടത്തി അരങ്ങേറ്റം കുറിക്കുവാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ചെല്‍ട്ടന്‍ഹാം ലേഡീസ് ചെണ്ട ഗ്രൂപ്പ്.

ചെണ്ടമേളവും , പുലികളിയും, താലപ്പൊലിയും , മുത്തുക്കുടയും ഒക്കെയായി വിശാലമായ തോമസ് റിച്ചെസ് സ്‌ക്കൂളിന്റെ അങ്കണത്തിലേക്കു കൊട്ടി കയറുകയും കൃത്യം 3 . 30 ന് യുകെയിലെ പ്രശസ്ത കൊറിയോഗ്രാഫര്‍ കലാഭവന്‍ നൈസ് 50 ഇല്‍ പരം കുട്ടികളെയും മുതിര്‍ന്ന വരെയും ഉള്‍പ്പെടുത്തി അണിയിച്ചൊരുക്കുന്ന വെല്‍ക്കം ഡാന്‍സോടു കൂടി കള്‍ച്ചറല്‍ പരിപാടികള്‍ ആരംഭിക്കുന്നതുമാണ്.

ജി എം എ യില്‍ തന്നെ ഉള്ള റോയി പാനിക്കുളം എഴുതി ഷാന്റി പെരുമ്പാവൂര്‍ സംഗീത സംവിധാനം നിര്‍വഹിച്ച്  ജി എം എ യുടെ അനുഗ്രഹീത ഗായകര്‍ പാടിയ അതിമനോഹരമായ ഗാനത്തിനൊപ്പം നടമാടുന്ന നടന വിസ്മയം കണ്ണിനും കാതിനും കുളിരും ഇമ്പവും ഉളവാകുന്നതാവും എന്ന കാര്യത്തില്‍ സംശയം ഇല്ല. തുടര്‍ന്നങ്ങോട്ട് ഇടതടവില്ലാത്ത പ്രോഗ്രാമുകളുടെ പെരുമഴ തന്നെ ആണ് ഈ വർഷം ജി എം എ ഒരുക്കിയിരിക്കുന്നത് . സ്‌കിറ്റുകളും ഡാന്‌സുകളും പാട്ടുകളും കോമഡി പ്രോഗ്രാമുകളും അടക്കം ഈ വര്‍ഷത്തെ ഓണാഘോഷം വ്യത്യസ്തവും വേറിട്ടതും ആയിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത്രയും വിപുലമായ ആഘോഷ പരിപാടിയുടെ വിജയം മുഴുവന്‍ അംഗങ്ങളുടെയും അകമഴിഞ്ഞ സഹകരണത്തോടെ മാത്രമേ നടത്തി എടുക്കുവാന്‍ സാധിക്കുക ഉള്ളു എന്നതിനാല്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ആവശ്യപ്പെടുകയും അതോടൊപ്പം മുഴുവന്‍ അംഗങ്ങളെയും ജി എം എ ശ്രാവണം 2019 ലേയ്ക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നതായി പ്രസിഡന്റ് സിബി ജോസഫ്, സെക്രട്ടറി ബിനുമോന്‍ കുര്യാക്കോസ് , ട്രെഷറര്‍ ജോര്‍ജ്ജ് കുട്ടി എന്നിവര്‍ ജി എം എ കമ്മിറ്റിക്ക്  വേണ്ടി അറിയിച്ചു

പ്രോഗ്രാം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്

Sir Thomas Rich’s School,

Oakleaze,

Gloucester,

GL2 0LF