സ്വർണക്കടത്ത് കേസില്‍ എന്‍.ഐ.എ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്‌ന സുരേഷ്, സരിത്ത്, കെ.ടി. റമീസ് എന്നിവരുൾപ്പെടെ മുപ്പത്തഞ്ചോളം പേരെ പ്രതികളാക്കിയാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്. എന്‍.ഐ.എ കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍ പ്രതിയല്ല. കസ്റ്റംസ് കരുതല്‍ തടങ്കലിലാക്കിയ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കിയാണ് കുറ്റപത്രം. സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ എം ശിവശങ്കറാണെന്ന് കസ്റ്റംസും എന്‍ഫോഴ്സ്മെന്റും പറയുമ്പോഴും ഇക്കാര്യത്തില്‍ എന്‍.ഐ.എ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി. രാധാകൃഷ്ണ പിള്ളയാണ് കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ ആദ്യ പ്രതിയായ സരിത്തിനെ അറസ്റ്റ് ചെയ്ത് ആറു മാസം തികയുന്നതിനു മുന്‍പാണ് എന്‍.ഐ.എ ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. മുപ്പത്തഞ്ചോളം പ്രതികളിൽ 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴുപേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. അതേസമയം 12 പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന് പണം നല്‍കിയവര്‍ അടക്കമുളളവരാണ് ജാമ്യം ലഭിച്ച് പുറത്തുള്ളത്. സന്ദീപ് നായര്‍ക്ക് പുറമേ നാല് പേര്‍ കൂടി മാപ്പുസാക്ഷിയായെന്നാണ് സൂചന.
കേസില്‍ യു.എ.പി.എ. നിലനില്‍ക്കുമെന്നും കുറ്റപത്രം വ്യക്തമാക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രാരംഭ കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇനിയും കേസില്‍ പിടികൂടാനുള്ള പ്രതികള്‍ക്കെതിരേ അന്വേഷണം നടത്തി അവരെ പിടികൂടുന്ന മുറയ്ക്ക് കൂടുതല്‍ കുറ്റപത്രങ്ങൾ കോടതിക്കു മുന്നിലെത്തും.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി റെബിന്‍സിനെ വിദേശത്തുനിന്ന് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താന്‍ എന്‍.ഐ.എയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട ചില പ്രധാന പ്രതികള്‍ ഇപ്പോഴും വിദേശത്താണ്.
Leave a Reply