സ്വന്തം ലേഖകൻ
ഗ്ലോസ്റ്റർ : പുതുമകൾ തേടിയുള്ള പ്രയാണത്തിൽ ഗ്ലോസ്റ്റർ ഷെയർ മലയാളി അസ്സോസ്സിയേഷൻ എന്നും എത്താറുള്ളത് വേറിട്ട കലാവിരുന്നുകളിലാണ് . പതിവ് തെറ്റിക്കാതെ ഇപ്രാവശ്യത്തെ ജി എം എ യുടെ ഓണാഘോഷത്തിലും പുതുമകൾ ഏറെയായിരുന്നു . മികച്ച കലാവിരുന്നുകൾ കൊണ്ട് ജനപ്രീതി നേടിയ ഇപ്രാവശ്യത്തെ ഓണാഘോഷത്തിൽ കൈയ്യടി നേടിയ ഒരു കലാപരിപാടിയായിരുന്നു ജി എം എ യിലെ വനിതകൾ അവതരിപ്പിച്ച ചെണ്ടമേളം . ഒരു പക്ഷെ പ്രവാസലോകത്ത് ആദ്യമായിട്ടായിരിക്കും വനിതകളുടെ ഇത്രയും നല്ല ഒരു ചെണ്ടമേളം അരങ്ങേറുന്നത് .
ജി എം എ യുടെ ചെൽറ്റൻഹാം യൂണിറ്റിലെ ഗ്ലിന്റി ജെയ്‌സന്റെ നേതൃത്വത്തിലായിരുന്നു ജി എം എ യുടെ ആദ്യ വനിത ചെണ്ടമേളം അരങ്ങേറിയത് . ഓണാഘോഷങ്ങൾക്ക് മനോഹാരിത നൽകണമെന്ന ജി എം എ കമ്മിറ്റിയുടെ അഭ്യർത്ഥനയെ മാനിച്ച് കലാ സ്നേഹികളായ ഒരുപറ്റം കുട്ടുകാരികളെയാണ് ചെണ്ടമേളത്തിനായി ഗ്ലിന്റി ജെയ്‌സൻ കണ്ടെത്തിയത് . റെൻസി സിബി , റിജു സന്തോഷ് , സിജി ബിസ് , സ്മിത റോബി , സ്മിത വിനോദ് , നീനു ജെഡ്സൻ , നീന ജോയ് , ജോസി അരുൺ , ഷൈനി ബാബു , ഷിജി മാത്യു , ഫ്ലോറൻസ് ഫെലിക്സ് , ജിബി സുനിൽ തുടങ്ങിയവർ ഗ്ലിന്റിക്കൊപ്പം അതിമനോഹരമായി കൃത്യമായ താളബോധത്തോടു കൂടി ചെണ്ട കൊട്ടിയപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് തോമസ് റിച്ച് സ്‌കൂളിലെ സദസ്സ് ആ ചെണ്ടമേളം ആസ്വദിച്ചത് . ഗ്ലിന്റി ജെയ്സന്റെ സഹോദരൻ ഗ്ലിസ്റ്റനാണ് കഴിഞ്ഞ ആറ് മാസമായി ഈ വനിതകളെ ചെണ്ടമേളം പരിശീലിപ്പിച്ചത് .
ഗ്ലിന്റിയുടെ സഹോദരൻ ഗ്ലിസ്റ്റൻ ചെണ്ട വിദ്വാനായ ശ്രീമൂലനഗരം സോമൻ മാസ്റ്ററുടെ കീഴിൽ ചെണ്ട അഭ്യസിച്ചു വരികയായിരുന്നു. നാട്ടിൽ അവധിക്ക് എത്തിയപ്പോൾ കുഞ്ഞു മകൻ ആൽഡ്രിക്കിന് അമ്മാവന്റെ ചെണ്ടയിലുള്ള താല്പര്യം തിരിച്ചറിഞ്ഞ് സോമൻ മാസ്റ്ററുടെ കീഴിൽ ദക്ഷിണ വെച്ച് ചെണ്ടമേളം അഭ്യസിച്ചു തുടങ്ങിയിരുന്നു . മകന് കൂട്ടായി പിതാവ് ജെയ്സനും , അമ്മ ഗ്ലിന്റിയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഗുരുമുഖത്തുനിന്ന് ബാലപാഠങ്ങൾ വശത്താക്കിയിരുന്നു . 2017 ലെ ജി എം എ യുടെ ചെൽറ്റൻഹാം യൂണിറ്റിന്റെ ഓണാഘോഷത്തിലും ഈ കുടുംബം ചെണ്ടമേളം അവതരിപ്പിച്ചിരുന്നു.
കേരളത്തിലെ കലാ – സാംസ്കാരിക മേഖലകളിൽ തല്പരരായ കുടുംബാംഗങ്ങളിൽ നിന്ന് പകർന്ന് കിട്ടിയ കലാവാസന യുകെയിലെ ജീവിതത്തിനിടയിലും വളർത്തി കൊണ്ടുവരുവാനും , അത് മറ്റുള്ളവരിലേക്ക് പകർന്നു നൽകുവാനും കഴിഞ്ഞു എന്നുള്ളതാണ് ഇവരുടെ വിജയം . യുകെ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും സമയപരിമിതിയിലും നിന്നുകൊണ്ട് കേരളത്തിന്റെ തനതായ ഈ കലാരൂപം പഠിച്ചെടുത്ത് വേദിയിൽ എത്തിച്ച ഈ സ്ത്രീരത്നങ്ങൾ അഭിനന്ദനാർഹരാണ്.
ചെണ്ടമേളം കാണുവാൻ താഴെയുള്ള വീഡിയോ ക്ലിക്ക് ചെയ്യുക
[ot-video][/ot-video]
Leave a Reply