ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോസ് ഏഞ്ചൽസ് : അമേരിക്കന്‍ ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സിന് കാറപകടത്തിൽ ഗുരുതര പരിക്ക്. സൗത്ത് കാലിഫോർണിയയിലെ ലൊസാഞ്ചൽസിൽവച്ചാണ് അപകടം ഉണ്ടായത്. വുഡ്സിന്റെ വലത് കാലിന് ഗുരുതരമായി പരുക്കേറ്റതിനാൽ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വലുതുകാലിൽ നിരവധി ഒടിവുകൾ ഉണ്ടായിട്ടുണ്ട്. 45കാരനായ വുഡ്സ് സഞ്ചരിച്ചിരുന്ന കാർ റോഡിൽനിന്ന് തെന്നിമാറി താഴേക്ക് മറിയുകയായിരുന്നു. അമേരിക്കന്‍ സമയം ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് റോളിംഗ് ഹില്‍സ് എസ്റ്റേറ്റ്സിന്റെയും റാഞ്ചോസ് പാലോസ് വെര്‍ഡെസിന്റെയും അതിര്‍ത്തിയിലാണ് അപകടമുണ്ടായത്.
വുഡ്സ് കാറില്‍ നിന്നും ജീവനോടെ പുറത്തുവന്നത് ഭാഗ്യംകൊണ്ടു മാത്രമാണെന്ന് ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റിലെ പോലീസ് ഉദ്യോഗസ്ഥൻ കാർലോസ് ഗോൺസാലസ് പറഞ്ഞു. അപകട സമയത്ത് വുഡ്സ് മാത്രമാണ് കാറിലുണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. കാറിന്റെ കിടപ്പും അപകടാവസ്ഥയും വിശകലനം ചെയ്ത പോലീസ് അപകടകാരണം എന്തെന്ന് കണ്ടെത്തിയിട്ടില്ല. കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്ന വുഡ്സ് താൻ ആരാണെന്ന് പോലീസിനെ അറിയിക്കുകയുണ്ടായി. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ താരം ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. പരിക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
കാർ പൂർണ്ണമായി തകർന്ന നിലയിലാണ്. 2009 ലും അപകടത്തിൽ ടൈഗർ വുഡ്സിന് പരിക്കേറ്റിരുന്നു. 5 മേജര്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ 15 പ്രധാന ഗോള്‍ഫ് കിരീടം നേടിയ വുഡ്സ് കായിക രംഗത്തെ ഏറ്റവും സമ്പന്ന വ്യകതികളിൽ ഒരാൾ കൂടിയാണ്.
Leave a Reply