ഫാ.ബിജു കുന്നയ്ക്കാട്ട്

ഓരോ നാടിനെയും ക്രിയാത്മകമായും ചൈതന്യവത്തായും നിര്‍ത്തുന്നതില്‍ അവിടുത്തെ ആഘോഷങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. ഒരുമിച്ച് കൂടുന്നതിനും സന്തോഷിക്കുന്നതിനും പാരമ്പര്യങ്ങളും മൂല്യങ്ങളും അടുത്ത തലമുറയ്ക്ക് കൈമാറുന്നതിനുമൊക്കെ ആഘോഷങ്ങള്‍ വലിയ വേദികളായിത്തീരാറുമുണ്ട്. പ്രകൃതി ശക്തികളെ പേടിച്ച് അവയ്ക്ക് ആരാധനയും ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്ന പ്രാകൃത മനുഷ്യന്‍ ദൈവയാഥാര്‍ത്ഥ്യത്തിലേയ്ക്കു വന്നപ്പോള്‍ അവന്റെ ആഘോഷങ്ങളില്‍ പലതും ദൈവത്തോടു ബന്ധപ്പെട്ട കാര്യങ്ങളായും മാറി. ക്രൈസ്തവ വിശ്വാസത്തിന്റെ വേരോട്ടം ശക്തമായിരുന്ന പാശ്ചാത്യരാജ്യങ്ങളിലെ മിക്ക ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ക്രൈസ്തവ വിശ്വാസത്തിന്റെ പിന്‍ബലവും പശ്ചാത്തലവുമുണ്ടായിരുന്നു.

യുകെയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഇന്നും പ്രാധാന്യത്തോടെ കൊണ്ടാടപ്പെടുന്ന ആഘോഷമാണ് ഹാലോവീന്‍. എല്ലാവര്‍ഷവും ഒക്ടോബര്‍ 31ന് ആഘോഷിക്കുന്ന ഈ ദിനത്തിനും ക്രൈസ്തവ വിശ്വാസത്തിന്റെ പശ്ചാത്തലമുണ്ട്, ഇന്നത്തെ ആഘോഷരീതികള്‍ നേരെ വിപരീത ദിശയിലാണ് പോകുന്നതെങ്കിലും വിശുദ്ധ ജീവിതത്താലും വീരോചിത പുണ്യങ്ങളാലും സന്മാതൃക നല്‍കി കടന്നുപോയ മഹാത്മാക്കളെ ക്രിസ്തീയ ശൈലിയില്‍ പൊതുവെ വിളിക്കുന്ന ‘വിശുദ്ധര്‍’ എന്ന പദത്തെ സൂചിപ്പിക്കുന്ന ”Hallow” (Saint) എന്ന പദത്തില്‍ നിന്നാണ് ഹാലോവീന്റെ തുടക്കം. All Hallows Evening, All Saints’ Eve ( എല്ലാ വിശുദ്ധരെയും അനുസ്മരിക്കുന്ന രാത്രി) എന്ന വാക്കുകളില്‍ നിന്നാണ് ‘ഹാലോവീന്‍’ ഉണ്ടാകുന്നത്.

കത്തോലിക്കാ സഭയുള്‍പ്പെടെ മിക്ക ക്രൈസ്തവ സഭകളിലും എല്ലാ വിശുദ്ധരെയും അനുസ്മരിക്കുന്ന നവംബര്‍ 1ന്റെ തലേ രാത്രിയാണ് ഈ ആഘോഷം നടക്കുന്നത്. ക്രൈസ്തവ വിശ്വാസവും പാരമ്പര്യങ്ങളും ആചാരങ്ങളും അതിശക്തമായിരുന്ന കാലത്തു തുടങ്ങിയ ഈ ആഘോഷത്തില്‍ കുട്ടികളും മുതിര്‍ന്നവരും വിശുദ്ധരുടെയും പുണ്യാത്മാക്കളുടെയും മാലാഖമാരുടെയും വേഷം കെട്ടി വീടുവീടാന്തരം കയറിയിറങ്ങി സന്തോഷം പങ്കുവെയ്ക്കുകയും മധുരപലഹാരങ്ങള്‍ കൈമാറ്റം ചെയ്യുകയും ചെയ്തിരുന്നു. ദൈവോന്മുഖമായ ജീവിതത്തിന്റെ പ്രകാശനമായും പുണ്യാത്മാക്കളുടെ ജീവിത മാതൃകയും രീതികളും സ്വന്തം ജീവിതത്തില്‍ അനുകരിക്കാനുള്ള ആഗ്രഹത്തിന്റെ പ്രകാശനവും അവരോടുള്ള ആദരവിന്റെ സൂചനയുമായിട്ടായിരുന്നു ഈ രീതികള്‍ ആരംഭിച്ചത്. എന്നാല്‍ ആരംഭത്തില്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങളോടു പുലബന്ധമില്ലാത്ത രീതിയിലാണ് ഇന്നത്തെ ഹാലോവീന്‍ ആഘോഷങ്ങള്‍ നടക്കുന്നത്.

ഇന്നത്തെ ഹാലോവീന്‍ ‘വേഷം കെട്ടലുകളില്‍’ വിശുദ്ധരുടെയോ മാലാഖമാരുടെയോ ഒരു രൂപം പോലും കാണാനില്ലെന്നു മാത്രമല്ല, പിശാചുക്കളുടെയും ഭീതിപ്പെടുത്തുന്ന മറ്റു പല ഭീകരജീവികളുടെയും വേഷങ്ങളാണ് ഇതിനായി വിപണിയിലൂടെ വില്‍ക്കപ്പെടുന്നതും. കണ്ടാല്‍ അറപ്പും പേടിയും ഉളവാക്കുന്ന ഈ വേഷവിധാനങ്ങളുടെ ഈ രൂപമാറ്റം ഇന്നത്തെ യുവമനസിന്റെ ‘ട്രെന്‍ഡിനെ’ കച്ചവടം ചെയ്യാനുമുള്ള വിപണന തന്ത്രമാണെന്ന് പലരും അറിയുന്നില്ല. വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്തും വ്യത്യസ്ത വേഷങ്ങളവതരിപ്പിച്ചും മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള പുതുമനസുകളുടെ ആഗ്രഹത്തിനുമുമ്പില്‍, ആരും കാണാത്തതും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചപറ്റാന്‍ കഴിയുന്നതുമായ ഇത്തരം കോലങ്ങള്‍ കെട്ടാനുള്ള ചതിക്കുഴിയില്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ വീണുപോകുന്നു. പുണ്യാത്മാക്കളുടെ വേഷമണിയുന്നതിനു പകരം പൈശാചിക കോലങ്ങളണിയുന്നതിനും പിന്നാമ്പുറമുണ്ട്.

വേനല്‍ക്കാല വിളവെടുപ്പിനെത്തുടര്‍ന്ന് ശൈത്യകാലത്തിന്റെ ഇരുളിലേയ്ക്കും തണുപ്പിന്റെ കാഠിന്യത്തിലേക്കും പ്രവേശിക്കുന്നതിനു മുമ്പായി ആഘോഷിച്ചിരുന്ന ഒരു സാമൂഹിക സാംസ്‌കാരിക പശ്ചാത്തലം കൂടി ഈ ഹാലോവീനുണ്ട്. കെല്‍റ്റിക് ഭാഷാ പ്രദേശങ്ങളില്‍ ഹാലോവീന്‍, സാംഹെയിന്‍ (Samhain) ആഘോഷമായി കൂടി കണക്കാക്കിയിരുന്നു. ഇത്തരക്കാരുടെ പേഗന്‍ വിശ്വാസരീതിയനുസരിച്ച് ദൈവിക ആത്മാക്കളും മരിച്ചുപോയവരുടെ ആത്മാക്കളും അന്നേദിവസം രാത്രിയില്‍ ഭൂമിയില്‍ ചുറ്റിനടക്കുമത്രേ! ഇത്തരം ദുരാത്മാക്കള്‍ തങ്ങളുടെ ഭവനത്തിലും കൃഷിയിടങ്ങളിലും പ്രവേശിക്കാതിരിക്കാനായി കൃഷിയിടങ്ങളില്‍ തീ കത്തിക്കുകയും മറ്റ് അഗ്നിവിളക്കുകള്‍ തെളിയിക്കുകയും ചെയ്തിരുന്നു. അന്തരീക്ഷത്തില്‍ അലഞ്ഞുനടക്കുന്ന ആത്മാക്കളെ ഭയപ്പെടുത്താനായി ചുവന്ന മത്തങ്ങ (Pumkin) യില്‍ പ്രകാശം കടക്കുന്ന രീതിയില്‍ ചിത്രപ്പണികള്‍ ചെയ്ത് പലപ്പോഴും വികൃതരൂപങ്ങള്‍ അല്ലെങ്കില്‍ കോമാളി രൂപങ്ങള്‍ മത്തങ്ങയുടെ ഉള്ളിലെ മാംസളഭാഗം എടുത്തുകളഞ്ഞ് അതില്‍ തീ കത്തിച്ച് വീടിനു ചുറ്റുമുള്ള വഴികളിലും മറ്റു പൊതുവഴികളിലും വയ്ക്കുന്ന പതിവുണ്ടായിരുന്നു. ഈ മത്തങ്ങകളില്‍ വിളക്കുകള്‍ തെളിക്കുന്നതോടൊപ്പം ചിലര്‍ ഈ രാത്രിയില്‍ ചില വികൃതരൂപങ്ങള്‍ കെട്ടിയിരുന്നു, അതും ദുരാത്മാക്കളെ ഭീകരരൂപങ്ങള്‍ കാണിച്ച് പേടിപ്പിച്ച് തങ്ങളുടെ പ്രദേശത്തുനിന്ന് ഓടിക്കുക എന്ന വിശ്വാസത്തോടുകൂടി തന്നെ.

എതായാലും ഈ ചരിത്രം മനസിലാക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ഇന്നു നമ്മള്‍ വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്ന ഹാലോവീന്‍ ആഘോഷം പിശാചിന്റേതുപോലുള്ള വികൃതരൂപങ്ങള്‍ കെട്ടി ആടാനുള്ളതല്ല. ദുരാത്മാക്കളെയും തിന്മയെയും ഓടിച്ചുവിടാനും ദൈവത്തിന്റെയും പുണ്യാത്മാക്കളുടെയും വേഷങ്ങള്‍ അണിഞ്ഞ് ആചരിക്കാനുമുള്ളതാണ്. ഒരര്‍ത്ഥത്തില്‍ യഥാര്‍ത്ഥ അര്‍ത്ഥമറിയാതെയാണ് ഇന്നത്തെ യുവതലമുറ ഈ ഭീകര വേഷവിധാനങ്ങളോടെ ഹാലോവീന്‍ ആഘോഷിക്കുന്നത്. ദൈവീകതയും നന്മയുടെ ഭാവങ്ങളും ഭാവനകളും ഉണ്ടാകേണ്ട കുഞ്ഞുമനസ്സുകളില്‍ ഭീകരതയുടെയും വൃത്തികേടുകളുടെയും ഇത്തരം വേഷഭാവങ്ങള്‍ മാനസികമായും ആത്മീയമായും വലിയ ദോഷം വരുത്തും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകത്തെ നന്മയുടെ പാതയില്‍ നിന്നും മാറ്റി തിന്മയിലേക്ക് കൊണ്ടുപോകാനുള്ള ദൈവവിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നു കൂടി ഇതിനെക്കുറിച്ച് മനസിലാക്കേണ്ടിയിരിക്കുന്നു. ഒരു ചെറിയ കഥയിങ്ങനെ: ദൈവവും പിശാചും കൂടി ഒരിക്കല്‍ ആകാശത്തുനിന്നു ഭൂമിയിലേക്ക് നോക്കി. പലവിധ കാര്യങ്ങളില്‍ തിരക്കുപിടിച്ച് ഓടിനടക്കുന്ന ആളുകള്‍. ദൈവം പിശാചിനോട് പറഞ്ഞു. നോക്കൂ, ഈ താഴെക്കാണുന്ന ആളുകളെല്ലാം എന്റേതാണ്’ പിശാച് മറുപടി പറഞ്ഞത്രേ: “ഈ ആളുകളൊക്കെ നിന്റേതായിരിക്കാം, പക്ഷേ അവരുടെയെല്ലാം മനസും വിചാരങ്ങളും എന്റെ നിയന്ത്രണത്തിലാണ്”. നന്മയായി തുടങ്ങുന്ന പലതിലും തിന്മയും തിന്മയുടെ സ്വാധീനവും നുഴഞ്ഞുകയറുന്നത് പലരും അറിയില്ല. ദൈവികമായ ചിന്തകള്‍ വെടിഞ്ഞ്, ആത്മീയതയില്‍ മാനുഷിക ദുരാഗ്രഹങ്ങള്‍ കടക്കുമ്പോള്‍ അതില്‍ തിന്മ ശക്തിപ്രാപിക്കുന്നു. നന്മയ്ക്ക് രൂപമാറ്റം സംഭവിച്ച് തിന്മ അവതരിക്കുമ്പോള്‍ പലരും അത് നല്ലതാണെന്നും നന്മയാണെന്നും തെറ്റിദ്ധരിച്ച് അതില്‍ വീണുപോകുന്നു.

കാലം മുമ്പോട്ട് പോകുന്തോറും കാഴ്ചപ്പാടുകളിലും ജീവിത രീതിയിലും മാറ്റങ്ങള്‍ വരുന്നത് സ്വാഭാവികമാണ്. എങ്കിലും ആത്യന്തിക സത്യങ്ങളെയും അവ പ്രകടിപ്പിക്കുന്ന നല്ല പാരമ്പര്യങ്ങളും വികലമാക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ അപകടകരമാണ്. പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ടുവരുന്ന നല്ല മൂല്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും തനിമ ഒട്ടും നഷ്ടപ്പെട്ടു പോകാതെ തന്നെ ഇത്തരം ആഘോഷങ്ങള്‍ നടത്താന്‍ നമുക്ക് കഴിയണം. സമൂഹ നന്മയുടെ ധാര്‍മ്മികതയെ ഗൗരവമായെടുക്കാത്തവര്‍ മെനയുന്ന കച്ചവട തന്ത്രങ്ങളില്‍ നമ്മുടെ നല്ല പല ആചാരങ്ങളും ആഘോഷങ്ങളും ‘ഹൈജാക്ക്’ ചെയ്യപ്പെടാറുണ്ട്. ഓരോ വര്‍ഷവും ഇതുവരെ കാണാത്ത തരത്തില്‍ പുതുമയുള്ള ‘കോസ്റ്റിയൂമുകള്‍’ ജനങ്ങളുടെ മുമ്പിലവതരിപ്പിച്ച് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നിന്ന് മനുഷ്യമനസുകളെ മാറ്റി ലാഭക്കൊതിയുടെ കച്ചവടക്കണ്ണുമാത്രം ലക്ഷ്യമാക്കി നമ്മുടെ യുവതലമുറയുടെ മനസുകളെ വികലമാക്കുന്നവരെ നാം മനഃപൂര്‍വ്വം ഒഴിവാക്കേണ്ടതുണ്ട്. ലഹരിപോലെ അപകടമാണ് ഇത്തരം അനാരോഗ്യപ്രവണതകള്‍.

സാത്താന്‍ സേവക്കാരും അവരുടെ പ്രയോക്താക്കളും ഹാലോവീന്‍ ദിവസം തങ്ങളുടെ കൂട്ടത്തിലേയ്ക്ക് പുതിയ അംഗങ്ങളെ ചേര്‍ക്കാനുള്ള ദിവസമായി കൂടി ഇതിനെ കാണുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഈ ദുരന്തത്തിന്റെ വ്യാപ്തി കാണിക്കുന്നു. വത്തിക്കാനില്‍ ഭൂതോച്ഛാടക വിഭാഗത്തില്‍ അംഗമായ ഫാ. അള്‍ഡോ ബുയോ നൗട്ടോയുടെ വാക്കുകളില്‍, ഹാലോവീന്‍ ഒരു ലളിതമായ ഉത്സവമാണെന്നു പലരും കരുതുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ നിഷ്‌കളങ്കതയുടെയോ ഉല്ലാസത്തിന്റെയോ അര്‍ത്ഥങ്ങള്‍ ഇതിലില്ല. അവയേക്കാളേറെ അപകടം പതിയിരിക്കുന്നതാണ് ഇന്നത്തെ ഹാലോവീന്‍ ആഘോഷങ്ങള്‍.

പാശ്ചാത്യ സംസ്‌കാരം അന്ധമായി അനുകരിക്കുന്ന കൂട്ടത്തില്‍ നമ്മുടെ കുഞ്ഞുങ്ങളും മുതിര്‍ന്നവരും ഈ ചതിക്കുഴിയില്‍ ചാടാതിരിക്കട്ടെ. ഏദന്‍ തോട്ടത്തില്‍ ആദ്യ സ്ത്രീയായ ഹവ്വയ്ക്ക് തോന്നിയതുപോലെ ഇത് ‘ആസ്വാദ്യവും കണ്ണിനു കൗതുകകരവും അറിവേകാന്‍ കഴിയുന്നതിനാല്‍ അഭികാമ്യവും (ഉല്‍പ്പത്തി 3:6) ആണെന്ന് ആരും വെറുതെ തെറ്റിദ്ധരിക്കരുതേ. ദൈവിക കാര്യങ്ങള്‍ കൂടുതലായി മനസിലാക്കുവാനും വിശുദ്ധരെ കൂടുതലായി പരിചയപ്പെടുവാനും അവരെ ജീവിതത്തിലനുഗമിക്കുവാനുള്ള ആഗ്രഹത്തിന്റെ പ്രകടനമായി അവരെപ്പോലെ വേഷം കെട്ടാനും നമ്മുടെ യുവതലമുറയെ നമുക്ക് പ്രേരിപ്പിക്കാം. ഹാലോവീനിന് പകരം ‘ഹോളിവീന്‍’ സംഘടിപ്പിച്ച സെഹിയോന്‍ യുകെയുടെ പ്രവര്‍ത്തനം മാതൃകാപരവും അഭിനന്ദനീയവുമത്രേ! ഈ വരുന്ന ആഴ്ചകളില്‍ നമ്മുടെ സണ്‍ഡേ സ്‌കൂള്‍, വേദപഠന ക്ലാസുകളില്‍ കുഞ്ഞുങ്ങള്‍ക്ക് ഈ ചിന്തകള്‍ പകര്‍ന്നു നല്‍കാം.

എല്ലാ നല്ല ആഘോഷങ്ങളുടെയും കാതല്‍ തിന്മയുടെ മേല്‍ നന്മ നേടുന്ന വിജയമാണ്. ഇക്കഴിഞ്ഞ ദീപാവലി തന്നെ ഏറ്റവും നല്ല ഉദാഹരണം. ഇനി മുതല്‍ ഹാലോവീന്‍ ആഘോഷവും നന്മയുടെയും ദൈവികതയുടെയും പ്രകാശനമാകട്ടെ. ഇപ്പോഴത്തെ ഹാലോവീന്‍ ആഘോഷങ്ങള്‍ ഒക്ടോബര്‍ 31 രാത്രിയിലെ ചില അശുഭ വേഷംകെട്ടലുകള്‍ മാത്രമാണ്. ആഘോഷങ്ങള്‍ അവിടെ നില്‍ക്കാതെ ഇരുട്ടിന്റെ പടി കടന്ന് നവംബര്‍ 1ന്റെ എല്ലാ വിശുദ്ധരെയും അനുസ്മരിക്കുന്ന നന്മയുടെ പ്രഭാതത്തിലേയ്ക്കും വെളിച്ചത്തിന്റെ സന്തോഷത്തിലേയ്ക്കും വരട്ടെ. വി. അഗസ്റ്റിന്റെ മാനസാന്തരത്തിന് വെളിച്ചം നല്‍കിയ തിരുവചനം നമ്മുടെ മനസുകളെയും പ്രകാശിപ്പിക്കട്ടെ. ”രാത്രി കഴിയാറായി, പകല്‍ സമീപിച്ചിരിക്കുന്നു; ആകയാല്‍ നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം പകലിനു യോജിച്ച വിധം നമുക്ക് പെരുമാറാം. (റോമാ 13: 12-13).

തിന്മയുടെ ആടകള്‍ മാറ്റിവച്ച് വിശുദ്ധരുടെയും ദൈവത്തിന്റെയും കരം പിടിച്ച് ഹൃദയത്തില്‍ നന്മനിറച്ച് ഈ ഹാലോവീന്‍ നമുക്ക് ആഘോഷിക്കാം. അര്‍ത്ഥമറിഞ്ഞുള്ള ഈ ആഘോഷം നമ്മെ ദൈവത്തിന്റെയും വിശുദ്ധരുടെയും കൂട്ടുകാരാക്കി മാറ്റട്ടെ.

നന്മയും സന്തോഷവും നിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു. ഫാ.ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.