വാഗമൺ കുരിശുമലയിലേക്ക് ഭക്തിപൂർവ്വം ഒരു യാത്ര ഈരാറ്റുപേട്ട ടൗണിൽ നിന്നും 24 കിലോമീറ്ററുണ്ട് കുരിശുമലയിലേയ്ക്ക്. വിശ്വസികളുടെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണിത്. കുരിശുമല ആശ്രമവും ഡയറി ഫാമുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ആത്മീയതയുമായി ബന്ധപ്പെട്ടല്ലാതെ എത്തുന്നവര്‍ക്കും പ്രിയപ്പെട്ട സ്ഥലമാണ് കുരിശുമല. പ്രകൃതി രമണീയതയാണ് ഈ മലനിരകളെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. തേയിലത്തോട്ടങ്ങളും കാടുമെല്ലാം ചേര്‍ന്ന് അവാച്യമായ അനുഭൂതിയാണ് സഞ്ചാരികളിലുണ്ടാക്കുക.

കുരിശുമലയില്‍ നിന്നുനോക്കിയാല്‍ മുരുകന്‍ പാറയുടെ കാഴ്ചയും കാണാം. കുരിശുമലയുടെ മുകളിലേയ്ക്ക് പോകുന്ന വഴിയില്‍ യൂറോപ്യന്‍ മാതൃകയില്‍ നിര്‍മ്മിച്ച പഴയൊരു കെട്ടിടം കാണാം. ഇതിന് പിന്നിലാണ് മനുഷ്യനിര്‍മ്മിതമായ ഒരു തടാകവുമുണ്ട്. പ്രമുഖ വാസ്തുശില്‍പിയായിരുന്ന ലാറി ബക്കര്‍ നിര്‍മ്മിച്ചതാണ് ഈ കെട്ടിടവും തടാകവും.

കുരിശുമലയെന്നുപേരുള്ള മലയ്ക്ക് മുകളിലാണ് ഈ ആശ്രമം.  കത്തോലിക്കര്‍ക്കും ഗാന്ധിയന്‍തത്വങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് ഈ ആശ്രമം. എല്ലാ മതവിഭാഗങ്ങളില്‍ നിന്നുള്ളവരും ഈ ആശ്രമം കാണാനെത്താറുണ്ട്. ദുഖവെള്ളിയാഴ്ചയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ദിവസം. ഈ ദിവസം വിശ്വാസികള്‍ കൂറ്റന്‍ മരക്കുരിശുമേന്തി ഈശോ മിശിഹയുടെ ക്രൂശിത ദിവസത്തിന്റെ വേദനസ്വയം ഏറ്റുവാങ്ങുന്നതായി സങ്കല്‍പ്പിച്ച് ദീര്‍ഘദൂരം കാല്‍നടയായി മലകയറാറുണ്ട്.

പട്ടിണിയില്‍ക്കഴിയുന്ന അനേകം പാവപ്പെട്ടയാളുകള്‍ക്കുള്ള ഭക്ഷണവും മറ്റും ദിവസേന ആശ്രമത്തില്‍ നിന്നും കൊണ്ടുപോകുന്നുണ്ട്. അന്തേവാസികളും സന്ദര്‍ശകരും ഭക്ഷണം പാഴാക്കുന്നത് ഇവിടെ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ആശ്രമത്തില്‍ വലിയൊരു പ്രാര്‍ത്ഥനാ ഹാളുണ്ട്. ഇവിടെ ആളുകള്‍ പ്രാര്‍ഥിയ്ക്കുന്നതും ധ്യാനിയ്ക്കുന്നതും കാണാം. ആശ്രമത്തോടുചേര്‍ന്നുള്ള ഫാമില്‍ ദിവസേന 1500 ലിറ്റല്‍ പാലാണ് ഉല്‍പാദിപ്പിയ്ക്കുന്നത്.

കുരിശുമലയില്‍ പന്ത്രണ്ടോളം ചെറുകുന്നുകളുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ഉയരം കൂടിയ കുന്നാണ് റെസ്ുറക്ഷന്‍ ഗാരന്‍ഡന്‍. ആത്മീയകേന്ദ്രമെന്നകാര്യം മാറ്റിനിര്‍ത്തിയാലും കുരിശുമല സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്, ഇവിടുത്തെ പ്രകൃതിഭംഗിതന്നെയാണ് ഇതിന് കാരണം.

കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ കുരിശിന്റെ വഴി തീര്‍ത്ഥാടന കേന്ദ്രമാണ് വാഗമണ്ണിലെ കുരിശുമല. ദു:ഖവെള്ളിയാഴ്ചയും വലിയ നോയമ്പ് കഴിഞ്ഞുള്ള പുതുഞായറാഴ്ചയും ലക്ഷക്കണക്കിന് വിശ്വാസികളാണ് കുരിശിന്റെ വഴിയില്‍ പങ്കെടുക്കാനായി ഇവിടെ എത്തിച്ചേരുന്നത്. പാലായില്‍ നിന്നും ഭരണങ്ങാനം-ഈരാറ്റുപേട്ട-തീക്കോയി-വെള്ളികുളം വഴിയാണ് കുരിശുമലയില്‍ എത്തുവാന്‍ സാധിക്കുക. പാലായില്‍ നിന്നും 37.7 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

സീറോ മലങ്കര കത്തോലിക്ക ചര്‍ച്ചിന്റെ കീഴിലാണ് കുരിശുമല ആശ്രമം ഉള്ളത്. മലയുടെ മുകളിലെ അതിമനോഹരമായ ഭൂപ്രകൃതിയില്‍ സ്ഥിതി ചെയ്യുന്ന ആശ്രമം വാഗമണ്‍ സന്ദര്‍ശകരുടെ പ്രിയ സ്ഥലം കൂടിയാണ്.

മുന്‍പ് പല തവണ ഇന്നേ ദിവസം ഇവിടെ പോയപ്പോഴും, പ്രായം കൂടും തോറും നമ്മുടെ ഉള്ളിലെ വിശ്വസവും കൂടി കൂടി വരും. വാഗമൺ പോകാറുള്ള എല്ലാ യാത്രികരും
കണ്ടുമടങ്ങാറുള്ള വാഗമണ്‍ മീടോസും(മൊട്ട കുന്നുകള്‍) പൈന്‍ ഫോറെസ്റും
സൂയിസൈഡ് പൊയന്റും ആയിരിക്കുമല്ലോ. എന്നാല്‍ വിശ്വസികൾക്ക് പോകാൻ പറ്റി കുരിശുമല വാഗമണിലെ ഏറ്റവും സുന്ദരമായ സ്ഥലം…
വാഗമണ്‍ പോകുന്നവര്‍ കുരിശുമല കയറാതെ തിരിച്ചു പോകരുതെന്നെ എനിക്ക് പറയാനുള്ളൂ.
കാരണം വാഗമണിലെ സുഖശീതളമായ കാറ്റും തണുപ്പും ഏറ്റവും അനുഭവ ഹൃദ്യമാകുന്നത്
ഈ കുന്നുകള്‍ കയറിയെത്തുമ്പോഴാണ്‌.

ഞങ്ങൾ സംഘം ബന്ധുക്ക വീട്ടിൽ നിന്നും രാവിലെ ഒൻപതു മണിയോടെ യാത്ര ആരംഭിച്ചു ഈരാറ്റുപേട്ട തീക്കോയി വാഗമൺ റൂട്ടിൽ സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷുകാർ പണികഴിപ്പിച്ച പാത. അന്ന് പാറകൾ തുരന്നു പണിത റോഡിൽ നിന്നും ഭാഗികമായി ചെറിയ മാറ്റങ്ങൾ വരുത്തിയതൊഴിച്ചാൽ അതെ വീതിയിൽ വലിയ ഒരു വാഹനം വന്നാൽ പലയിടത്തും കഷ്ടി ഒരു വാഹനം കടന്നു പോകാനുള്ള വീഥി മാത്രം ഈരാറ്റുപേട്ടയിൽ നിന്നും വാഗ്മണിലേക്കുള്ള ഇന്നേ ദിവസത്തെ തിരക്കുള്ള യാത്രയിൽ പലയിടത്തും ട്രാഫിക്ക് ബ്ലോക്കിൽ പെട്ട് ഞങ്ങളുടേത് ഉൾപ്പെട വാഹനങ്ങൾ നിരയായി കിടന്നു

വാഗമണ്‍ സിറ്റിയില്‍ നിന്നും 15 മിനിറ്റ് യാത്ര ചെയ്‌താല്‍ നമ്മെ സ്വാഗതം ചെയ്യുന്നത്
കുരിശുമലയിലേക്കുള്ള കവാടമാണ്. വലത്തോട്ട് തിരിഞ്ഞാല്‍ കുരിശുമാലയിലെക്കുള്ള
യാത്ര തുടങ്ങാം. പോകുന്ന വഴിനീളെ യേശുദേവന്റെ “കുരിശിന്റെ വഴിയിലെ” പ്രസിദ്ധങ്ങളായ
“14 സ്ഥലങ്ങള്‍” സ്മരിക്കുന്ന നിര്‍മ്മിതികള്‍ കാണാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞങ്ങൾ മറ്റു പല സംഘത്തിനൊപ്പം മലകയറ്റം ആരംഭിച്ചു കാനനപാതയിൽ കുരിശിന്റെ വഴി ചൊല്ലിയുള്ള യാത്ര.കൈകുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെ ആയിരക്കണക്കിന് നന്നാമത വിശ്വസികൾ മലകയറുകയും ഇറങ്ങുകയും ചെയുന്നു.കഴിഞ്ഞ ദിവസങ്ങൾ പെയ്ത ശക്തമായ മഴ മൂലം യാത്രയിൽ തണുത്ത കാറ്റും കോടയും നമ്മളെ തട്ടി തഴുകി പോകുന്നതിനാൽ മലകയറ്റം ആർക്കും ഒരു മടുപ്പും ഉണ്ടാകില്ല. കൈ കുഞ്ഞുങ്ങളുമായി മലകയറുന്നവർ,സന്ന്യാസി സന്യാസിനികൾ കുഞ്ഞുകുട്ടികൾ എല്ലാവരും ഭക്തി നിർഭലമായി കുരിശിന്റെ വഴി ചൊല്ലി മലമുകളിലേക്ക് നടന്നു കയറുമ്പോള്‍ വേറൊരു ലോകത്തേക്ക് കയറുകയാണോ എന്ന് തോന്നും.നാല് ദിക്കിലും മേഘാവൃതമായ ആകാശവും അനന്തതയും മാത്രം.

കുരിശുമലയുടെ
ഏറ്റവും മുകളില്‍ എത്തുമ്പോൾ അവിടെ കാണുന്ന കാഴ്ച
വാക്കുകള്‍ക്കതീതമാണ്. ഭൂമിയുടെ നെറുകയില്‍ കയറി ആകാശത്തെ തൊടാന്‍
ചെന്നെത്തിയ ഒരു കൊച്ചു കുട്ടിയെ പോലെ നമ്മള്‍. കിതച്ചെത്തിയ നമ്മളെ
അവിടുത്തെ കാഴ്ചകള്‍ ശാന്തമാക്കും. ചിന്തകളും മനസ്സും ശാന്തം, ലാളിത്യത്തിന്റെ
പ്രതീകം പോലെ ഒരു ചെറിയ പള്ളി ഏറ്റവും മുകളില്‍, ഉയിര്‍ത്തെഴുന്നെല്‍പ്പിന്റെയും കൂറ്റൻ ഈശോയുടെ മൺ പ്രതിമയും … ആ കൊച്ചു മലമുകളിലെ ജന നിബിഡം. ആ മലമുകളില്‍ നില്‍ക്കുമ്പോള്‍
ഈ അനന്തതയില്‍ മനുഷ്യന്‍ എത്രയോ നിസ്സാരനെന്നു
ദേവാലയത്തിന് മുന്‍പില്‍ ആരോ കത്തിച്ചുവച്ച മെഴുകു തിരികള്‍
വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു…

തുടർന്ന് ഞങ്ങൾ വരിവരിയായി പള്ളിയിലേക്ക് പ്രവേശിച്ചു ഈശോയുടെ രൂപത്തിൽ ചുംബിച്ചു നേര്ച്ച ഇട്ടു മുട്ടിൽമേൽ നിന്ന് പ്രാത്ഥിച്ചു. പിന്നെ നീണ്ട ഒരു നിരയുടെ പിന്നിലേക്ക് അണി നിരന്നു നേര്ച്ച കഞ്ഞി കുടിക്കാൻ വര്ഷങ്ങളായി കുരിശുമല കയറുമ്പോളും ഇന്നേ ദിവസം എവിടുന്നു കുടിക്കുന്ന കഞ്ഞിയുടെ സ്വാദ് മറ്റൊരു ഭക്ഷണത്തിനും കിട്ടില്ലെന്ന്‌ ഓര്ത്തു പോകും. എന്റെ ഒപ്പം കയറിയ എന്റെ ഏഴുവയസ്സുകാരി മകളും അത് സാക്ഷ്യം വയ്ക്കുന്നു. കാരണം വീട്ടിൽ കഞ്ഞി കൊടുത്താൽ അവൾ കഴിക്കാറില്ല…

പ്രകൃതിയുടെ മാസ്മരിക സൗന്ദര്യവും, വാഗമണ്‍ മലനിരയിലെ തണുപ്പും,
സഹ്യന്റെ കവിളിണ തഴുകി വരുന്ന കുളിര്‍ കാറ്റും ഏറ്റുകൊണ്ട് എത്രനേരം വേണമെങ്കിലും
അവിടെ ഇരിക്കാം..

കുരിശുമലയുടെ തുടക്കത്തിൽ ഒരു കൂട്ടം സന്യാസിമാര്‍ താമസിക്കുന്ന ആശ്രമം ഉണ്ട്
ഇവിടം പരിപാലിക്കുന്നതും ഇവരാണ്. ട്രെക്കിംഗ് ഇഷ്ട്ടപ്പെടുന്നവര്‍ക്ക് ഇനിയുമുണ്ട് ഇതുപോലുള്ള ഉയരങ്ങള്‍ ഈ വാഗമണില്‍.ഡിസംബര്‍ ജനുവരി മാസമാണ് വാഗമണ്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. പലരും
ഒരു ദിവസത്തെ യാത്രയില്‍ ഒതുക്കി തിരികെ വരുന്ന ഇടമാണ് ഇവിടെ,
പക്ഷെ ഇനി പോകുമ്പോള്‍ ഒരു രാത്രിയെങ്കിലും അവിടെ താങ്ങണം.
മൊട്ടക്കുന്നുകളും പൈന്‍ മരങ്ങളും മതിവരുവോളം കണ്ട് കുരിശുമലയും കയറി,
തേയില തോട്ടങ്ങളുടെ വശ്യത നുകര്‍ന്ന്
കുളിര്‍കാറ്റില്‍ മഞ്ഞിന്റെ മേമ്പൊടിയില്‍ ഒരുപിടി ദിനങ്ങള്‍ അവിടെ ചിലവിടണം എന്ന സ്വപ്നത്തിൽ ഞങ്ങൾ മലയിറങ്ങി……