തൊടുപുഴ മലങ്കര ജലാശയത്തിലെ ദ്വീപിൽ കുട്ടവഞ്ചിയില്‍ കൊണ്ടുപോയി പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കായി പോലീസ്‌ അന്വേഷണം ഊർജ്ജിതമാക്കി. പ്രതിയെ അന്വേഷിക്കുന്നതിൻ്റെ ഭാഗമായി പൊലീസ് മലങ്കര ജലാശയത്തിലെ തുരുത്തില്‍ പരിശോധന നടത്തി. കേസിലെ പ്രതി മുട്ടം മാത്തപ്പാറ കോളനി താന്നിക്കാമറ്റത്തില്‍ ഉദയലാല്‍ ഘോഷിനായാണ്‌ മുട്ടം പോലീസ്‌ പരിശോധന നടത്തിയത്‌. ഇക്കഴിഞ്ഞ ജനുവരി 26നാണ്‌ ഉദയലാൽ പെൺകുട്ടിയെ തുരുത്തിൽ എത്തിച്ച് പീഡിപ്പിച്ചത്.

ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സമീപ ജില്ലയിലെ ട്രൈബല്‍ ഹോസ്‌റ്റലില്‍ നിന്നാണ്‌ പെൺകുട്ടി പഠിച്ചുകൊണ്ടിരിക്കുന്നത്. ഈ പെൺകുട്ടിയുടെ കുടുംബവുമായി പ്രതി ഉദയ ലാലിന്‌ മുന്‍ പരിചയമുണ്ടായിരുന്നു. ജനുവരി 26ന്‌ ഉച്ചയോടെ പെണ്‍കുട്ടിയും ബന്ധുക്കളും മലങ്കര ജലാശയം സന്ദര്‍ശിക്കുന്നതിനായി എത്തിയ സമയത്താണ് ഉദയലാൽ പെൺകുട്ടിയെ തുരുത്തിൽ എത്തിച്ച് പീഡിപ്പിച്ചത്.

പ്രതിക്ക് സ്വന്തമായി കുട്ടവഞ്ചിയുണ്ട്. ഇതിൽ രണ്ട്‌ കുട്ട വഞ്ചികളിലായി പ്രതിയും പെണ്‍കുട്ടിയും മറ്റ്‌ രണ്ടുകുട്ടികളും കൂടി ജലാശയത്തിന്‌ സമീപത്തെ തുരുത്തിലേക്ക്‌ പോകുകയായിരുന്നു. ഇതിനിടെ മറ്റ്‌ രണ്ട്‌ കുട്ടികളേയും പ്രതി തന്ത്രപൂര്‍വം തിരിച്ചയക്കുകയായിരുന്നു. ഇതിനുശേഷം പ്രതി പെൺകുട്ടിയുമായി തുരുത്തിലെ കുറ്റിക്കാട്ടിലേക്ക് പോയി. അവിടെ വച്ച് ലെെംഗിക പീഡനത്തിന് ഇരയാക്കുകയായരുന്നു എന്നാണ് വിവരം. ഭയന്നുപോയ പെണ്‍കുട്ടി ഈ വിവരം മറ്റാരോടും പറഞ്ഞിരുന്നില്ല.

എന്നാൽ അടുത്ത ദിവസം ഹോസ്‌റ്റലില്‍ എത്തിയ പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ വ്യതിയാനങ്ങൾ ഹോസ്റ്റൽ അധികൃതർ ശ്രദ്ധിക്കുകയായിരുന്നു. തുടർന്ന് അവർ പെണകുട്ടിയെ കൗൺസിലിംഗിന് വധേയയാക്കി. ഈ സമയത്താണ് പീഡനവിവരം പുറത്തു വരുന്നത്. ഇതിനുപിന്നാലെ അവർ സമീപ പോലീസ്‌ സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത ശേഷം പ്രതിയെ തിരക്കി പൊലീസ് മുട്ടം മാത്തപ്പാറയിലെത്തി. ഇതിനിടെ പൊലീസ് തന്നെ അന്വമഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി ഒളിവില്‍ പോകുകയായിരുന്നു.

ഇതിനുപിന്നാലെ സംഭവം നടന്ന പ്രദേശം ഉൾപ്പെടുന്ന മുട്ടം പോലീസ് സ്റ്റേഷനിൽ കേസ് കെെമാറി. ഇതിൻ്റെ ഭാഗമായാണ് മുട്ടം പൊലീസ്‌ പീഡനം നടന്ന സ്‌ഥലത്ത്‌ പരിശോധന നടത്തിയത്‌. ജലാശയത്തിന്‌ നടുവിലെ തുരുത്തിലെത്താന്‍ പോലീസ്‌ തൊടുപുഴ അഗ്‌നിരക്ഷാ സേനയുടെ സഹായവും തേടിയിരുന്നു. ഇതിനായെത്തിച്ച ഡിങ്കിയിലാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ തുരുത്തിലേക്കെത്തിയത്‌. പെണ്‍കുട്ടിയെ തുരുത്തിലെത്തിച്ച പ്രതിയുടെ ഉടമസ്‌ഥതയിലുള്ള കുട്ട വഞ്ചിയും പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം പ്രതിക്ക്‌ രണ്ട്‌ ഭാര്യമാരുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവർ ഇരുവരും ജോലി ആവശ്യത്തിനായി വിദേശത്താണെന്നും പോലീസ്‌ വ്യക്തമാക്കി. പ്രതിയുടെ ഒളിവിടത്തെക്കുറിച്ച്‌ സൂചന ലഭിച്ചതായി പോലീസ്‌ വ്യക്തമാക്കിയിട്ടുണ്ട്.