തോമസ് ചാക്കോ
ഗ്ലോസ്റ്റർ : പ്രളയം കേരളത്തെ വിഴുങ്ങിയ കഴിഞ്ഞ വർഷം പ്രവാസ ജീവിതത്തിലെ തങ്ങളുടെ ഏറ്റവും വലിയ ഉത്സവമായ ഓണാഘോഷം മാറ്റിവച്ചുകൊണ്ട് സഹജീവികൾക്ക് സഹായം തേടി തെരുവിലിറങ്ങിയ അംഗങ്ങൾക്കായി ജി എം എ ഇക്കുറി ഒരുക്കിയത് പത്തരമാറ്റുള്ള പൊന്നോണം . പ്രളയത്തിൽ വീട് നഷ്‍ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് വീട് വച്ച് നല്കികൊണ്ട് വിനോദ് മാണി , ജിൽസ് പോൾ , വിൻസെന്റ് സ്കറിയ ടീം കഴിഞ്ഞ വർഷത്തെ ഓണക്കാലത്തെ വേറിട്ടതാക്കിയെങ്കിൽ ജി എം എ യുടെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ കലാവിരുന്നൊരുക്കിയാണ് ഈ വർഷത്തെ പ്രസിഡന്റ് സിബി ജോസഫും , സെക്രട്ടറി ബിനുമോൻ കുര്യാക്കോസും , ട്രഷർ ജോർജ്ജ് ജോസഫും , വൈസ് പ്രസിഡന്റ് മാത്യു ഇടുക്കുളയും , ജോയിന്റ് സെക്രട്ടറി സജി വർഗ്ഗീസും , ജോയിന്റ് ട്രഷർ ജോസഫ് ജോർജ്ജ് കോടങ്കണ്ടത്തും സംഘവും ജി എം എ അംഗങ്ങളോട് നന്ദി കാട്ടിയത് . ഇതുവരെ ജി എം എ നല്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ഓണസമ്മാനമായിട്ടാണ് ഇപ്രാവശ്യത്തെ ഓണാഘോഷമായ ശ്രാവണം 2019 നെ ഗ്ലോസ്റ്ററിലെ സർ തോമസ് റിച്ച് സ്‌കൂളിലെത്തിയ എഴുന്നൂറോളം അംഗങ്ങൾ വിലയിരുത്തിയത്.
ലോകത്തെ തന്നെ ഏറ്റവും നല്ല മലയാളി അസോസിയേഷനുകളിലൊന്നായ ജി എം എ കേരളത്തിലെ പ്രളയബാധിതർക്കായി മുപ്പത്തഞ്ച് ലക്ഷം രുപയോളം സമാഹരിച്ചതും , ആ പണംകൊണ്ട് ഏറ്റവും അർഹരായ അഞ്ച് കുടുംബങ്ങൾക്ക് കേരളത്തിൽ വീട് നിർമ്മിച്ച് നൽകിയതും കഴിഞ്ഞ വർഷത്തെ വാർത്തകളിൽ ഇടം നേടിയെങ്കിൽ യുകെയിലെ ഒരു മലയാളി അസോസിയേഷനും കഴിയാത്ത വ്യത്യസ്തമായ കലാവിരുന്നുകൾ ഒരുക്കിക്കൊണ്ടാണ് ഇപ്രാവശ്യം ജി എം എ ജനശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്.
ജി എം എ അംഗം റോയി പാനിക്കുളത്തിന്റെ വരികൾക്ക് ഷാന്റി പെരുമ്പാവൂര്‍ ഈണം നൽകി , ജി എം എ യുടെ ഗായകര്‍ പാടിയ മനോഹരമായ ഗാനത്തിനൊപ്പം കലാഭവൻ നൈസ് അണിയിച്ചൊരുക്കിയ 83 കലാകാരന്മാർ ചുവട് വെച്ച വെൽക്കം ഡാൻസും , ബിന്ദു സോമന്റെയും , എലിസബത്ത് മേരി എബ്രഹാമിന്റെയും , ലൗലി സെബാസ്റ്റിയന്റെയും നേതൃത്വത്തിൽ നൂറ്റിയൊന്ന് വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിരയും , ചെൽട്ടൻഹാമിൽ നിന്നുള്ള ഗ്ലിന്റി ജെയ്‌സന്റെ സഹോദരൻ ഗ്ലിസ്റ്റൻ കഴിഞ്ഞ ആറുമാസമായി പരിശീലിപ്പിച്ച , പതിനാറോളം ചെല്‍ട്ടന്‍ഹാം വനിതകൾ അണിനിരന്ന ചെണ്ടമേളവും , വേദിയിലെ കൂറ്റൻ എൽ ഇ ഡി സ്‌ക്രീനിൽ മിന്നിമറിഞ്ഞ അറുപതുകളിലെ ചലച്ചിത്ര ഓർമ്മകൾക്ക് പുനർജീവൻ നൽകി അവതരിപ്പിച്ച പോൾസൺ ജോസ്സിന്റെയും ടീമിന്റെയും അതിമനോഹരമായ കോമഡി സ്കിറ്റും , രഞ്ജിത്ത് പിള്ള – ബെന്നി ജോസഫ് സംഘം അവതരിപ്പിച്ച ലൈവ് ഓർക്കസ്ട്രയും , ബിബി സ്റ്റീഫന്റെ നേതൃത്വത്തിൽ ഗ്ലോസ്റ്റർ വനിതകൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസും , കലാഭവൻ ദിലീപിന്റെ മിമിക്രിയും , യുക്മ കലാതിലകം ബിന്ദു സോമനും റിനി കുഞ്ഞുമോനും , ജി എം എ യിലെ കുരുന്നുകളും അവതരിപ്പിച്ച വ്യത്യസ്തയിനം നൃത്തങ്ങളും , ജി എം എ യിലെ ഗായകരുടെ തകർപ്പൻ ഗാനങ്ങളും , വാശിയേറിയ വടംവലിയുമായിരുന്നു ഇത്തവണത്തെ ജി എം എ യുടെ ഓണാഘോഷത്തെ വേറിട്ടതാക്കിയത് .
മുത്തുകുടയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയും , വനിതകളുടെ ചെണ്ടമേളത്തോടെയും മാവേലി തമ്പുരാനെ ആർപ്പ് വിളികളോടെയാണ് ജി എം എ അംഗങ്ങൾ വരവേറ്റത് . ജി എം എ യുടെ എക്കാലത്തെയും ലക്ഷണമൊത്ത മാവേലിയായ സതീഷ് ജോയി വെളുത്തേരിയായിരുന്നു ഇത്തവണയും മാവേലിയായി എത്തിയത് .
വെൽക്കം ഡാൻസോടുകൂടി തുടങ്ങിയ കലാപരിപാടികളെ റോബി മേക്കരയും എലിസബത്ത് മേരിയും അതിമനോഹരമായ ശൈലിയിൽ സ്റ്റേജിൽ നിയന്ത്രിച്ചപ്പോൾ ജി എം എ യിലെ കുട്ടികൾ മുതൽ മുതിർന്നവർ വരെ വേദി കൈയ്യടക്കുന്ന തകർപ്പൻ കലാമാമാങ്കത്തിനാണ് തോമസ് റിച്ച് സ്‌കൂൾ സാക്ഷ്യം വഹിച്ചത് . അവതരിപ്പിക്കപ്പെട്ട നൃത്തചുവടുകൾക്കും മറ്റ് കലാപരിപാടികൾക്കും യോജിച്ച ഗാനങ്ങളും , ചിത്രങ്ങളും , വീഡിയോകളും സ്റ്റേജിലെ എൽ ഇ ഡി സ്ക്രീനിൽ മിന്നിമറിഞ്ഞപ്പോൾ ശ്രാവണം 2019 എന്ന് പേരിട്ട ജി എം എ യുടെ ഇത്തവണത്തെ ഓണാഘോഷം വലിയ അവാർഡ് സന്ധ്യകളെ അനുസ്മരിപ്പിക്കും വിധം പൂർണ്ണതയിലേയ്ക്ക് എത്തികഴിഞ്ഞിരുന്നു . ജി എം എ യുടെ കഴുവുറ്റ മീഡിയ കോർഡിനേറ്റർ മനോജ് വേണുഗോപാലന്റെയും , ആര്‍ട്‌സ് കോർഡിനേറ്റർ ടോം ശങ്കൂരിക്കലിന്റെയും സംഘാടക നൈപുണ്യം കലാപരിപാടികളെ കൂടുതൽ മികവുറ്റതാക്കി .
ഇരുപത്തി രണ്ട് വർഷം ഇന്ത്യൻ ഹോട്ടൽ നടത്തി പരിചയമുള്ള മികച്ച പാചകവിദഗ്ധനായ ജി എം എ അംഗം സോമൻ ജോസഫ് തന്റെ എല്ലാ രസക്കൂട്ടുകളാലും തയ്യാറാക്കിയ കൊതിയൂറുന്ന ഓണസദ്യ ഓരോ ജി എം എ അംഗങ്ങളും ആവോളം ആസ്വദിച്ചു . സദ്യക്കിരുന്ന ഏഴുന്നൂറോളം പേര്‍ക്കും എല്ലാ വിഭവങ്ങളും കൃത്യമായി എത്തിക്കുവാൻ ഫുഡ് കമ്മിറ്റി കോർഡിനേറ്റർമാരായ ബോബൻ ജോസ്സിന്റെയും , സണ്ണി ലൂക്കോസ്സിന്റെയും നേതൃത്വത്തിൽ ഒരു വലിയ ടീമിനെ തന്നെ ഒരുക്കിയിരുന്നു .
തോമസ് റിച്ച് സ്‌കൂളിലെ പല വേദികളിലായി നടന്ന എല്ലാ കലാപരിപാടികളുടെയും ചിത്രങ്ങളും വീഡിയോയും യുകെയിലെ പ്രശസ്തരായ സ്റ്റാൻസ് ക്ലിക്ക് ഫോട്ടോഗ്രാഫിയിലെ നാലോളം മികച്ച ഫോട്ടോഗ്രാഫർമാർ ഡ്രോൺ ക്യാമറയുടെയും , നൂതന സാങ്കേതിക വിദ്യയിലുള്ള ഡിജിറ്റൽ ക്യാമറയുടെ സഹായത്താലും പകർത്തിയിരുന്നു . അതോടൊപ്പം ജി എം എ യിലെ കുടുംബങ്ങൾക്കായി ഫാമിലി ഫോട്ടോ സ്റ്റുഡിയോയും ഏർപ്പെടുത്തിയിരുന്നു.
ചെൽട്ടൻഹാമും ഗ്ലോസ്റ്ററും തമ്മിൽ നടന്ന ഇത്തവണത്തെ വടം വലി മുൻവർഷങ്ങളെക്കാൾ അത്യന്തം വാശിയേറിയതായിരുന്നു . നീണ്ട നാളത്തെ കഠിനമായ പരിശീലനത്തിന്റെ ഫലമായി ഗ്ലോസ്റ്റർ ടീമിനെ തോൽപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഇപ്രാവശ്യത്തെ വടംവലിയുടെ പ്രത്യേകത . വർഷങ്ങളായി തോറ്റുകൊണ്ടിരുന്ന ചെൽട്ടൻഹാം ടീമിന്റെ ഈ വർഷത്തെ വിജയത്തെ ആവേശത്തോടും , ആര്‍പ്പുവിളികളോടെയാണ് ഗ്ലോസ്റ്റർ ടീമിലെ അംഗങ്ങൾ ഏറ്റെടുത്തത് .
കാലത്തിനനുസരിച്ചുള്ള ജി എം എ യുടെ വളർച്ചയ്ക്കും , സിബി ജോസഫ് – ബിനുമോന്‍ കുര്യാക്കോസ് – ജോര്‍ജ്ജ് ജോസഫ് സംഘത്തിന്റെ കുറ്റമറ്റ സംഘാടക മികവിനും , ജി എം എ അംഗങ്ങളുടെ കൂട്ട് ഉത്തരവാദിത്വത്തിനും ലഭിച്ച അംഗീകാരമായിട്ടാണ് ശ്രാവണം 2019 തിന്റെ വമ്പിച്ച വിജയം എന്ന് നിസംശയം പറയാം .
ചെല്‍ട്ടന്‍ഹാം വനിതകളുടെ ചെണ്ടമേളം കാണുവാൻ ഈ വീഡിയോ ക്ലിക്ക് ചെയ്യുക
മെഗാ തിരുവാതിര കാണുവാൻ ഈ വീഡിയോ ക്ലിക്ക് ചെയ്യുക
Leave a Reply