ഗോകുലം ഗോപാലനെ ആറുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇഡി വിട്ടയച്ചു. കൊച്ചി ഇഡി ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. അവർക്ക് സംശയം തോന്നിയതിനാൽ അവർ ചോദ്യങ്ങൾ ചോദിച്ചു. അതിനുള്ള അധികാരം അവർക്കുണ്ട്. താൻ മറുപടിയും നൽകിയിട്ടുണ്ട്. അത് തന്റെ ഉത്തരവാദിത്വമാണെന്നും ഗോകുലം ഗോപാലൻ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം എന്ത് വിഷയത്തിന്മേലാണ് ചോദ്യംചെയ്യലെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
കഴിഞ്ഞ ദിവസവും കോഴിക്കോട്ടെ ഗോകുലത്തിന്റെ കോർപറേറ്റ് ഓഫീസിൽ ഇ.ഡി. കൊച്ചി യൂണിറ്റ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. കൂടാതെ ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌സ് ആന്റ് ഫിൻസിലും കോഴിക്കോട് അരയിടത്തുപാലത്തെ ഗോകുലം ഗ്രാന്റ് കോർപറേറ്റ് ഓഫീസിലും അധികൃതർ പരിശോധന നടത്തുകയും ചെയ്തിരുന്നു.
ചെന്നൈ കോടമ്പാക്കത്തെ പ്രധാന ഓഫീസിൽ നടന്ന ഇ.ഡി റെയ്ഡിൽ ഒന്നരക്കോടിയുടെ കറൻസി പിടിച്ചെടുത്തെുന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് അദ്ദേഹം തള്ളി. വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ല, തങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നും ഇ.ഡി. ഒന്നരക്കോടി പിടിച്ചെടുത്തെന്നത് വെറുതേ പറയുന്നതാണെന്നും അദ്ദേഹം ചോദ്യം ചെയ്യലിന് മുമ്പ് പ്രതികരിച്ചിരുന്നു. സിനിമയെന്ന വ്യവസായത്തിൽ പ്രവർത്തിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും മറ്റു ക്രമക്കേടുകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാൻ സംബന്ധിച്ചാണോ ചോദ്യം ചെയ്യലെന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.
ഏറെ വിവാദമായ എമ്പുരാൻ എന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണ് ഗോകുലം ഗോപാലൻ. ഈ ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടിയതിന് പിന്നാലെയാണ് ഗോകുലം ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തുകയും ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുകയും ചെയ്തത്.
Leave a Reply