കൊച്ചി: അന്താരാഷ്ട്ര, ആഭ്യന്തര വിഷയങ്ങളെത്തുടർന്നു സ്വർണവില പുതിയ ഉയരത്തിൽ. നിലവിലെ സാഹചര്യങ്ങൾ തുടർന്നാൽ സ്വർണത്തിന്റെ കുതിപ്പു തുടരും. പവന് 400 രൂപയുടെ വർധനയാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തു സ്വർണവില പവന് 26,600 രൂപയായി. 3,325 രൂപയാണു ഗ്രാമിനു വില. ഒറ്റ ദിവസംകൊണ്ടു ഗ്രാമിനു കൂടിയത് 50 രൂപ.
പശ്ചിമേഷ്യയിലെ യുദ്ധസന്നാഹങ്ങളും ജമ്മു കാഷ്മീരിലെ സംഭവവികാസങ്ങളുമാണു സ്വർണവില പുതിയ ഉയരത്തിലെത്താൻ കാരണമായത്. രൂപയുടെ വിലത്തകർച്ചയും സ്വർണവിലയുടെ കുതിപ്പിനു കാരണമായി.
ഒരു രൂപയിലേറെയാണ് ഇന്നലെ മാത്രം രൂപയ്ക്കുണ്ടായ തകർച്ച. ഡോളർവില 69.69 രൂപ ആയിരുന്നത് 70.73 രൂപ ആയി. സ്വർണത്തിന്റെ അന്താരാഷ്ട്ര വില ട്രോയ് ഔണ്സിന് 1459 ഡോളറായി. 1450 പിന്നിട്ടതോടെ 1500 ലേക്കുള്ള കുതിപ്പിലാണു മഞ്ഞലോഹം.
അഞ്ചു ദിവസത്തിനിടെ സംസ്ഥാനത്തു പവന് 920 രൂപയുടെ വർധനയുണ്ടായി. ഈ നിലയ്ക്കു പോയാൽ ഗ്രാമിന് 3,500 രൂപവരെ എത്തിയേക്കാമെന്നാണു കണക്കുകൂട്ടൽ. പണിക്കൂലിയും പണിക്കുറവും സെസും ഉൾപ്പെടെ കണക്കാക്കുന്പോൾ ഒരു പവൻ സ്വർണം വാങ്ങാൻ ഉപയോക്താവ് 30,000 രൂപയ്ക്കു മുകളിൽ നല്കേണ്ട സ്ഥിതിയാണ്. ഒരു ലക്ഷം രൂപയ്ക്കു വാങ്ങാവുന്നതു മൂന്നു പവൻ മാത്രം.
വിലവർധന കേരളത്തിലെ വിപണിയെ സാരമായിതന്നെ ബാധിച്ചിട്ടുണ്ടെന്നും ബുക്കിംഗ് ഉൾപ്പെടെ കുറവാണെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ അറിയിച്ചു.
സെൻസെക്സ് 37,000നും താഴെ
മുംബൈ: കാഷ്മീർ തീരുമാനങ്ങൾക്കു പിന്നാലെ ഇന്ത്യൻ ഓഹരി കൂപ്പുകുത്തി. നിക്ഷേപകർ വില്പനയ്ക്ക് ഉത്സാഹിച്ചപ്പോൾ ബോംബെ സെൻസെക്സ് 37,000ലെ പ്രതിരോധവും തകർത്ത് താഴേക്കുപോയി. സെൻസെക്സ് ഇന്നലെ 418.28 പോയിന്റ് നഷ്ടത്തിൽ 36,699.84ൽ ക്ലോസ് ചെയ്തു. പവർ, ബാങ്കിംഗ്, ഫിനാൻസ്, കൺസ്യൂമർ ഡ്യൂറബിൾസ്, മെറ്റൽ ഓഹരികൾ ഇടിഞ്ഞു. കാഷ്മീർ പ്രശ്നത്തിനൊപ്പം ആഗോള പ്രശ്നങ്ങളും കന്പോളങ്ങളുടെ തകർച്ചയ്ക്കു കാരണമായി.
എൻഎസ്ഇ നിഫ്റ്റി 134.75 പോയിന്റ് നഷ്ടത്തിൽ 10,862.90ൽ ക്ലോസ് ചെയ്തു.
ഏഷ്യൻ മാർക്കറ്റുകളും തളർച്ചയിലായിരുന്നു. വ്യാപാരയുദ്ധത്തിന്റെ ഭീതിയിൽ ഷാങ്ഹായ്, ഹാങ്സെങ്, നിക്കീ, കോസ്പി സൂചികകൾ ഇന്നലെ താഴ്ന്നു. വിനിമയവിപണിയിൽ ചൈനീസ് കറൻസി യുവാന്റെ നിരക്ക് താഴ്ന്നതും കന്പോളങ്ങൾക്ക് ക്ഷീണമായി.
Leave a Reply