ലണ്ടന്‍: ഇനി വിമാനക്കമ്പനികള്‍ സ്ഥിരീകരിക്കുന്നതിനു മുമ്പ് തന്നെ വിമാനങ്ങള്‍ വൈകുന്നത് നമുക്ക് അറിയാം. ഗൂഗിളാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് എന്ന ഈ സെര്‍ച്ച് സംവിധാനത്തിലൂടെ ഇത്തരം വിവരങ്ങള്‍ യാത്രക്കാരുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. വിമാനങ്ങള്‍ വൈകുന്നത്, ടിക്കറ്റ് നിരക്കിലെ കുറവുകളും ഇവയില്‍ സങ്കീര്‍ണ്ണതകളുണ്ടെങ്കില്‍ അവ തുടങ്ങി വിമാനയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഗൂഗിള്‍ ഫ്‌ളൈറ്റ്‌സില്‍ ലഭ്യമാണ്. വ്യോമയാനരംഗത്തെ ഡേറ്റയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നതെന്ന് ഗൂഗിള്‍ അറിയിക്കുന്നു.
എയര്‍ലൈന്‍ കമ്പനികള്‍ ഔദ്യോഗികമായി അറിയിക്കുന്നതിനു മുമ്പ് തന്നെ വിമാനങ്ങള്‍ വൈകുന്ന വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നതാണ് ഈ സെര്‍ച്ച് എന്‍ജിന്റെ ഏറ്റവും വലിയ സവിശേഷത. 80 ശതമാനം കൃത്യതയുള്ള വിവരങ്ങള്‍ മാത്രമായിരിക്കും ഗൂഗിള്‍ നല്‍കുക. അതായത് നിങ്ങള്‍ വിമാനത്താവളത്തില്‍ കൃത്യസമയത്ത് തന്നെ എത്തിയിരിക്കണമെന്ന് സാരം. പക്ഷേ അവിടെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളില്‍ സൂചന നല്‍കാന്‍ ഗൂഗിളിന് കഴിയും. വിമാനം എത്തിച്ചേരാന്‍ വൈകുന്നത് മുതല്‍ കാലാവസ്ഥയുടെ സ്വാധീനം വരെ സര്‍വീസ് വൈകുന്നതിന് കാരണമാകുമോ എന്ന കാര്യം ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് വിശദീകരിക്കും.
ഫ്‌ളൈറ്റ് നമ്പര്‍ നല്‍കി നിങ്ങള്‍ ബുക്ക് ചെയ്ത ഫ്‌ളൈറ്റിന്റെ സ്റ്റാറ്റസ്, റൂട്ട് വിവരങ്ങള്‍ എന്നിവ അറിയാം. ഇവയ്‌ക്കൊപ്പം വിമാനം താമസിച്ചാല്‍ അതിന്റെ വിവരങ്ങളും ലഭിക്കും. അടിസ്ഥാന ഇക്കോണമി നിരക്കുകളേക്കുറിച്ചുള്ള വിവരങ്ങളും ടിക്കറ്റ് നിരക്കുകളും നല്‍കും. ഇവയില്‍ വിമാനക്കമ്പനികള്‍ വരുത്തിയിരിക്കുന്ന നിയന്ത്രണങ്ങളേക്കുറിച്ചും അറിയാനാകും. സീറ്റുകള്‍ സെലക്ട് ചെയ്യാനുള്ള സൗകര്യം, അഡീഷണല്‍ ബാഗേജ് ഫീസ് തുടങ്ങിയ അടിസ്ഥാന വിവരങ്ങളായിരിക്കും ലഭ്യമായിരിക്കുക.
Leave a Reply